ചെങ്ങന്നൂരിലെ ഇരട്ടക്കൊലപാതകം: ഒന്നാംപ്രതിക്ക് തൂക്കുകയര്‍, രണ്ടാംപ്രതിക്ക് മൂന്ന് ജീവപര്യന്തം


പ്രതികളായ ലബിലു ഹസനും ജൂവൽ ഹസനും. ഇൻസെറ്റിൽ കൊല്ലപ്പെട്ട ഏലിക്കുട്ടി ചെറിയാനും എ.പി. ചെറിയാനും

മാവേലിക്കര: ചെങ്ങന്നൂര്‍ കോടുകുളഞ്ഞിയില്‍ വയോധികദമ്പതിമാരെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതിക്ക് വധശിക്ഷയും ഇരട്ട ജീവപര്യന്തവും രണ്ടാംപ്രതിക്ക് മൂന്നു ജീവപര്യന്തവും ശിക്ഷ. മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതി രണ്ട് ജഡ്ജി കെന്നത്ത് ജോര്‍ജാണ് ഉത്തരവിട്ടത്. ഇതിനുപുറമേ ഇരുവരും നാലുലക്ഷം രൂപവീതം പിഴയും അടയ്ക്കണം.

ചെങ്ങന്നൂര്‍ കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടില്‍ എ.പി. ചെറിയാന്‍ (കുഞ്ഞുമോന്‍-76), ഭാര്യ ഏലിക്കുട്ടി ചെറിയാന്‍ (ലില്ലി-68) എന്നിവരാണ് 2019 നവംബര്‍ 11-നു കൊല്ലപ്പെട്ടത്. ബംഗ്ലാദേശ് സ്വദേശികളായ ലബിലു ഹസന്‍ (39), ജൂവല്‍ ഹസന്‍ (24) എന്നിവരാണ് പ്രതികള്‍. ഒന്നാംപ്രതി ലബിലു ഹസനാണ് തൂക്കുകയര്‍. രണ്ടാംപ്രതി ജൂവല്‍ ഹസനെ, കൊലപാതകം നടക്കുമ്പോഴുണ്ടായിരുന്ന പ്രായം കണക്കിലെടുത്ത് വധശിക്ഷയില്‍നിന്ന് ഒഴിവാക്കുകയായിരുന്നു.

രണ്ടു പ്രതികളും കൊലപാതകത്തിനുള്ള ശിക്ഷയ്ക്കുപുറമേ രണ്ടുലക്ഷം വീതം പിഴയടയ്ക്കണം. ഭവനഭേദനത്തിന് ഓരോ ലക്ഷംവീതവും അതിക്രമിച്ചുകടക്കലിന് ഓരോ ലക്ഷംവീതവും പിഴചുമത്തിയിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് പിഴയൊടുക്കുന്ന എട്ടുലക്ഷം രൂപ, കൊല്ലപ്പെട്ട ദമ്പതിമാരുടെ മക്കളായ ബിന്ദു റെജുവിനും ബിപു ചെറിയാനും നല്‍കണം. പിഴത്തുക ഒടുക്കിയില്ലെങ്കില്‍ രണ്ടുവര്‍ഷംവീതം അധികതടവും അനുഭവിക്കണം.

പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 60 സാക്ഷികളെയും പ്രതിഭാഗത്തുനിന്ന് രണ്ടു സാക്ഷികളെയും വിസ്തരിച്ച കേസില്‍ പ്രോസിക്യൂഷന്‍ 92 രേഖകളും 103 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. സോളമന്‍, സരുണ്‍ കെ. ഇടിക്കുള എന്നിവര്‍ ഹാജരായി. ചെങ്ങന്നൂര്‍ ഇന്‍സ്‌പെക്ടറായിരുന്ന സുധിലാലിനായിരുന്നു അന്വേഷണച്ചുമതല. വിധിയറിയാന്‍ ചെറിയാന്റെയും ഏലിക്കുട്ടിയുടെയും മകന്‍ ബിപുവും ബന്ധുക്കളും അന്വേഷണ ഉദ്യോഗസ്ഥരും കോടതിയിലെത്തിയിരുന്നു.

ക്രൂരമെന്ന് കോടതി

മാവേലിക്കര: വയോധികദമ്പതിമാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഏലിക്കുട്ടിയുടെ കൊലപാതകം ഏറ്റവും ക്രൂരവും പ്രാകൃതവുമായ രീതിയിലായിരുന്നുവെന്ന് മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതി രണ്ട് ജഡ്ജി കെന്നത്ത് ജോര്‍ജ് നിരീക്ഷിച്ചു.

മണ്‍വെട്ടി ഉപയോഗിച്ചു പറമ്പുകിളയ്ക്കുന്നതു പോലെയാണ് ഏലിക്കുട്ടിയുടെ മുഖം വെട്ടിപ്പൊളിച്ചത്. അതിക്രൂരമായ മനസ്സുള്ള ഒരാള്‍ക്കേ ഇത്ര ക്രൂരമായി ഒരാളെ കൊലപ്പെടുത്താന്‍ കഴിയൂ. അണുകുടുംബങ്ങള്‍ക്കുള്ള ഒരു സന്ദേശമാകണം വിധി. മക്കള്‍ വിദേശത്തും പ്രായമായ മാതാപിതാക്കള്‍ നാട്ടില്‍ തനിച്ചും കഴിയുന്ന ഇത്തരം ധാരാളം കുടുംബങ്ങളുണ്ട്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും ഈ വിധി ഒരു സന്ദേശമാണ്.

