എസ്. ഉണ്ണികൃഷ്ണപിള്ള
എരുമപ്പെട്ടി (തൃശ്ശൂര്‍) : ഭൂമി തരംമാറ്റുന്നതിന് അപേക്ഷകയില്‍നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങിയ കൃഷി ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ എരുമപ്പെട്ടി കൃഷി ഓഫീസറും കൊല്ലം അഞ്ചല്‍ സ്വദേശിയുമായ എസ്. ഉണ്ണികൃഷ്ണപിള്ള(52)യാണ് പിടിയിലായത്.
ചിറ്റണ്ട വില്ലേജില്‍ താമസിക്കുന്ന പരാതിക്കാരിയുടെയും മക്കളുടെയും പേരിലുള്ള ഭൂമി തരംമാറ്റുന്നതിനായി കൃഷി ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. ജനുവരിയില്‍ കൃഷി ഓഫീസര്‍ സ്ഥലപരിശോധനയും നടത്തി. ശുപാര്‍ശ ചെയ്യുന്നതിനായി 25,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. കൈക്കൂലി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചില്ല.
കഴിഞ്ഞ ദിവസം പരാതിക്കാരി 10,000 രൂപ തരാമെന്നറിയിച്ചപ്പോള്‍ 25,000 തന്നെ വേണമെന്ന് ശഠിച്ചു. ഓഫീസിലേക്ക് ഇന്‍വെര്‍ട്ടര്‍ വാങ്ങുന്നതിനാണെന്നാണ് പറഞ്ഞത്.
കടയുടമയുടേതാണെന്ന് പറഞ്ഞ് പണം അയക്കുന്നതിന് ഗൂഗില്‍ പേ നമ്പറും നല്‍കി. അന്വേഷണത്തില്‍ ഈ മൊബൈല്‍ നമ്പര്‍ കൃഷി ഓഫീസറുടെ സ്വകാര്യനമ്പറാണെന്ന് മനസ്സിലായി. തുടര്‍ന്ന് പൊതുപ്രവര്‍ത്തകനായ കെ.ടി. റിനോള്‍ഡിനെ വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു.
വിജിലന്‍സ് നല്‍കിയ നോട്ടുകള്‍ ബുധനാഴ്ച രാവിലെ പരാതിക്കാരി കൃഷി ഓഫീസിലെത്തി കൈമാറി. പണം വാങ്ങിയ ഓഫീസര്‍ പാന്റ്സിന്റെ പോക്കറ്റിലിട്ടു. വിജിലന്‍സ് സംഘം തൊണ്ടിമുതല്‍ സഹിതം ഓഫീസറെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ ഗൂഗിള്‍പേ വഴി പണം കൈപ്പറ്റുന്നതായി മുമ്പും വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു.
ഡിവൈ.എസ്.പി. സി.ജി. ജിം പോള്‍, കെ.വി. വിബീഷ്, സൈജു സോമന്‍, ഇന്‍സ്‌പെക്ടര്‍ പ്രദീപ്കുമാര്‍, എ.എസ്.ഐ. മാരായ പി.വി. പ്രദീപ്, പി.സി. ബൈജു, സി.പി.ഒ.മാരായ കെ. ഗണേഷ്, പി.ടി. അരുണ്‍, ഇ.എസ്. സന്ധ്യ, കെ.എസ്. രഞ്ജിത്ത്, സുധീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.
അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചാല്‍ വിജിലന്‍സില്‍ അറിയിക്കാം. ടോള്‍ ഫ്രീ നമ്പര്‍: 1064, ഫോണ്‍: 8592900900, വാട്‌സ് ആപ് നമ്പര്‍: 9447789100.
Content Highlights: agricultural officer arrested for taking bribe in erumapetty thrissur


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..