നന്ദുവിന്റെ സഹോദരി(ഇടത്ത്) നന്ദു(വലത്ത്) | Screengrab: Mathrubhumi News
ആലപ്പുഴ: യുവാവ് തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പരാതിയുമായി കുടുംബം. ആലപ്പുഴ പുന്നപ്ര സ്വദേശി നന്ദു(19)വിന്റെ മരണത്തിലാണ് പിതാവും സഹോദരിയും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രാദേശിക ഡി.വൈ.എഫ്.ഐ. നേതാക്കളുടെ ക്രൂരമര്‍ദനവും ഭീഷണിയുമാണ് നന്ദുവിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നും ഡി.വൈ.എഫ്.ഐ.ക്കാര്‍ പിന്തുടര്‍ന്നപ്പോഴാണ് നന്ദു തീവണ്ടിക്ക് മുന്നില്‍ ചാടിയതെന്നും ഇവര്‍ ആരോപിച്ചു. പ്രദേശത്തെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നും നേരത്തെ വധഭീഷണി മുഴക്കിയിട്ടുണ്ടെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.
ഓഗസ്റ്റ് 14-ാം തീയതി വൈകിട്ടാണ് നന്ദു തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഇതിനുമുമ്പ് സഹോദരി വിളിച്ചപ്പോള്‍ മുന്ന, ഫൈസല്‍ എന്നിവര്‍ തന്നെ മര്‍ദിച്ചതായും താന്‍ തീവണ്ടിക്ക് മുന്നില്‍ ചാടാന്‍ പോവുകയാണെന്നും നന്ദു പറഞ്ഞിരുന്നു. ഈ സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.
ഫോണ്‍ സംഭാഷണം ഇങ്ങനെ:-
സഹോദരി: എവിടേയാടാ..
നന്ദു: ഞാന്‍ ദേ പറവൂര്..
സഹോദരി: നീ കുറേനേരമായി പറവൂരാണെന്ന് പറയന്നുണ്ടല്ലോ, നീ വീട്ടില്‍ വരാത്തത് എന്താടാ
നന്ദു: എന്തായാലും നാളെ രാവിലെ അറിയാം...
സഹോദരി: എന്ത് അറിയാന്ന്...
നന്ദു: എനിക്കിട്ട് ഇടിച്ചവന്മാര് നാളെ രാവിലെ വീട്ടില്‍ വരും.
സഹോദരി: നിനക്കിട്ട് ഇടിച്ചവന്മാരോ, ആര് ഇടിച്ച് നിന്നെ
നന്ദു: മുന്നയും ഇടിച്ച് ഫൈസലാപ്പയും ഇടിച്ച്
സഹോദരി: നിന്നെ മുന്നയും ഫൈസലാപ്പയും ഇടിച്ചോ, അവന്മാരുള്ളതിന് നീ പൊയ്ക്കളഞ്ഞിട്ട് കാര്യമെന്താ
നന്ദു: ശരി എന്നാ ബൈ
സഹോദരി: എടാ നന്ദൂ, നീ ഇങ്ങോട്ട് വാ നന്ദൂ
നന്ദു: ദേ ഞാന്‍ പറവൂരുണ്ടന്നേ, നാളെ രാവിലെ വരാന്നേ. ഞാന്‍ കറക്ടായി പറഞ്ഞാല്‍ വണ്ടാനത്തുണ്ട്. ട്രെയിന്‍ വരുന്നുണ്ട്, ശരി എന്നാല്‍
സഹോദരി: നിന്റെ കൂടെ ആരൊക്കെയുണ്ട്
നന്ദു: ഞാന്‍ ഒറ്റയ്ക്കുള്ളൂ
സഹോദരി: എടാ നന്ദൂ നീ ഇങ്ങോട്ട് വാടാ, ഞാനല്ലേ വിളിക്കുന്നേ
നന്ദു: എനിക്ക് വരണമെന്ന് ആഗ്രഹമുണ്ട്, ഇവന്മാരുടെ കൈ മേത്ത് വെച്ചുപോയി. ശരി എന്നാ, ദേ ട്രെയിന്‍ വന്നു. ചാടട്ടെ...ശരി അക്കെ ബൈ..
''നന്ദുവിനെ കുറേ ഉപദ്രവിച്ചു. അതിന് ശേഷം ഇവിടെ വന്ന് ഭീഷണിപ്പെടുത്തി. നന്ദുവിനെ കൊല്ലും, ഇനി അഞ്ചുപേരെ കൊല്ലാനുണ്ട് എന്നൊക്കെയാണ് പറഞ്ഞിരുന്നത്. അവര്‍ ഭരിക്കുന്ന കാലം വരെ അവര്‍ എല്ലാവരെയും കൊല്ലുമെന്നാണ് പറഞ്ഞിരിക്കുന്നത്. നന്ദുവിന് ഇതല്ല കിട്ടേണ്ടത്, ഇതിനപ്പുറം കിട്ടണമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ഇവിടെ വന്ന് പറഞ്ഞത്. അതിനുള്ള കാരണം എന്താണെന്ന് ഞങ്ങള്‍ക്ക് അറിയില്ല.
ഫൈസലും മുന്നയുമാണ് നന്ദുവിനെ മര്‍ദിച്ചത്. നിതിന്‍, കുട്ടച്ചന്‍, സുമേഷ്, വിഷ്ണു, ഇക്രു എന്നിവരടങ്ങിയ ഡിവൈഎഫ്‌ഐ സംഘമാണ് വാളുമായി വന്ന് വീട്ടിലെത്തി വെല്ലുവിളിച്ചത്. തീവണ്ടിക്ക് മുന്നില്‍ ചാടുമ്പോള്‍ അവന്റെ പിറകെ മൂന്നുപേരുണ്ടായിരുന്നതായി കണ്ടുനിന്നവര്‍ പറയുന്നു. സീവാള്‍ ബോയ്‌സ് എന്ന പേരിലുള്ള ക്ലബിലുള്ളതെല്ലാം ഡിവൈഎഫ്‌ഐയുടെ തലപ്പത്തിരിക്കുന്നവരാണ്. അവരെല്ലാം കഞ്ചാവടിച്ച് നടക്കുന്ന പിള്ളേരാണ്''- സഹോദരി ആരോപിച്ചു.
പ്രദേശത്തെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേ ഗുരുതരമായ ആരോപണമാണ് നന്ദുവിന്റെ കുടുംബവും നാട്ടുകാരും ഉന്നയിക്കുന്നത്. പാര്‍ട്ടിയില്‍ നില്‍ക്കാത്ത ചെറുപ്പക്കാരെ ഉപദ്രവിക്കുന്നത് പതിവാണെന്നും പോലീസ് ഇവര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം. അതിനിടെ, ദിവസങ്ങള്‍ക്ക് മുമ്പ് നന്ദുവിനെ റോഡിലിട്ട് മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നന്ദുവിന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും ആവശ്യം.
അതേസമയം, നന്ദുവിന്റെ ആത്മഹത്യയില്‍ ഡി.വൈ.എഫ്.ഐ.യും വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. നന്ദുവിനെ മര്‍ദിച്ചവര്‍ക്ക് ഡി.വൈ.എഫ്.ഐ.യുമായി ബന്ധമില്ലെന്ന് ജില്ലാ പ്രസിഡന്റ് ആര്‍. രാഹുല്‍ പറഞ്ഞു. നന്ദുവിനെ മര്‍ദിച്ചവരെ എന്തുകൊണ്ടാണ് പോലീസ് കസ്റ്റഡിയിലെടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: alappuzha punnapra nandu suicide case allegations against local dyfi leaders
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..