ഷൈജുഖാൻ, ഗോപകുമാർ
ചാരുംമൂട്(ആലപ്പുഴ): ഐസ്‌ക്രീം കച്ചവടത്തിന്റെ മറവില്‍ കഞ്ചാവുവിറ്റ യുവാക്കള്‍ പിടിയില്‍. നൂറനാട് പുതുപ്പള്ളികുന്നം ഖാന്‍ മന്‍സിലില്‍ ഷൈജുഖാന്‍ (40), കൊല്ലം ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറിയില്‍ സിജിഭവനത്തില്‍ ഗോപകുമാര്‍ (40) എന്നിവരാണു പിടിയിലായത്. കഞ്ചാവുമായി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പോലീസ് കീഴ്പ്പെടുത്തുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. കരുനാഗപ്പള്ളി ഭാഗത്തു വില്‍ക്കാന്‍ കഞ്ചാവുമായി പോകുന്നതിനിടെയാണ് രണ്ടുകിലോ കഞ്ചാവുമായി ഇവര്‍ അറസ്റ്റിലായത്.
ചാരുംമൂട് എസ്.ബി.ഐ.ക്കു സമീപം കെ.ഐ.പി. കനാലിന്റെ പുറമ്പോക്കില്‍ തട്ടുകട നടത്തിയിരുന്ന ഷൈജു, കടയുടെ മറവില്‍ കഞ്ചാവുവിറ്റിരുന്നതായി നൂറനാട് പോലീസ് പറഞ്ഞു. തട്ടുകടയില്‍നിന്നു ദോശയും ചമ്മന്തിയും സാമ്പാറുമടങ്ങിയ പാഴ്സലിന് 500 രൂപയാണു വാങ്ങിയിരുന്നത്. അധികമായി വാങ്ങുന്ന തുകയ്ക്കുള്ള കഞ്ചാവ് മറ്റൊരു സ്ഥലത്ത് മറുനാടന്‍ തൊഴിലാളികള്‍വഴി എത്തിക്കുകയായിരുന്നു പതിവ്.
അതിനിടെ ഷൈജുഖാന്റെ കൈയില്‍നിന്നു കഞ്ചാവുവാങ്ങിയ ഒരാളെ മാവേലിക്കര എക്‌സൈസ് അറസ്റ്റുചെയ്യുകയും ഷൈജുഖാനെ പ്രതി ചേര്‍ക്കുകയും ചെയ്തു. ഒളിവില്‍പ്പോയ ഷൈജു കോടതിയില്‍ കീഴടങ്ങി. എക്‌സൈസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, പുറമ്പോക്കുഭൂമിയില്‍ തട്ടുകട നടത്തുന്നതിനെതിരേ നൂറനാട് പഞ്ചായത്ത് നോട്ടീസ് നല്‍കി. തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ പോലീസിന്റെയും എക്‌സൈസിന്റെയും സഹായത്തോടെ തട്ടുകട പൊളിച്ചുനീക്കി.
ഇതോടെയാണ് ഉത്സവപ്പറമ്പുകളില്‍ ഐസ്‌ക്രീം കച്ചവടം നടത്തിയിരുന്ന ഗോപകുമാറിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ ഉത്സവപ്പറമ്പുകളില്‍ ഐസ്‌ക്രീം കച്ചവടത്തിന്റെ മറവിലായി കഞ്ചാവുകച്ചവടം. സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമാണ് കഞ്ചാവുവിറ്റിരുന്നത്. ഷൈജു പിടിയിലായശേഷം പോലീസിന്റെ കൈവശമായിരുന്ന മൊബൈല്‍ഫോണിലേക്ക് രണ്ടുമണിക്കൂറിനുള്ളില്‍ ഇരുനൂറ്റിയെഴുപതോളം കോളുകളാണ് കഞ്ചാവന്വേഷിച്ചു വന്നിരുന്നതെന്നു പോലീസ് പറഞ്ഞു. ഈ നമ്പരുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി.
മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് കോടതി പ്രതികളെ റിമാന്‍ഡുചെയ്തു. നൂറനാട് ഇന്‍സ്‌പെക്ടര്‍ പി. ശ്രീജിത്ത്, എസ്.ഐ.മാരായ നിതീഷ്, ബാബുക്കുട്ടന്‍, രാജീവ്, പുഷ്പന്‍, സി.പി.ഒ.മാരായ രഞ്ജിത്ത്, ജയേഷ്, ശ്യാം, വിഷ്ണു എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Content Highlights: alappuzha charummoodu ganja case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..