കാവ്യാ മാധവൻ | ഫയൽചിത്രം | ഫോട്ടോ: ടി.കെ.പ്രദീപ്കുമാർ/മാതൃഭൂമി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവനെ ചോദ്യംചെയ്യുന്ന നടപടി പൂര്‍ത്തിയായി. ദിലീപിന്റെ ആലുവയിലെ 'പത്മസരോവരം' വീട്ടില്‍ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ നാലര മണിക്കൂറോളം നീണ്ടുനിന്നു. വൈകിട്ട് 4.40-ഓടെയാണ് ക്രൈംബ്രാഞ്ച് സംഘം വീട്ടില്‍നിന്ന് മടങ്ങിയത്.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായും ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസുമായും ബന്ധപ്പെട്ടാണ് കാവ്യാ മാധവനെ തിങ്കളാഴ്ച ചോദ്യംചെയ്തത്. അതേസമയം, കാവ്യ ചോദ്യംചെയ്യലുമായി സഹകരിച്ചോ ഇല്ലയോ എന്നകാര്യം ഉദ്യോഗസ്ഥര്‍ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. കാവ്യയുടെ മൊഴി പരിശോധിച്ച ശേഷം അന്വേഷണസംഘം തുടര്‍നടപടികളിലേക്ക് കടക്കും.
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയാണ് കാവ്യാ മാധവന്. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ കാവ്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കേസില്‍ തുടരന്വേഷണം ആരംഭിച്ചതോടെയാണ് കാവ്യക്കെതിരേ ചില ശബ്ദരേഖകളും ഫോണ്‍സംഭാഷണങ്ങളും കണ്ടെടുത്തത്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് അടക്കം കാവ്യയെക്കുറിച്ച് പരാമര്‍ശിക്കുന്ന ശബ്ദരേഖകളാണ് അന്വേഷണസംഘം കണ്ടെടുത്തിരുന്നത്. ഇതോടെ കാവ്യാ മാധവനെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനമെടുക്കുകയായിരുന്നു.
നേരത്തെ രണ്ടുതവണ ചോദ്യംചെയ്യലിന് ഹാജരാകാന്‍ കാവ്യാ മാധവന് അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആലുവയിലെ വീട്ടില്‍വെച്ച് ചോദ്യംചെയ്യാമെന്നായിരുന്നു കാവ്യയുടെ നിലപാട്. പ്രൊജക്ടര്‍ അടക്കമുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ തടസവും മറ്റും ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഇത് വേണ്ടെന്നുവെക്കുകയായിരുന്നു. എന്നാല്‍ കാവ്യാ മാധവന് നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ആലുവയിലെ വീട്ടില്‍വെച്ച് തന്നെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് സംഘം തീരുമാനമെടുത്തത്.
തിങ്കളാഴ്ച രാവിലെ 11.30-ഓടെയാണ് എസ്.പി. മോഹനചന്ദ്രന്, ഡിവൈ.എസ്.പി. ബൈജു പൗലോസ് തുടങ്ങിയവരടങ്ങിയ ക്രൈംബ്രാഞ്ച് സംഘം 'പത്മസരോവരം' വീട്ടിലെത്തിയത്. പോലീസ് സംഘം എത്തുന്നതിന് മുമ്പ് കാവ്യാ മാധവന്റെ അമ്മ ഉള്‍പ്പെടെയുള്ളവരും ആലുവയിലെ വീട്ടിലെത്തിയിരുന്നു.
Content Highlights: actress attack case crime branch interrogated kavya madhavan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..