File Photo
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന ആവശ്യം വിചാരണക്കോടതി തള്ളിയതിനെതിരേ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതി ഉത്തരവ് നിയമവിരുദ്ധവും അന്വേഷണത്തിലുള്ള ഇടപെടലുമായതിനാല്‍ റദ്ദാക്കണമെന്നാണ് ആവശ്യം.
മെമ്മറി കാര്‍ഡിന്റെ ഫോറന്‍സിക് പരിശോധന തുടരന്വേഷണത്തിന് അനിവാര്യമാണ്. മെമ്മറി കാര്‍ഡില്‍ ഉണ്ടായ വ്യത്യാസത്തിന്റെ ആനുകൂല്യം എതിര്‍വിഭാഗത്തിന് ലഭിക്കുന്നത് തടയുന്നതിന് ഇത് ആവശ്യമാണ്. മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്കായി അയയ്ക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
വിചാരണക്കോടതിയിലുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം ഉണ്ടായതായുള്ള ഫോറന്‍സിക് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഫോറന്‍സിക് പരിശോധന ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഏപ്രില്‍ നാലിന് അപേക്ഷ നല്‍കുന്നത്. എന്നാല്‍, മേയ് ഒന്‍പതിന് ഈ ആവശ്യം വിചാരണക്കോടതി തള്ളി.
ദിലീപിന്റെ ആവശ്യപ്രകാരം സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മെമ്മറി കാര്‍ഡിന്റെ ക്ലോണ്‍ഡ് പകര്‍പ്പ് എടുക്കാനായി 2020 ജനുവരി 10-ന് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ എത്തിച്ചപ്പോഴാണ് മെമ്മറി കാര്‍ഡ് മുന്‍പ് പരിശോധിച്ചതായി മനസ്സിലാകുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഫോറന്‍സിക് ഡയറക്ടറുടെ റിപ്പോര്‍ട്ട്. ഇത് വിചാരണക്കോടതിക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഇക്കാര്യം പ്രോസിക്യൂഷനെ അറിയിച്ചില്ല.
2018 ഡിസംബര്‍ 13-നാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചിട്ടുള്ളത്
മെമ്മറി കാര്‍ഡിന്റെ ക്ലോണ്‍ഡ് പകര്‍പ്പ് ചണ്ഡിഗഢ് ഫോറന്‍സിക് ലാബില്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് ദിലീപിന്റെ കൈവശമുണ്ട്. അതിനാല്‍ മെമ്മറി കാര്‍ഡ് മുന്‍പ് പരിശോധിക്കപ്പെട്ടിട്ടുള്ള വിവരം ദിലീപിന് അറിയാം
ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം നല്‍കാനായില്ലെങ്കില്‍ ഇതിന്റെ ആനുകൂല്യം എതിര്‍ഭാഗത്തിനായിരിക്കും ലഭിക്കുക.
മെമ്മറി കാര്‍ഡിന്റെ പരിശോധന ഏതളവ് വരെ നടന്നിട്ടുണ്ടെന്നും കണ്ടെത്തേണ്ടതുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി ശേഖരിക്കേണ്ട തെളിവുകള്‍ എന്തൊക്കെയാണെന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനാണ്
മെമ്മറി കാര്‍ഡ് ഒട്ടേറെ തവണ പരിശോധിക്കപ്പെട്ടിരിക്കാനുള്ള സാധ്യതയും ഉണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.
ശരത്തിനെ പ്രതിയാക്കിയതിന്റെ വിവരങ്ങളെവിടെയെന്ന് കോടതി
കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിയാക്കിയതിന്റെ വിവരങ്ങളെവിടെയെന്ന് വിചാരണക്കോടതി. ചൊവ്വാഴ്ച കേസ് പരിഗണിക്കുന്നതിനിടെയാണ് പ്രോസിക്യൂഷനോട് വിചാരണക്കോടതി ഇതു സംബന്ധിച്ച വിവരങ്ങള്‍ തേടിയത്.
കേസില്‍ പത്താം പ്രതിയാണ് ശരത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അന്വേഷണ സംഘം അങ്കമാലി കോടതിയിലാണ് നല്‍കിയിരിക്കുന്നത്. വിചാരണക്കോടതിക്ക് ഇതു സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
തുടരന്വേഷണത്തിന്റെ ഭാഗമായി പുതിയതായി എത്ര പേരെ പ്രതി ചേര്‍ത്തിട്ടുണ്ടെന്നും കോടതി ചോദിച്ചു. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് തരേണ്ടതല്ലേയെന്നും കോടതി ചോദിച്ചു. അങ്കമാലി കോടതിയില്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് വിചാരണക്കോടതിക്ക് ലഭിക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട പരാമര്‍ശം വന്നപ്പോള്‍ അതിന്റെ പേരില്‍ കോടതിയെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കെട്ടിച്ചമച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്ന് ദിലീപിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ബി. രാമന്‍പിള്ള വാദിച്ചു. ദിലീപും ബന്ധുക്കളും തമ്മില്‍ നടത്തിയതെന്നു പറയുന്ന ഫോണ്‍ സംഭാഷണങ്ങളും കെട്ടിച്ചമച്ചതാണ്.സംഭാഷണങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് പരിശോധനയ്ക്ക്് നല്‍കിയതിന്റെ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനുശേഷം നല്‍കിയവയുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്. ശ്രീജിത്തിനെ മാറ്റിയത് ചോദ്യംചെയ്യുന്ന ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ മേല്‍നോട്ടത്തില്‍നിന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. ആയിരുന്ന എസ്. ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്യുന്ന പൊതുതാത്പര്യ ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി.
സര്‍വീസ് കാര്യങ്ങളില്‍ സ്വകാര്യ വ്യക്തിക്ക് പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്യാനാകില്ലെന്ന് വിലയിരുത്തിയ ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹര്‍ജിയിലെ തുടര്‍ നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തു.
കേരള സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സില്‍ പ്രസിഡന്റായ സംവിധായകന്‍ ബൈജു കൊട്ടാരക്കരയായിരുന്നു ഹര്‍ജിക്കാരന്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..