പ്രതീകാത്മക ചിത്രം | File Photo: Twitter.com/ANI
ചെന്നൈ: തമിഴ്നാടിനെ നടുക്കി വീണ്ടുമൊരു സ്കൂള്‍ വിദ്യാര്‍ഥിനി കൂടി ആത്മഹത്യ ചെയ്തു. കടലൂര്‍ സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് ചൊവ്വാഴ്ച ജീവനൊടുക്കിയത്. വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും പഠനവുമായി ബന്ധപ്പെട്ട സമ്മര്‍ദവും അമ്മ വഴക്കുപറഞ്ഞതുമാണ് മരണത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.
വിദ്യാര്‍ഥിനിയെ ഐ.എ.എസ്. ഉദ്യോഗസ്ഥയാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. ഇതിനായി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനവും നല്‍കിയിരുന്നു. ഇതെല്ലാം വിദ്യാര്‍ഥിനിയെ സമ്മര്‍ദത്തിലാക്കിയെന്നും കഴിഞ്ഞദിവസം അമ്മ വഴക്ക് പറഞ്ഞത് കൂടുതല്‍ അസ്വസ്ഥയാക്കിയെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
രണ്ടാഴ്ചയ്ക്കിടെ തമിഴ്നാട്ടില്‍ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് കടലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി. കഴിഞ്ഞദിവസം തിരുവള്ളൂരിലെ സേക്രഡ് ഹാര്‍ട്ട്സ് എയ്ഡഡ് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. സംഭവം ആത്മഹത്യയാണെന്നാണ് പോലീസ് നല്കുന്ന വിശദീകരണമെങ്കിലും മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച ബന്ധുക്കളും നാട്ടുകാരും കഴിഞ്ഞദിവസം റോഡ് ഉപരോധിക്കുകയും ചെയ്തു.
കള്ളക്കുറിച്ചിയിലെ വിദ്യാര്‍ഥിനിയുടെ മരണത്തിന് പിന്നാലെയുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവള്ളൂരില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം നിരവധിപേര്‍ സ്കൂളിലേക്ക് എത്തിയെങ്കിലും ഇവരെയെല്ലാം പോലീസ് വഴിമധ്യേ തടഞ്ഞിരുന്നു. അടുത്ത ബന്ധുക്കളെ മാത്രമാണ് സ്കൂളിനകത്തേക്ക് പ്രവേശിപ്പിച്ചത്. തിരുവള്ളൂരിലെ വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി-സി.ഐ.ഡി.ക്ക് കൈമാറിയതായി എസ്.പി. സെഫാസ് കല്യാണും അറിയിച്ചു.
കഴിഞ്ഞദിവസം തമിഴ്നാട്ടിലെ വിഴുപുരത്ത് കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിക്രവാണ്ടിയിലെ ഫാര്‍മസി കോളേജിലാണ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി കോളേജ് കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. അച്ഛനും അമ്മയും ക്ഷമിക്കണമെന്ന കുറിപ്പെഴുതിവെച്ച ശേഷമാണ് പെണ്‍കുട്ടി കെട്ടിടത്തില്‍നിന്ന് ചാടിയത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജൂലായ് 13-ന് കള്ളക്കുറിച്ചിയിലെ ശക്തി സ്കൂളിലെ ഹോസ്റ്റലില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് സ്കൂളില്‍ വന്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ബസുകള്‍ തീവെച്ചുനശിപ്പിക്കുകയും ഓഫീസ് അടിച്ചുതകര്‍ക്കുകയും ചെയ്തു. പഠനത്തിന്റെ പേരില്‍ അധ്യാപകരുടെ അമിത സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. ഇതിലെ അന്വേഷണം സി.ബി.സി.ഐ.ഡി.ക്ക് കൈമാറിയിട്ടുണ്ട്. സ്കൂളിലെ രണ്ട് അധ്യാപികമാര്‍ അടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം, കൗമാരക്കാരായ വിദ്യാര്‍ഥിനികളുടെ മരണങ്ങള് ആവര്‍ത്തിക്കുന്നതില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ആശങ്ക പ്രകടിപ്പിച്ചു. ആത്മഹത്യയിലേക്ക് നയിക്കുന്ന ചിന്തകളില്‍നിന്ന് അകന്നുനില്‍ക്കണമെന്നും മുഖ്യമന്ത്രി വിദ്യാര്‍ഥികളോട് അഭ്യര്‍ഥിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..