പ്രതീകാത്മക ചിത്രം/മാതൃഭൂമി
ചെന്നൈ: ബന്ധുവിന്റെ ലൈംഗികാതിക്രമത്തിനെതിരേ 17-കാരി പുറത്തുവിട്ട വീഡിയോ വൈറലായതോടെ പോലീസിന്റെ നടപടി. കേസില്‍ മൂന്നുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി പരാതി നല്‍കിയ വനിതാ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരേയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസങ്ങളിലാണ് ചെങ്കല്‍പേട്ട്, കല്‍പാക്കം സ്വദേശിനിയായ 17-കാരിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. ബന്ധു ലൈംഗികമായി ഉപദ്രവിച്ചെന്നും സംഭവത്തില്‍ പരാതിപ്പെട്ടതിന് ഗ്രാമവാസികള്‍ തന്റെ കുടുംബത്തിന് ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുകയാണെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറഞ്ഞിരുന്നു. പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ബന്ധു അടക്കമുള്ളവര്‍ ഇപ്പോഴും ഉപദ്രവം തുടരുകയാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്. അതിനാല്‍ കുറ്റവാളികള്‍ക്കെതിരേ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും പെണ്‍കുട്ടി വീഡിയോയിലൂടെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് അഭ്യര്‍ഥിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
ഗ്രാമത്തില്‍ അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് 17-കാരി താമസിക്കുന്നത്. ബന്ധുവായ യുവാവ് പെണ്‍കുട്ടിയുടെ കുടുംബവുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നത് പതിവായിരുന്നു. ഇതിനിടെയാണ് 17-കാരിക്ക് നേരേ ലൈംഗികാതിക്രമവും ഉണ്ടായത്. ഈ സംഭവത്തില്‍ ചതുരംഗപട്ടണം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. മാത്രമല്ല, പരാതി നല്‍കിയതറിഞ്ഞ് ഗ്രാമവാസികള്‍ കുട്ടിയുടെ കുടുംബത്തിന് ഭ്രഷ്ട് കല്‍പ്പിക്കുകയും ചെയ്തു. ഇതിനുശേഷവും ബന്ധുവും ഇയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് ഉപദ്രവം തുടര്‍ന്നതായും തങ്ങളുടെ കുടുംബത്തെ ഒറ്റപ്പെടുത്താന്‍ മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി ആരോപിക്കുന്നു.
പെണ്‍കുട്ടിയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ചെങ്കല്‍പേട്ട് ഡി.എസ്.പി.യാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പോക്‌സോ വകുപ്പുകളടക്കം ചുമത്തിയാണ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥക്കെതിരേയും പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ടെന്നും ഡി.എസ്.പി. പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥക്കെതിരേ വിശദമായ അന്വേഷണം നടത്തുമെന്നും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: accused arrested after 17 year old girl video goes viral about sexual harassment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..