വിഷ്ണു ഉല്ലാസിനെ തിരുവല്ല തുകലശ്ശേരിയിൽനിന്നു പിടികൂടിയപ്പോൾ
മാവേലിക്കര: സബ് ജയിലിൽനിന്നു രക്ഷപ്പെട്ട റിമാൻഡ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥർ പിടികൂടി. തിരുവല്ല നെടുമ്പ്രം കണ്ണാറചിറ വിഷ്ണു ഉല്ലാസിനെ(26)യാണ് തിരുവല്ല തുകലശ്ശേരിയിൽനിന്ന് തിങ്കളാഴ്ച രാത്രി ഏഴരയോടെ പിടികൂടിയത്. കഞ്ചാവുകേസിലെ പ്രതിയായ സുഹൃത്തിന്റെ വീട്ടിലേക്ക് ബൈക്കിൽ വരുന്നതിനിടെ ജയിൽ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തുകയായിരുന്നു. ഉദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇയാൾ കുരുമുളകു സ്‌പ്രേ അടിക്കാനും ശ്രമിച്ചു. പ്രതിയെ സാഹസികമായാണ് കീഴ്‌പ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ജനുവരി 26-നു രാവിലെ ഏഴരയോടെയാണ് വിഷ്ണു സബ് ജയിലിൽനിന്നു രക്ഷപ്പെട്ടത്. അന്നുമുതൽ ജയിൽ ഉദ്യോഗസ്ഥർ സംഘങ്ങളായി തിരിഞ്ഞ് അന്വേഷിച്ചുവരുകയാണ്. മാവേലിക്കര പോലീസും തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. സംഭവശേഷം നെടുമ്പ്രത്തെ വീട്ടിൽ ഇയാൾ എത്തിയിരുന്നില്ല. എന്നാൽ, കഞ്ചാവ് ഉപയോഗിക്കാറുള്ള ഇയാൾ തിരുവല്ലയിലും സമീപപ്രദേശങ്ങളിലുമുള്ള കഞ്ചാവുവിൽപ്പനക്കാരുമായി ബന്ധപ്പെടുന്നതായി ഉദ്യോഗസ്ഥർക്കു വിവരം ലഭിച്ചിരുന്നു.
തുകലശ്ശേരിയിലെ സുഹൃത്തിന്റെ വീട്ടിൽ കഴിഞ്ഞദിവസം പിറന്നാളാഘോഷം നടന്നിരുന്നു. ചടങ്ങിൽ പങ്കെടുത്തില്ലെങ്കിലും അടുത്ത ദിവസങ്ങളിലെത്തുമെന്ന സംശയത്തിൽ ഉദ്യോഗസ്ഥർ വീടിന്റെ പരിസരം നിരീക്ഷിച്ചുവരുകയായിരുന്നു. ഹെൽമെറ്റും ഫുൾക്കൈ ഷർട്ടും ധരിച്ച് തിരുവല്ലയിലൂടെ യാത്രചെയ്യുന്ന ഇയാളുടെ സി.സി.ടി.വി.ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഇതും അന്വേഷണത്തിനു സഹായകരമായി.
ആയുധം കൈവശംെവച്ചതും യുവതിയെ ഭീഷണിപ്പെടുത്തിയതും ഉൾപ്പെടെയുള്ള കേസുകളിൽ പുളിക്കീഴ് പോലീസ് അറസ്റ്റുചെയ്ത വിഷ്ണുവിനെ ജനുവരി 25-നു വൈകീട്ടാണ് ജയിലിലെത്തിച്ചത്.
രക്ഷപ്പെട്ടത് മതിലിലെ വിള്ളലിൽ കൈപിടിച്ചുകയറി
: സബ് ജയിലിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തെ മതിൽ ചാടിക്കടന്നാണ് വിഷ്ണു രക്ഷപ്പെട്ടത്. ഉയരമുള്ള മതിലിലൂടെ സാധാരണഗതിയിൽ ഒരാൾക്ക് പുറത്തുകടക്കാൻ കഴിയില്ല. ഇതിനാൽ പ്രതി രക്ഷപ്പെട്ട വഴി കൃത്യമായി അറിയാതെ ഉദ്യോഗസ്ഥർ ആശയക്കുഴപ്പത്തിലായിരുന്നു.
വടക്കുപടിഞ്ഞാറുഭാഗത്തെ മതിൽ വനിതാ ജയിലിനോടു ചേർന്നാണുള്ളത്. വനിതാ ജയിലിന്റെ മതിലും സബ് ജയിലിന്റെ പ്രധാന കെട്ടിടവും ചേരുന്ന ഭാഗത്ത് നേരിയ വിടവുണ്ട്. ഇതിലൂടെ കൈകടത്തിയാണ് മുകളിലേക്കു പിടിച്ചുകയറിയതെന്ന് വിഷ്ണു ഉദ്യോഗസ്ഥരോട് പറഞ്ഞു. ഉടൻതന്നെ ഈ ഭാഗം അടയ്ക്കുമെന്ന് ബന്ധപ്പെട്ടവർ സൂചിപ്പിച്ചു.
Content Highlights: accused escaped from sub jail arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..