സനൽകുമാർ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് പോക്സോ കേസില്‍ ജീവപര്യന്തം കഠിനതടവും പിഴയും. പത്തനംതിട്ട കോഴഞ്ചേരി മൈലപ്ര ഗിരീഷ് ഭവനില്‍ സനല്‍കുമാറി (45) നെയാണ് എറണാകുളം പോക്‌സോ കോടതി ശിക്ഷിച്ചത്.
ജഡ്ജി കെ. സോമനാണ് ശിക്ഷ വിധിച്ചത്. 1,25,000 രൂപയാണ് പിഴ. കേസില്‍ ഒന്‍പത് സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പത്തുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും പീഡനത്തിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
പ്രതിയിലുള്ള പെണ്‍കുട്ടിയുടെ വിശ്വാസം മുതലെടുത്ത് പീഡിപ്പിച്ച പ്രതി ദയ അര്‍ഹിക്കുന്നില്ലെന്ന് വിധിയില്‍ പറയുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനുള്ള ശിക്ഷയായ പത്തു വര്‍ഷത്തെ കഠിനതടവ് അനുഭവിച്ച ശേഷമേ പീഡനത്തിനുള്ള ശിക്ഷയായ ജീവപര്യന്തം ആരംഭിക്കൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പിഴത്തുക ഇരയായ കുട്ടിക്ക് നല്‍കണമെന്നും നിര്‍ദേശിച്ചു.
2013-ലാണ് സംഭവം. 14 വയസ്സുള്ള പെണ്‍കുട്ടിയെ എറണാകുളത്തുനിന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. പഴനിയിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചു. പിതാവ് നല്‍കിയ പരാതിയില്‍ കളമശ്ശേരി പോലീസ് കേസെടുത്തു. നാല് ദിവസത്തിനു ശേഷം പ്രതിയെയും പെണ്‍കുട്ടിയെയും കണ്ടെത്തി. ഈ കേസില്‍ ജാമ്യത്തിലിറങ്ങി പ്രതി ഒളിവില്‍ പോയി.
മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത വിവാഹത്തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ സമയത്താണ് നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ പരിചയപ്പെടുന്നത്. സുനി ദിലീപിനെ വിളിച്ച മൊബൈല്‍ ഒളിപ്പിക്കാന്‍ സഹായിച്ചു. പിന്നീട് പ്രതിയുടെ വീട്ടില്‍നിന്ന് പള്‍സര്‍ സുനി ദിലീപിനെ വിളിച്ച മൊബൈല്‍ കണ്ടെത്തി. ഇതോടെയാണ് നടിയെ ആക്രമിച്ച കേസില്‍ ഒന്‍പതാം പ്രതിയായത്.
ആ കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും ഒളിവില്‍ പോയി. 2019-ല്‍ അറസ്റ്റുചെയ്തു. പോക്‌സോ കോടതിയില്‍നിന്നുള്ള വാറന്റിനെ തുടര്‍ന്ന് വിചാരണയ്ക്ക് ഹാജരാക്കുകയായിരുന്നു. പ്രതി ഒളിവിലായിരുന്നതിനാല്‍ വിചാരണ ഏഴുവര്‍ഷം വൈകിയാണ് ആരംഭിച്ചത്.
കളമശ്ശേരി എസ്.ഐ.യായിരുന്ന എം.ബി. ലത്തീഫാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ. ബിന്ദു, അഡ്വ. സരുണ്‍ മാങ്കറ തുടങ്ങിയവര്‍ ഹാജരായി.
Content Highlights: actress abduction case POCSO case life term
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..