
റെനീസും നജ്ലയും കുട്ടികളും | Screengrab: മാതൃഭൂമി ന്യൂസ്
ആലപ്പുഴ: മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയത് ഭര്‍ത്താവായ പോലീസുകാരന്റെ നിരന്തര പീഡനത്തെത്തുടര്‍ന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊല്ലം കുണ്ടറ സ്വദേശിനി നജ്ല(27) മക്കളായ ടിപ്പുസുല്‍ത്താന്‍(അഞ്ച്) മലാല(ഒന്നര) എന്നിവരുടെ മരണത്തിലാണ് നജ്ലയുടെ ഭര്‍ത്താവും അമ്പലപ്പുഴ സ്റ്റേഷനിലെ സി.പി.ഒ.യുമായിരുന്ന റെനീസിനെതിരേ പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇയാളെ വിശദമായി ചോദ്യംചെയ്യാനായി പോലീസ് തിങ്കളാഴ്ച കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.
40 പവന് സ്വര്‍ണവും പത്ത് ലക്ഷം രൂപയും സ്ത്രീധനം വാങ്ങിയാണ് റെനീസ് നജ്ലയെ വിവാഹം കഴിച്ചിരുന്നത്. വിവാഹശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് 20 ലക്ഷം രൂപ കൂടി നജ്ലയുടെ കുടുംബം നല്കി. എന്നാല്‍ ഇതിനുശേഷവും കൂടുതല്‍ പണം ചോദിച്ച് റെനീസ് ഭാര്യയെ പീഡിപ്പിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. പണം ചോദിച്ച് പീഡനം തുടര്‍ന്നതിനൊപ്പം ഇയാള്‍ നജ്ലയെ കൊല്ലത്തെ വീട്ടിലേക്ക് പറഞ്ഞുവിടുന്ന സാഹചര്യവുമുണ്ടായി.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍നിന്ന് ഭാര്യയെ ഇയാള്‍ വിലക്കിയിരുന്നു. മാത്രമല്ല, റെനീസ് മറ്റുപല സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്വന്തം ബന്ധത്തില്‍പ്പെട്ട മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ റെനീസിന് ആഗ്രഹമുണ്ടായിരുന്നു. ഇതിനുവേണ്ടി നജ്ലയെ എങ്ങനെയെങ്കിലും ഒഴിവാക്കാനായിരുന്നു ഇയാളുടെ ശ്രമം. തന്റെ ജീവിതത്തില്‍നിന്ന് മാറിത്തരണമെന്ന് ഇയാള്‍ നജ്ലയോട് ആവശ്യപ്പെട്ടിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
നജ്ലയുടെയും മക്കളുടെയും മരണത്തിന് പിന്നാലെ പോലീസ് റെനീസിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഫോണ്‍രേഖകളടക്കം പരിശോധിക്കുകയും സഹപ്രവര്‍ത്തകരില്‍നിന്നും ബന്ധുക്കളില്‍നിന്നും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ആലപ്പുഴ ഡി.സി.ആര്.ബി. ഡിവൈ.എസ്.പിയ്ക്കാണ് കേസിന്റെ അന്വേഷണച്ചുമതല. കേസില്‍ പ്രതിയെ ഇനിയും ചോദ്യംചെയ്യേണ്ടതിനാലാണ് അന്വേഷണസംഘം തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..