നടിയെ ആക്രമിച്ച കേസ്; വിചാരണ കഴിവതും ജനുവരി 31-നുള്ളില്‍ പൂർത്തീകരിക്കണമെന്ന് സുപ്രീംകോടതി


ബി. ബാലഗോപാല്‍/മാതൃഭൂമി ന്യൂസ് 

Photo: Mathrubhumi

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കഴിവതും ജനുവരി 31-ന് അകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. വിചാരണ പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം, വിചാരണക്കോടതി ജഡ്ജിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നികൃഷ്ടമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ നടിയെ ആക്രമിച്ച കേസും ഞെട്ടിക്കുന്നതാണെന്നായിരുന്നു ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എം.എം. സുന്ദരേഷ് അഭിപ്രായപ്പെട്ടത്.

വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി അനുവദിച്ച സമയം ഫെബ്രുവരി 22-ന് കഴിഞ്ഞിരുന്നു. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടിയാണ് വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് തേടിയത്. വിചാരണ ദൈനംദിനം നടത്തി എത്രയുംവേഗം പൂര്‍ത്തിയാക്കുന്നതാണ് നല്ലതെന്ന് സുപ്രീംകോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍, സംസ്ഥാന സര്‍ക്കാരും അതിജീവിതയും വിചാരണ വൈകിപ്പിക്കുകയാണെന്ന് ദിലീപിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആരോപിച്ചു. സര്‍ക്കാര്‍ നികൃഷ്ടമായ ആരോപണങ്ങള്‍ ആണ് വിചാരണ കോടതി ജഡ്ജിക്കെതിരെ ഉന്നയിക്കുന്നത്. വളരെ ഗൗരമേറിയ വിഷയമാണിതെന്നും മുകുള്‍ റോത്തഗി ആരോപിച്ചു. എന്നാല്‍ കേസും ഞെട്ടിപ്പിക്കുന്നതല്ലേയെന്ന് കോടതി ആരാഞ്ഞു. ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രഞ്ജീത് കുമാറും സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും നിഷേധിച്ചു.

വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മറ്റന്നാള്‍ ഹൈക്കോടതി പരിഗണിക്കുകയാണെന്ന് അതിജീവിതയ്ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്ത് കോടതിയെ അറിയിച്ചു. വിഷയം ഗൗരമേറിയതായതിനാല്‍ രഹസ്യവാദം കേള്‍ക്കലാണ് നടക്കുന്നത്. അതിനാല്‍, സുപ്രീംകോടതി ഇക്കാര്യംകൂടി കണക്കിലെടുത്ത് മാത്രമേ ഉത്തരവ് ഇറക്കാവു എന്നും അതിജീവിത ആവശ്യപ്പെട്ടു.

എന്നാല്‍, ഇക്കാര്യങ്ങളൊക്കെ ഹൈക്കോടതി തീരുമാനിക്കട്ടെയെന്ന് ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എം.എം. സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിചാരണ നടപടികളുടെ പുരോഗതി നാല് ആഴ്ചയ്ക്കകം അറിയിക്കാന്‍ വിചാരണക്കോടതി ജഡ്ജിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

Content Highlights: Actress assault case: Supreme Court allows more time to complete trial


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented