എം.ജിഷമോൾ | Photo: Instagram
ആലപ്പുഴ: കള്ളനോട്ടു കേസില്‍ കൃഷി ഓഫീസര്‍ അറസ്റ്റിലായതിന്റെ വിവരങ്ങളറിയാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) ഉദ്യോഗസ്ഥരെത്തി. പിടികൂടിയ കള്ളനോട്ടുകള്‍ വിദേശത്ത് അച്ചടിച്ചതാണെന്ന സംശയംമൂലമാണിത്. കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താന്‍ ആലപ്പുഴ ഡിവൈ.എസ്.പി. പ്രത്യേകാന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി.
കള്ളനോട്ടുകേസില്‍ എടത്വാ കൃഷി ഓഫീസര്‍ ഗുരുപുരം ജി.എം. മന്‍സിലില്‍ എം. ജിഷമോള്‍ (39) കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഇപ്പോള്‍ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലുള്ള ഇവരില്‍നിന്നു കിട്ടിയ വിവരം പോലീസ് എന്‍.ഐ.എ. ക്കു കൈമാറി. പ്രതിയെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കഴിഞ്ഞമാസം 25 മുതല്‍ കള്ളനോട്ടിന്റെ പിന്നാലെയാണു പോലീസ്. പതിവു കള്ളനോട്ടു കേസാണെന്നാണ് ആദ്യം കരുതിയത്. നോട്ടുകള്‍ വിദഗ്ധസംഘം പരിശോധിച്ചശേഷം അന്വേഷണം ത്വരപ്പെടുത്തുകയായിരുന്നു. 500-ന്റെ ഏഴുനോട്ടാണ് സ്വകാര്യ ബാങ്കിന്റെ ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയര്‍ ശാഖയില്‍ കിട്ടിയത്.
സാധാരണ കളര്‍ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പുകളാണു കള്ളനോട്ടായി വരുന്നത്. എന്നാല്‍, ഈ കേസില്‍ അച്ചടിച്ച നോട്ടുകളാണ്. ജിഷമോള്‍ക്കു നോട്ടുനല്‍കിയത് സുഹൃത്തായ കളരിയാശാനാണെന്നു വ്യക്തമായിട്ടുണ്ട്. ഇയാള്‍ക്ക് അന്താരാഷ്ട്ര കള്ളനോട്ടു സംഘവുമായി ബന്ധമുണ്ടെന്നു പോലീസ് സംശയിക്കുന്നു.
ജിഷമോള്‍ പിടിയിലായതറിഞ്ഞതുമുതല്‍ ഇയാള്‍ ഒളിവിലാണ്. കേരളം വിട്ടതായാണു സൂചന. ഏഴു ഫോണ്‍ നമ്പരുകളുണ്ടെങ്കിലും ഒന്നും പ്രവര്‍ത്തിക്കുന്നില്ല. എങ്കിലും അന്വേഷണം ഊര്‍ജ്ജിതമാണ്.കളരിയാശാന്‍ ജിഷമോള്‍ക്ക് ലക്ഷംരൂപ നല്‍കാനുണ്ട്. ഈ ഇടപാടു തീര്‍ക്കുന്നതിനായാണു അവരും കള്ളനോട്ടു സംഘത്തില്‍ കണ്ണിയായതെന്നു സംശയിക്കുന്നു.
കള്ളനോട്ട് വിപണിയിലിറക്കാന്‍ 50 പേര്‍
വിദേശത്ത് അച്ചടിച്ച കള്ളനോട്ടുകള്‍ വിപണിയിലിറക്കാന്‍ ആലപ്പുഴയില്‍ അന്‍പതോളം പേരുണ്ടെന്നാണു സൂചന. ആര്‍ക്കും പരസ്പരമറിയില്ല. നോട്ടുകളെത്തിക്കുന്നത് ഇടനിലക്കാരാണ്. ഇതിലൊരാളാണു ജിഷമോളുടെ സുഹൃത്തും യുവാവുമായ കളരിയാശാന്‍. കള്ളനോട്ടു മാറാന്‍ വ്യക്തമായ രൂപരേഖ ഈ സംഘം നല്‍കിയിട്ടുണ്ട്. സി.സി.ടി.വി. ക്യാമറകളുള്ള കടകളിലും മറ്റും നല്‍കില്ല. വഴിയരികിലെ മീന്‍, പച്ചക്കറി, പഴം, ലോട്ടറി വില്‍പ്പനക്കാര്‍ക്കു നല്‍കി മാറിയെടുക്കും. ബാങ്കിടപാടു പതിവില്ലാത്ത ഇത്തരക്കാര്‍ക്കു നല്‍കിയ കള്ളനോട്ടുകള്‍ ഇപ്പോഴും വിപണിയിലുണ്ട്.
Content Highlights: alappuzha counterfeit currency case nia collected details
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..