റെനീസും നജ്ലയും കുട്ടികളും | Screengrab: മാതൃഭൂമി ന്യൂസ്
ആലപ്പുഴ: പോലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ പോലീസുകാരനെതിരേ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി അന്വേഷണസംഘം. മരിച്ച നജ്ലയുടെ ഭര്‍ത്താവും അമ്പലപ്പുഴ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറുമായിരുന്ന റെനീസിനെതിരെയാണ് നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചത്. ഇയാള്‍ പോലീസ് ജോലിക്കൊപ്പം വട്ടിപ്പലിശയ്ക്ക് പണം വായ്പ നല്‍കിയതിന്റെ രേഖകള്‍ അന്വേഷണസംഘം കണ്ടെടുത്തു.
റെനീസിന്റെ അമ്പലപ്പുഴയിലെ ബന്ധുവീട്ടില്‍നിന്നാണ് പണം പലിശയ്ക്ക് നല്‍കിയതിന്റെ രേഖകളും ഭൂമി ഇടപാടുകള്‍ സംബന്ധിച്ച രേഖകളും അന്വേഷണസംഘം കണ്ടെടുത്തത്. നജ്ലയുടേതെന്ന് സംശയിക്കുന്ന സ്വര്‍ണാഭരണങ്ങള്‍, ഭൂമി ഇടപാടുകളുടെ രേഖകള്‍, പണം പലിശയ്ക്ക് നല്‍കിയവരുടെ വിവരങ്ങള്‍ തുടങ്ങിയവയാണ് പരിശോധനയില്‍ ലഭിച്ചത്.
വട്ടിപ്പലിശയ്ക്ക് പണം നല്‍കാനായാണ് റെനീസ് കൂടുതല്‍ സ്ത്രീധനം ചോദിച്ച് നജ്ലയെ ഉപദ്രവിച്ചിരുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. നേരത്തെ റെനീസിനെതിരേയും ഇയാളുടെ ബന്ധുക്കള്‍ക്കെതിരേയും നജ്ലയുടെ കുടുംബം മൊഴി നല്‍കിയിരുന്നു. നജ്ലയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതില്‍ റെനീസിന്റെ ബന്ധുക്കള്‍ക്കും പങ്കുണ്ടെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. അതേസമയം, നിലവില്‍ കസ്റ്റഡിയിലുള്ള റെനീസിനെ ശനിയാഴ്ച വൈകിട്ടോടെ കോടതിയില്‍ തിരികെ ഹാജരാക്കും.
മേയ് പത്താം തീയതി രാവിലെയാണ് ആലപ്പുഴയിലെ പോലീസ് ക്വാര്‍ട്ടേഴ്സില്‍ നജ്ലയെയും മക്കളായ ടിപ്പുസുല്‍ത്താന്‍ (അഞ്ച്) മലാല (ഒന്നര) എന്നിവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ടിപ്പുസുല്‍ത്താനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലും മകളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നനിലയിലുമാണ് കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയ ശേഷം നജ്ലയും ജീവനൊടുക്കുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..