ദിലീപ് | ഫോട്ടോ: മാതൃഭൂമി
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്ക് തെളിയിക്കാനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍. തനിക്ക് എതിരായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ നിന്ന് പ്രോസിക്യുഷനെ തടയാന്‍ ദിലീപ് ശ്രമിക്കുകയാണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ കേരളം വ്യക്തമാക്കി. ദിലീപിന് പുറമെ കേസിലെ പതിനഞ്ചാം പ്രതിയായ ശരത്തിനെതിരെയും സംസ്ഥാന സർക്കാർ മറുപടി സത്യവാങ്മൂലത്തിൽ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ വ്യാജമാണെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ ഇന്നലെ ആരോപിച്ചിരുന്നു. എന്നാല്‍ മഞ്ജു വാരിയര്‍ ഉള്‍പ്പടെ കേസിലെ നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിനെ ന്യായീകരിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ ഇന്ന് സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
തെളിവുകളുടെ വിടവ് നികത്താനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യുഷന്‍ ആവശ്യപ്പെടുന്നതെന്നാണ് ദിലീപ് ആരോപിച്ചിരുന്നത്. എന്നാല്‍ തെളിവുകളുടെ വിടവ് നികത്താന്‍ ഒരു സാക്ഷിയെയും വീണ്ടും വിസ്തരിക്കുന്നില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. ഡിജിറ്റല്‍ തെളിവുകളും വോയിസ് റെക്കോര്‍ഡിങ് ഉള്‍പ്പടെയുളള തെളിവുകളും നശിപ്പിച്ചത് ഉള്‍പ്പടെയുളള കാര്യങ്ങള്‍ തെളിയിക്കാനാണ് മഞ്ജു വാരിയര്‍ ഉള്‍പ്പടെ നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
ദിലീപിന്റെയും ശരത്തിന്റെയും അഭിഭാഷകരുടെ ദൈര്‍ഘ്യമേറിയ ക്രോസ് വിസ്താരങ്ങള്‍ ഉണ്ടെങ്കിലും 30 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിശ്വാസമെന്നും മറുപടി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വേഗത്തിലുള്ള വിചാരണ പ്രതിയുടെയും ഇരയുടെയും അവകാശമാണെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഈ അവകാശം പ്രതികള്‍ക്ക് എതിരായ തെളിവുകള്‍ കോടതിക്കുമുന്നില്‍ എത്തിക്കുന്നതില്‍നിന്ന് പ്രോസിക്യുഷനെ വിലക്കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് കാവ്യാ മാധവന്റെ അച്ഛന്‍, അമ്മ ഉള്‍പ്പടെയുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതെന്ന് ദിലീപ് ആരോപിച്ചിരുന്നു. എന്നാല്‍, ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നും സംസ്ഥാനം മറുപടി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പല സാക്ഷികളെയും വിസ്തരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം എതിര്‍ വിസ്താരത്തിന് എടുക്കുന്നതായി സംസ്ഥാനം വിശദീകരിച്ചിട്ടുണ്ട്. വിസ്താരം നീണ്ടുപോകുന്നതിനെതിരെ ദിലീപ് നല്‍കിയ ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
Content Highlights: actess assault case: government filed an affidavit in the Supreme Court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..