ദിലീപ്, പൾസർ സുനി | ഫോട്ടോ: മാതൃഭൂമി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജീവനക്കാരെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ചിന്റെ നീക്കം. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കോടതി ജീവനക്കാരെ ചോദ്യംചെയ്യുന്നത്. ഇതിനായി ക്രൈംബ്രാഞ്ച് സംഘം പ്രത്യേക അപേക്ഷ സമര്‍പ്പിക്കും.
അതിനിടെ, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടത് കോടതിയില്‍വെച്ചാണെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് വി.കുറുപ്പ് പറഞ്ഞു. കേസിന്റെ ഭാഗമായി ദൃശ്യങ്ങള്‍ കാണാന്‍ പ്രതിയുടെ അഭിഭാഷകന് അവകാശമുണ്ട്. അതിനാല്‍ ദൃശ്യങ്ങള്‍ കാണാന്‍ അപേക്ഷ നല്‍കുകയും കോടതി അനുവാദം നല്‍കുകയും ചെയ്തു. 2021 ജൂലായ് മാസത്തില്‍ ജഡ്ജിയുടെ അടക്കം സാന്നിധ്യത്തില്‍ കോടതിയില്‍വെച്ചാണ് ദൃശ്യങ്ങള്‍ കണ്ടതെന്നും അഭിഭാഷകന്‍ പറഞ്ഞു. ഒരു പെന്‍ഡ്രൈവ് ലാപ്‌ടോപ്പില്‍ കണക്ട് ചെയ്താണ് ദൃശ്യങ്ങള്‍ കാണിച്ചത്. മെമ്മറി കാര്‍ഡ് താന്‍ കണ്ടിട്ടില്ലെന്നും തനിക്ക് വിവോ ഫോണ്‍ ഇല്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.
മെമ്മറികാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കേ മൂന്നുതവണ പരിശോധിച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. ഇതില്‍ രണ്ടുതവണ രാത്രിയിലാണ് പരിശോധിച്ചതെന്നും ഫൊറന്‍സിക് ലാബ് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.
ഓരോ തവണ പരിശോധിച്ചപ്പോഴും ഉപയോഗിച്ചിരുന്ന ഉപകരണത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട്. 2017 ഫെബ്രുവരി 17-നാണ് നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്. ഈ മെമ്മറികാര്‍ഡ് തൊട്ടടുത്തദിവസം ഫെബ്രുവരി 18-ന് രാവിലെ 9.13-ന് ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സംവിധാനമുള്ള ഷവോമി ഫോണില്‍ തുറന്നു. പിന്നീട് മെമ്മറികാര്‍ഡ് അന്വേഷണസംഘത്തിന്റെ കൈവശമെത്തി. മെമ്മറികാര്‍ഡ് അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിക്കും പിന്നീട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്കും കൈമാറി.
കോടതിയുടെ കസ്റ്റഡിയിലിരിക്കേ കാര്‍ഡ് മൂന്നുതവണ വീണ്ടും പരിശോധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മെമ്മറികാര്‍ഡിന്റെ ഹാഷ് വാല്യൂവില്‍ മാറ്റമുണ്ട്. ഇതിലുള്ള എട്ടു വീഡിയോ ഫയലുകളുടെ ഹാഷ് വാല്യൂവില്‍ മാറ്റമില്ല.
2018 ജനുവരി ഒമ്പതിന് രാത്രി 9.58-ന് മെമ്മറി കാര്‍ഡ് ഒരു കംപ്യൂട്ടറുമായി ബന്ധിപ്പിച്ച് തുറന്നിട്ടുണ്ട്. 2018 ഡിസംബര്‍ 13-ന് രാത്രി 10.58-ന് ഇതേ മെമ്മറി കാര്‍ഡ് ഒരു ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണില്‍ ഉപയോഗിച്ചതായും കണ്ടെത്തി. 2021 ജൂലായ് 19-ന് ഉച്ചയ്ക്ക് 12.19 മുതല്‍ 12.54 വരെയുള്ള സമയത്തിനിടെ ഒരു വിവോ ഫോണ്‍ ഉപയോഗിച്ചാണ് അവസാനമായി മെമ്മറി കാര്‍ഡ് തുറന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: actress attack case crime branch will interrogate court employees


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..