സരുൺ
ഇടുക്കി: കണ്ണംപടിയില്‍ ആദിവാസി യുവാവ് സരുണ്‍ സജിയെ കള്ളക്കേസില്‍ കുടുക്കിയ വനപാലകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഫോറസ്റ്റര്‍ അനില്‍കുമാര്‍ അടക്കം 13 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസ്. ഡി.എഫ്.ഒ. ബി. രാഹുലിനേയും കേസില്‍ പ്രതിചേര്‍ത്തു.
കാട്ടിറച്ചി കൈവശംവെച്ചെന്ന് ആരോപിച്ച് കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ചുവെന്ന സരുണിന്റെ പരാതിയില്‍ ആദ്യം പോലീസ് കേസെടുത്തിരുന്നില്ല. എസ്.സി- എസ്.ടി. കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് കേസെടുക്കാന്‍ പോലീസ് തയ്യാറായിരിക്കുന്നത്. സരുണിനെ കേസില്‍ കുടുക്കാന്‍ നേതൃത്വം നല്‍കിയെന്ന് കണ്ടെത്തിയാണ് അനില്‍കുമാറിനെ ഒന്നാം പ്രതിയാക്കിയത്. മര്‍ദ്ദിക്കാന്‍ നേതൃത്വം നല്‍കുകയും കൂട്ടുനില്‍ക്കുകയും ചെയ്തെന്നാണ് മറ്റ് 12 പേര്‍ക്കെതിരെയുള്ള കുറ്റം.
മര്‍ദ്ദനം, മോശം വാക്കുകളുടെ ഉപയോഗം, അന്യായമായി കസ്റ്റഡിയില്‍ വെക്കല്‍, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ അടക്കം വിവിധ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആദിവാസി പീഡനനിരോധന നിയമത്തിലെ ഏതാനും വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
സെപ്റ്റംബര്‍ 20-ാം തീയതിയായിരുന്നു സരുണിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. എന്നാല്‍, മറ്റൊരു സ്ഥലത്തുനിന്ന് ലഭിച്ച കാട്ടിറച്ചി സരുണിന്റെ ഓട്ടോറിക്ഷയില്‍ കൊണ്ടുവെച്ച് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഉദ്യോഗസ്ഥര്‍ക്കെതിരെ വനംവകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ചെങ്കിലും സരുണിനെതിരായ കേസ് പിന്‍വലിക്കാന്‍ വനംവകുപ്പ് തയ്യാറായിട്ടില്ല.
Content Highlights: adivasi youth fake case accusing possession of wild meat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..