ദിലീപ് | ഫോട്ടോ: മാതൃഭൂമി
കൊച്ചി: സംവിധായകന് ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖകളില് പലതും മിമിക്രിയെന്ന് ദിലീപ്. ശബ്ദരേഖകളില് ചിലത് മാത്രമാണ് തന്റേതെന്ന് കഴിഞ്ഞ ദിവസം നടന്ന ചോദ്യംചെയ്യലിനിടെ ദിലീപ് അവകാശപ്പെട്ടു. തെളിവായി മാറിയേക്കാവുന്ന ശബ്ദം തന്റേതാണെന്ന വാദം നിഷേധിച്ച ദിലീപ് ബാലചന്ദ്രകുമാറിനെ ഒപ്പമിരുത്തിയുള്ള ചോദ്യം ചെയ്യലിനോട് സഹകരിച്ചതുമില്ല. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നാണ് ദിലീപിന്റെ വാദം. സിനിമാ മേഖലയില്‍ നിന്നടക്കം ഗൂഢാലോചന നടക്കുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലടക്കം ഗൂഢാലോചനയുടെ ഭാഗമാണെന്നും ദിലീപ് ആവര്‍ത്തിച്ചു.
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍, തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെയും സംവിധായകന് ബാലചന്ദ്രകുമാറിനേയും ചൊവ്വാഴ്ച ഒരുമിച്ചിരുത്തി ചോദ്യംചെയ്തിരുന്നു. ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ബാലചന്ദ്രകുമാറിനെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയത്. ഒരുമിച്ചുള്ള ചോദ്യംചെയ്യല്‍ നാലു മണിക്കൂറിലധികം നീണ്ടു. ബാലചന്ദ്രകുമാര്‍ എത്തിയതോടെ പല ചോദ്യങ്ങള്‍ക്കും ദിലീപ് മൗനം പാലിച്ചതായാണ് വിവരം.
തനിക്കെതിരായേക്കാവുന്ന തെളിവുകളോട് പ്രതികരിക്കാതിരിക്കുകയും നിശബ്ദനാകുകയുമാണ് ദിലീപ് ചോദ്യം ചെയ്യലിലുടനീളം ചെയ്തത്. ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട, തനിക്കെതിരായ ശബ്ദരേഖകള്‍ ഒന്നും തന്നെ ദിലീപ് അംഗീകരിച്ചില്ല. അതെല്ലാം മിമിക്രയാണ് എന്നതാണ് ദിലീപിന്റെ വാദം. അതേസമയം, തനിക്ക് ദോഷകരമല്ലാത്ത ശബ്ദരേഖകള്‍ ദിലീപ് അംഗീകരിക്കുകയും ചെയ്തു. പ്രതിരോധത്തിലാക്കുന്ന തെളിവുകള്‍ ക്രൈബ്രാഞ്ച് നിരത്തുമ്പോള്‍ അഭിഭാഷകന് കോടതിയില്‍ മറുപടി നല്‍കുമെന്ന് പറഞ്ഞൊഴിയുകയാണ് ദിലീപ് ചെയ്തത്.
ഇതിനിടെ, മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ സ്വയം ഡീലീറ്റ് ചെയ്തു എന്നാണ് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. അതിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തു. ഫോറന്‍സിക് പരിശോധനയില്‍ അഭിഭാഷകരടക്കം പ്രതിരോധത്തിലാകുകയും പ്രതിക്കൂട്ടിലാകുകയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. ഇതിനേത്തുടര്ന്നണ് മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതിന്റെ ഉത്തരവാദിത്വം ദീലീപ് സ്വയം ഏറ്റെടുത്തത്.
രണ്ടു ദിവസങ്ങളിലായി 16 മണിക്കൂറോളമാണ് ദിലീപിനെ ചോദ്യംചെയ്തത്. ഇന്നലെ ബാലചന്ദ്രകുമാര്‍ പോയശേഷവും ദിലീപിനെ ചോദ്യംചെയ്യുന്നത് തുടര്‍ന്നിരുന്നു. ഒമ്പതര മണിക്കൂര്‍ ചോദ്യംചെയ്യലിനു ശേഷം രാത്രി എട്ടു മണിയോടെയാണ് ദിലീപ് മടങ്ങിയത്. ചോദ്യംചെയ്യല്‍ തുടരുമെന്നാണ് സൂചന. ലഭിച്ച മൊഴി വിശദമായി പരിശോധിച്ച ശേഷം വീണ്ടും ചോദ്യംചെയ്യുന്ന കാര്യം തീരുമാനിക്കും. ഇതോടൊപ്പം മറ്റു പലരേയും ചോദ്യംചെയ്യേണ്ടി വരുമെന്ന സൂചനയും അന്വേഷണ സംഘം നല്‍കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..