പ്രതികള്‍ ഇന്ത്യയിലെത്തിയത് 2019 ഒക്ടോബര്‍ 30-നാണ്. 12 ദിവസത്തിനുള്ളിലാണ് കൊലപാതകം നടത്തിയത്. ആദ്യം കൊലപാതകവും പിന്നീട് മോഷണവുമാണു നടന്നത്. കൊല്ലപ്പെട്ടവര്‍ നിസ്സഹായരും വൃദ്ധരുമായിരുന്നു. ഇവരുടെ ഭാഗത്തുനിന്ന് പ്രതികളോട് ശത്രുതയോ പ്രകോപനമോ ഉണ്ടായിരുന്നില്ല. കുറഞ്ഞപക്ഷം പ്രതികള്‍ക്ക് ഇവരെ കൊല്ലാതെവിടാമായിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും 110 പേജുള്ള വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി.

കുടുക്കിയത് സാഹചര്യ, ശാസ്ത്രീയ തെളിവുകളും

മാവേലിക്കര: ദൃക്സാക്ഷികളില്ലാതിരുന്ന കൊലപാതകത്തില്‍ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷവാങ്ങി നല്‍കാന്‍ കഴിഞ്ഞത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും കാരണമാണെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. സോളമന്‍ പറഞ്ഞു.

കുറ്റകൃത്യത്തിനു മുന്‍പും ശേഷവും പ്രതികളുടെ സാന്നിധ്യം സാക്ഷിമൊഴികളിലൂടെ കൃത്യമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞു. കൊലപാതകം നടന്ന വീട്ടില്‍നിന്നു കണ്ടെടുത്ത കാല്‍പ്പാടുകള്‍ പ്രതികളുടെ കാല്‍പ്പാടുകളുമായി സാമ്യമുള്ളവയാണെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തി.

അന്വേഷണ ഉദ്യോഗസ്ഥന്‍ ജോസ് മാത്യു, അഡ്വ. സരുണ്‍ കെ. ഇടിക്കുള, അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. സോളമന്‍, സുധിലാല്‍, അഡീഷണല്‍ ജില്ലാ ജഡ്ജി കെന്നത് ജോര്‍ജ്.

പ്രതികളുടെ വസ്ത്രങ്ങളിലെ രക്തക്കറ മനുഷ്യരക്തമാണെന്നും കണ്ടെത്തി. പിന്നീട് പരിശോധനയിലൂടെ രക്തം ചെറിയാന്റേതാണെന്നു സ്ഥിരീകരിച്ചു.

കൊലയ്ക്കുശേഷം മോഷണമുതലുമായി കടന്ന പ്രതികളെ പെട്ടെന്നു പിടികൂടാന്‍ കഴിഞ്ഞ പോലീസിന്റെ അന്വേഷണമികവും ഈ വിധിയിലേക്കു നയിച്ച ഏറ്റവും പ്രധാന ഘടകമായെന്നും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

പോലീസിന് അഭിമാനിക്കാവുന്ന വിധി

ജില്ലാ പോലീസിന് അഭിമാനിക്കാവുന്ന വിധിയാണ് കോടുകുളഞ്ഞി ഇരട്ടക്കൊലക്കേസില്‍ കോടതിയില്‍നിന്നുണ്ടായതെന്ന് അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഇന്‍സ്‌പെക്ടര്‍മാര്‍ സുധിലാലും ജോസ് മാത്യുവും പറഞ്ഞു.

മേലുദ്യോഗസ്ഥര്‍ ചെങ്ങന്നൂരില്‍ താമസിച്ച് അന്വേഷണസംഘത്തിനാവശ്യമായ നേതൃത്വം നല്‍കി. 15 അംഗ ഉദ്യോഗസ്ഥരായിരുന്നു അന്വേഷണസംഘത്തിലുണ്ടായിരുന്നത്. ഒരുപാടുപേരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണ് ഈ വിധിയെന്നും ഇരുവരും പറഞ്ഞു.

വിധിയില്‍ സന്തോഷം, ദൈവത്തിനു നന്ദി

കോടതിവിധിയില്‍ സന്തോഷമുണ്ടെന്നും ദൈവത്തിനും ആദ്യവസാനം കൂടെനിന്നവര്‍ക്കും നന്ദിയുമുണ്ടെന്ന് കൊല്ലപ്പെട്ട ചെറിയാന്റെയും ഏലിക്കുട്ടിയുടെയും മകന്‍ ബിപു ചെറിയാന്‍ പ്രതികരിച്ചു. രണ്ടു പ്രതികള്‍ക്കും കൊലക്കയറാണു പ്രതീക്ഷിച്ചത്. എങ്കിലും കോടതിവിധിയില്‍ സംതൃപ്തിയുണ്ട്. വിധി സമൂഹത്തിനു പാഠമാകണം.

പരിചയമില്ലാത്തവരെ ജോലിക്കു നിര്‍ത്തുമ്പോള്‍ ശ്രദ്ധിക്കണം. ഞെട്ടല്‍ ഇനിയും മാറിയിട്ടില്ലെന്നും ബിപു പറഞ്ഞു.

Content Highlights: alappuzha elderly couple chengannur venmani double murder case verdict

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Finland

1 min

താമസിക്കാന്‍ ആഢംബര വില്ല; പത്ത് പേര്‍ക്ക് സൗജന്യമായി ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കാന്‍ അവസരം

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented