കേരള ഹൈക്കോടതി | Photo - Mathrubhumi archives
കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നതായി ആരോപിച്ച് പരാതിക്കാരി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ഹര്‍ജിയില്‍ വെള്ളിയാഴ്ച രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് ബുധനാഴ്ച നടിയുടെ ഹര്‍ജി പരിഗണിച്ചത്.
അതേസമയം, ഹര്‍ജി പരിഗണിച്ചപ്പോള്‍ ചില കാര്യങ്ങള്‍ കോടതിയെ അറിയിക്കാനുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പറഞ്ഞു. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടും അദ്ദേഹം വിശദീകരിച്ചു. സര്‍ക്കാര്‍ ഈ കേസില്‍ ഒരിക്കലും പിന്നോട്ടുപോയിട്ടില്ല. സര്‍ക്കാര്‍ നടിയ്‌ക്കൊപ്പമാണ് നിലകൊണ്ടത്. പ്രോസിക്യൂട്ടറെ നിയമിക്കേണ്ട ഘട്ടത്തില്‍ നടിയുടെ അഭിപ്രായം കൂടി തേടിയിരുന്നതായും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
ഹര്‍ജിയിലെ ആരോപണങ്ങള്‍ നടിയുടെ ആരോപണമാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ല. അതിനാല്‍ ആരോപണങ്ങളില്‍നിന്ന് പിന്മാറണമെന്നും നടിയുടെ അഭിഭാഷകനോട് അദ്ദേഹം അഭ്യര്‍ഥിച്ചു. കേസില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും ഈ കേസില്‍ ഒരു ഇടപെടലിനും സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പറഞ്ഞു. ഹര്‍ജിയില്‍ രേഖാമൂലമുള്ള വിശദീകരണം നല്‍കാന്‍ തയ്യാറാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
അതിനിടെ, നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രതികളുടെ വാദം കൂടി കേള്‍ക്കണ്ടതല്ലേ എന്ന് കോടതി ചോദിച്ചിരുന്നു. എന്നാല്‍ ഹര്‍ജിയില്‍ പ്രതികളെ കക്ഷി ചേര്‍ക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടില്ല. വെള്ളിയാഴ്ച സര്‍ക്കാരിന്റെ വിശദീകരണം ലഭിച്ചതിന് ശേഷം ഇതുസംബന്ധിച്ച് തീരുമാനമുണ്ടായേക്കാം.
തിങ്കളാഴ്ചയാണ് സര്‍ക്കാരിനും വിചാരണ കോടതി ജഡ്ജിക്കും എതിരേ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനും പാതിവെന്ത അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും രാഷ്ട്രീയ ഉന്നതര്‍ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.
കോടതിയിലുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റംവന്നതായി ഫൊറന്‍സിക് ലാബില്‍നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചിട്ടും ഇക്കാര്യത്തില്‍ വിചാരണക്കോടതി ജഡ്ജി ഒരു അന്വേഷണവും നടത്തിയില്ല. ദിലീപിന്റെ അഭിഭാഷകര്‍ കേസിലെ തെളിവ് നശിപ്പിക്കാന്‍ ഇടപെടുകയും സാക്ഷികളെ സ്വാധീനിക്കുകയും ചെയ്തതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. അഭിഭാഷകരുടെ പങ്കിനെകുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും മുതിര്‍ന്ന അഭിഭാഷകനും കൂട്ടാളികള്‍ക്കും ഭരണകക്ഷിയിലുള്ള സ്വാധീനത്തെത്തുടര്‍ന്ന് ഇത് വിജയിച്ചില്ല. തുടരന്വേഷണം തങ്ങളിലേക്ക് എത്തില്ലെന്ന ഉറപ്പ് അഭിഭാഷകര്‍ക്ക് രാഷ്ട്രീയനേതൃത്വം നല്‍കിയതായാണ് അറിയാന്‍ കഴിഞ്ഞതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിക്കുകയും കേടുവരുത്തുകയും ഉള്ളടക്കം കൈമാറ്റംചെയ്യുകയും ചെയ്തത് സംബന്ധിച്ച് ഒരു അന്വേഷണവും നടക്കാത്തതിലും ഇടപെടല്‍ ഉണ്ട്. ആദ്യഘട്ടത്തില്‍ ശരിയായ അന്വേഷണത്തിന് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കിയിരുന്നു. സത്യസന്ധരായ ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയോഗിക്കുകയും അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയുംചെയ്തു. എട്ടാം പ്രതിയായ ദിലീപ് നേരിട്ടും അല്ലാതെയും ഭരണകക്ഷിയിലെ ചില നേതാക്കളെ സ്വാധീനിച്ചതോടെയാണ് തുടരന്വേഷണത്തില്‍ ഇടപെടല്‍ ഉണ്ടാകുന്നതും അന്വേഷണം നേരത്തേ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതും. പ്രതിയും ഭരണകക്ഷിയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതില്‍ പ്രകടമാകുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
ഹൈക്കോടതിയുടെ മേല്‍നോട്ടമില്ലെങ്കില്‍ തുടരന്വേഷണം ശരിയായവിധം നടക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടിയുടെ ഹര്‍ജി. തുടരന്വേഷണ റിപ്പോര്‍ട്ട് മേയ് 31-നകം നല്‍കാന്‍ അന്വേഷണസംഘം നീക്കം നടത്തുന്നതിനിടെയാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.
Content Highlights: actress attack case high court seeks explanation from government on victims plea
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..