നക്ഷത്ര, ശ്രീമഹേഷ്
ആലപ്പുഴ: നാടിനെയാകെ കണ്ണീരിലാഴ്ത്തി കുഞ്ഞ് നക്ഷത്രയുടെ ദാരുണ കൊലപാതകം. ആറുവയസ്സുള്ള മകളെ അച്ഛന്‍ വെട്ടിക്കൊന്ന വിവരമറിഞ്ഞതോടെ പുന്നമൂട് ഗ്രാമം നടുങ്ങി. വാര്‍ത്ത കേട്ടവരെല്ലാം കനത്ത മഴ പോലും വകവയ്ക്കാതെ പുന്നമൂട് ജങ്ഷന് കിഴക്കുള്ള ആനക്കൂട്ടില്‍ വീട്ടിലേക്ക് ഒഴുക്കിയെത്തി. അതുവരെ വീട്ടില്‍ കളിച്ചുചിരിച്ച് നടന്നിരുന്ന ആറുവയസ്സുകാരിയുടെ ചോരയില്‍ കുളിച്ച ശരീരം കണ്ട് പലരും വാവിട്ട് കരഞ്ഞു.
ബുധനാഴ്ച രാത്രി ഏഴരയോടെയാണ് ആനക്കൂട്ടില്‍ ശ്രീമഹേഷ്(38) മകള്‍ നക്ഷത്രയെ അതിക്രൂരമായി വെട്ടിക്കൊന്നത്. മഴു ഉപയോഗിച്ച് ആറുവയസ്സുകാരിയുടെ കഴുത്തിനാണ് വെട്ടിയത്. വീട്ടില്‍നിന്നുള്ള ബഹളംകേട്ട് തൊട്ടടുത്ത സഹോദരിയുടെ വീട്ടില്‍ താമസിക്കുന്ന ശ്രീമഹേഷിന്റെ അമ്മ സുനന്ദ ഓടിയെത്തിയെങ്കിലും നക്ഷത്രയെ രക്ഷിക്കാനായില്ല. സുനന്ദ വീട്ടിലെത്തിയപ്പോള്‍ സോഫയില്‍ വെട്ടേറ്റ് കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. നിലവിളിച്ച് കൊണ്ട് വീടിന് പുറത്തേക്കോടിയ സുനന്ദയെയും മഹേഷ് ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്കാണ് വെട്ടേറ്റത്. ഓടിക്കൂടിയ നാട്ടുകാരെ അക്രമിക്കാനും ശ്രമമുണ്ടായി. ഒടുവില്‍ വിവരമറിഞ്ഞെത്തിയ വന്‍ പോലീസ് സംഘമാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. കൈയ്ക്ക് വെട്ടേറ്റ സുനന്ദയെ ആശുപത്രിയിലേക്കും മാറ്റി.
ഭാര്യ വിദ്യയുടെ മരണശേഷം മഹേഷും നക്ഷത്രയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവര്‍ഷം മുന്‍പാണ് ജീവനൊടുക്കിയത്. കുടുംബവഴക്കിനിടെ മുറിയില്‍ കയറി വാതിലടച്ച വിദ്യ പിന്നീട് തൂങ്ങിമരിക്കുകയായിരുന്നു. ഈ സംഭവത്തില്‍ മറ്റുദുരൂഹതകളില്ലെന്നാണ് പറയുന്നത്.
നേരത്തെ വിദേശത്തായിരുന്ന മഹേഷ് അച്ഛന്റെ മരണത്തോടെയാണ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. അധികം സൗഹൃദങ്ങളില്ലാത്ത തീര്‍ത്തും ഒറ്റപ്പെട്ട ജീവിതമായിരുന്നു മഹേഷിന്റേതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മുന്‍ സൈനികനായ അച്ഛന്റെയും റിട്ട. നഴ്‌സിങ് സൂപ്രണ്ടായ അമ്മയുടെയും പെന്‍ഷന്‍ തുകയായിരുന്നു മഹേഷിന് ജീവിതച്ചെലവിനുണ്ടായിരുന്നത്. സാമ്പത്തികമായി പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അമ്മയുടെ എ.ടി.എം. കാര്‍ഡുകള്‍ ഉപയോഗിച്ചതും ഇയാളായിരുന്നു.
അടുത്തിടെ ഒരു പോലീസ് ഉദ്യോഗസ്ഥയുമായി മഹേഷിന് വിവാഹം ആലോചിച്ചിരുന്നു. ഇതിനുശേഷം പതിവായി പോലീസുകാരിയുടെ വീട്ടിലെത്തി ഇയാള്‍ ശല്യമുണ്ടാക്കിയിരുന്നു. ഇതോടെ പെണ്‍വീട്ടുകാര്‍ വിവാഹത്തില്‍നിന്ന് പിന്മാറുകയും മഹേഷിന്റെ ശല്യംചെയ്യലിനെതിരേ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
നക്ഷത്രയെ മഹേഷ് നേരത്തെ ഉപദ്രവിച്ചിരുന്നതായി ആര്‍ക്കും പരാതിയില്ല. മകളെ ഉപദ്രവിക്കുന്നതൊന്നും ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു അയല്‍ക്കാരുടെ പ്രതികരണം. മുള്ളിക്കുളങ്ങര എല്‍.പി. സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന നക്ഷത്രയുമായി മഹേഷ് വൈകുന്നേരങ്ങളില്‍ പുറത്തുപോകുന്നതെല്ലാം പതിവായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
അതേസമയം, നക്ഷത്ര അമ്മവീട്ടില്‍ പോകണമെന്ന് ശാഠ്യംപിടിച്ചതാണ് മഹേഷിനെ കഴിഞ്ഞദിവസം പ്രകോപിപ്പിച്ചതെന്നാണ് പോലീസ് നല്‍കുന്നപ്രാഥമികവിവരം. വിദ്യയുടെ മാതാപിതാക്കളെ കാണാന്‍ പോകണമെന്ന് പറഞ്ഞാണ് നക്ഷത്ര ശാഠ്യംപിടിച്ചിരുന്നത്. ഇതിലുണ്ടായ പ്രകോപനമാകാം കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്.
Content Highlights: alappuzha mavelikkara six year old nakshtra brutally killed by her father mahesh


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..