പരിക്കേറ്റ അബ്ദുൾജബ്ബാറിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ
തിരൂര്‍: പോക്സോ കേസില്‍ വിധികേട്ട പ്രതി കോടതി കെട്ടിടത്തില്‍നിന്നു താഴേക്കുചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരൂരില്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി കെട്ടിടത്തിന്റെ ഒന്നാംനിലയില്‍നിന്ന് താഴേക്കുചാടി കോട്ടയ്ക്കല്‍ ആട്ടീരി സ്വദേശി പുല്‍പ്പാട്ടില്‍ അബ്ദുള്‍ജബ്ബാറാണ് (27) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരിക്കേറ്റ ഇയാളെ പോലീസ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിക്ക് കോടതി 18 വര്‍ഷമാണ് തടവുശിക്ഷ വിധിച്ചത്.
2014-ല്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് മൊബൈലില്‍ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ കോട്ടയ്ക്കല്‍ പോലീസ് രജിസ്റ്റര്‍ചെയ്ത കേസ്സിലെ പ്രതിയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കോട്ടയ്ക്കല്‍ പോലീസ് പ്രതിയെ തിരൂര്‍ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതിയില്‍ ഹാജരാക്കി. ജഡ്ജി സി.ആര്‍. ദിനേശ് വിവിധ വകുപ്പുകളില്‍ 18 വര്‍ഷം കഠിനതടവിനും 65,000 രൂപ പിഴയടയ്ക്കാനുമാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 20 മാസം കഠിനതടവും അനുവദിക്കണം. ജഡ്ജി ശിക്ഷവിധിച്ച ഉടനെ പ്രതി കോടതി കെട്ടിടത്തിന്റെ ഒന്നാംനിലയില്‍നിന്ന് താഴേക്കുചാടുകയായിരുന്നു. പരിക്കേറ്റ പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. കോടതിവളപ്പിലുണ്ടായിരുന്നവര്‍ പിടിച്ചുവെച്ചെങ്കിലും അവരെ തട്ടിമാറ്റി തൊട്ടടുത്ത പഴയ സബ്രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിന്റെ ചുമരില്‍ തലയടിച്ച് അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. ഉടനെ പോലീസ് ഇയാളെ പിടികൂടി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോടതിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിന് തിരൂര്‍ പോലീസ് കേസെടുത്തു. കോടതിയില്‍ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ആയിഷ പി. ജമാല്‍, അശ്വനികുമാര്‍ എന്നിവര്‍ ഹാജരായി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: accused jumped from building after hearing court verdict
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..