മാല മോഷ്ടിച്ച അനിൽകുമാർ, വയോധികയെ ഇടിച്ച വാഹനമോടിച്ച അഭിരാം
ആലുവ: വാഹനമിടിച്ച് മരിച്ച വൃദ്ധയുടെ കഴുത്തില്‍ക്കിടന്ന സ്വര്‍ണമാല മോഷ്ടിച്ചയാളെ പിടികൂടി. ഇടിച്ചവാഹനം ഓടിച്ചയാളും പോലീസ് പിടിയിലായി. മാലമോഷ്ടിച്ച അമ്പാട്ടുകാവ് മാങ്കായിപ്പറമ്പ് വീട്ടില്‍ അനില്‍കുമാര്‍ (46), വാഹനം ഓടിച്ച പൊയ്ക്കാട്ടുശ്ശേരി ചുണ്ടംതുരുത്തില്‍ അഭിരാം (22) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്.
മാര്‍ച്ച് 30-ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അമ്പാട്ടുകാവില്വെച്ച് പത്തിനംതിട്ട സ്വദേശി തുളസി അമ്മാളെ (65) മിനിലോറി ഇടിച്ചത്. അമിതവേഗത്തില്‍ വന്ന് ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഗുരുതര പരിക്കേറ്റ വൃദ്ധയെ ആശുപത്രിയിലെത്തിക്കാന്‍ അനില്‍കുമാര്‍ സ്വയം മുന്നോട്ടുവരികയും, അതുവഴിവന്ന കാറില്‍ ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്തു. യാത്രാമധ്യേ വൃദ്ധ മരിച്ചു.
മരണാനന്തര ചടങ്ങുകള്‍ക്കിടയിലാണ് മാല കാണാതായ വിവരം ബന്ധുക്കള്‍ അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്കി. അന്വഷണത്തില്‍, പരിക്കേറ്റ് കിടക്കുമ്പോള്‍ വൃദ്ധയുടെ കഴുത്തില്‍ മാലയുണ്ടായിരുന്നുവെന്നും ആശുപത്രിയിലെത്തിയപ്പോള്‍ മാല ഉണ്ടായിരുന്നില്ലെന്നും പോലീസ് കണ്ടെത്തി. തുടര്‍ന്നാണ്, ആശുപത്രിയിലെത്തിക്കാന്‍ രംഗത്തുവന്ന ആളിലേക്ക് അന്വേഷണം നീണ്ടതും പ്രതി പിടിയിലാകുന്നതും. യാത്രാമധ്യേ ഇയാള്‍ വൃദ്ധയുടെ മാല ഊരിയെടുക്കുകയായിരുന്നു. മോഷ്ടിച്ച മാല ആലുവയില്‍ പണയംവെച്ചത് പോലീസ് കണ്ടെടുത്തു.
വയോധികയെ ഇടിച്ച വാഹനവുമായി ഡ്രൈവര്‍ അഭിറാം ഊടുവഴികളിലൂടെ കയറി പാതാളം ഏലൂര്‍വഴി രക്ഷപ്പെട്ടു. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ തൃപ്പൂണിത്തുറയില്‍ നിന്നാണ് ഡ്രൈവറും വാഹനവും കസ്റ്റഡിയിലായത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
Content Highlights: accident victims gold chain looted in aluva
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..