നക്ഷത്ര, മഹേഷ്
മാവേലിക്കര: ആറുവയസ്സുകാരിയെ അച്ഛൻ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയാണു കൊല്ലപ്പെട്ടത്. അച്ഛൻ ശ്രീമഹേഷിനെ(38) പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ ശ്രീമഹേഷിന്റെ അമ്മ സുനന്ദയ്ക്ക്(62) കൈക്കു വെട്ടേറ്റു. സുനന്ദ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി ഏഴരയോടെയാണു സംഭവം.
ശ്രീമഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന സുനന്ദ ബഹളംകേട്ട് ഓടിച്ചെല്ലുമ്പോൾ സോഫയിൽ നക്ഷത്ര വെട്ടേറ്റു കിടക്കുന്നതാണു കണ്ടത്. നിലവിളിച്ചുകൊണ്ട് സുനന്ദ പുറത്തേക്കോടിയപ്പോൾ ശ്രീമഹേഷ് പിന്തുടർന്ന് ആക്രമിച്ചു. ബഹളംകേട്ട് ഓടിയെത്തിയ അയൽവാസികളെ ശ്രീമഹേഷ് മഴുകാട്ടി ആക്രമിക്കാനും ശ്രമിച്ചു. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവർഷംമുൻപ് ആത്മഹത്യ ചെയ്തിരുന്നു. അതിനുശേഷം ശ്രീമഹേഷും മകളും മാത്രമാണു വീട്ടിലുണ്ടായിരുന്നത്.
വിദ്യയുടെ മാതാപിതാക്കളെ കാണാൻ പോകണമെന്നുപറഞ്ഞ് നക്ഷത്ര ശാഠ്യംപിടിക്കുമായിരുന്നു. ഇതേത്തുടർന്നു പെട്ടെന്നുണ്ടായ പ്രകോപനമാകാം കൊലപാതക കാരണമെന്നു പോലീസ് പറഞ്ഞു.
ശ്രീമഹേഷ് വിദേശത്തായിരുന്നു. അച്ഛൻ ശ്രീമുകുന്ദൻ തീവണ്ടിതട്ടി മരിച്ചതിനുശേഷമാണു നാട്ടിലെത്തിയത്. ശ്രീമഹേഷിന്റെ രണ്ടാംവിവാഹം പോലീസ് ഉദ്യോഗസ്ഥയുമായി ഉറപ്പിച്ചിരുന്നു.
എന്നാൽ, ഇയാളുടെ സ്വഭാവ വൈകൃതത്തെക്കുറിച്ചറിഞ്ഞ പെൺവീട്ടുകാർ അതിൽനിന്നു പിന്മാറിയിരുന്നു. അതിനുശേഷം ശല്യം തുടർന്നതോടെ ശ്രീമഹേഷിനെതിരേ പോലീസ് കേസെടുത്തിരുന്നു. മുള്ളിക്കുളങ്ങര ഗവ. എൽ.പി.എസ്. ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് നക്ഷത്ര. മാവേലിക്കര പോലീസ് അന്വേഷണം തുടങ്ങി.
നക്ഷത്രയുടെ ശവസംസ്കാരം വ്യാഴാഴ്ച അമ്മ വിദ്യയുടെ പത്തിയൂരിലുള്ള വീട്ടുവളപ്പിൽ.
കണ്ണീരായി നക്ഷത്ര... പുന്നമൂട് ഗ്രാമം നടുങ്ങി
മാവേലിക്കര: ആറുവയസ്സുകാരി സ്വന്തം അച്ഛന്റെ കൈകളാൽ വെട്ടേറ്റുമരിച്ച വാർത്തയറിഞ്ഞ് പുന്നമൂട് ഗ്രാമം നടുങ്ങി. പുന്നമൂട് ആനക്കൂട്ടിൽ ശ്രീമഹേഷിന്റെ മകൾ നക്ഷത്രയാണു കൊല്ലപ്പെട്ടത്. കനത്ത മഴയെ വകവെക്കാതെ ജനങ്ങൾ പുന്നമൂട് ജങ്ഷനു കിഴക്കുള്ള ആനക്കൂട്ടിൽ വീട്ടിലേക്ക് ഒഴുകിയെത്തി. വീടിന്റെ സിറ്റൗട്ടിലെ സോഫയിൽ ഒരുവശം ചരിഞ്ഞുകിടക്കുന്ന ചേതനയറ്റ ശരീരം കണ്ട് സ്ത്രീകൾ വാവിട്ടു നിലവിളിച്ചു. വൈകുന്നേരം ജങ്ഷനിലെത്തി മടങ്ങിയ ശ്രീമഹേഷിന്റേത് ക്രുദ്ധമുഖഭാവമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. കൃത്യംകഴിഞ്ഞ് മഴുവുമായി വീടിനു മുന്നിലെ റോഡിൽ നിലയുറപ്പിച്ച ശ്രീമഹേഷിൽനിന്ന് ആക്രമണം ഭയന്ന് പലരും ഒഴിഞ്ഞുമാറിപ്പോകുകയായിരുന്നു. വിവരമറിഞ്ഞ് വൻപോലീസ് സംഘം എത്തിയാണ് കൈക്കു വെട്ടേറ്റ സുനന്ദയെയും ആക്രമണഭീഷണിയുമായി നിലയുറപ്പിച്ചിരുന്ന ശ്രീമഹേഷിനെയും ആശുപത്രിയിലേക്കു മാറ്റിയത്.
നക്ഷത്രയുടെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയതിനുശേഷം പോലീസ് വീടു സീൽചെയ്തു. മെഡിക്കൽ പരിശോധനയ്ക്കുശേഷം മാവേലിക്കര ജില്ലാ ആശുപത്രിയിൽനിന്ന് ശ്രീമഹേഷിനെ പോലീസ് ജീപ്പിലേക്കു കയറ്റാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ തടയാൻ ശ്രമിച്ചു.
Content Highlights: Alappuzha Mavelikkara six year old hacked to death by father reason


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..