പ്രതീകാത്മക ചിത്രം/മാതൃഭൂമി
തിരുവനന്തപുരം: വ്യാജരേഖകള്‍ സമര്‍പ്പിച്ച് ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്തതിന് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത 12 കേസുകളില്‍ 26 പേരെ പ്രതിചേര്‍ത്തു. പോലീസുകാരും അഭിഭാഷകരും ഉള്‍പ്പെടെയുള്ളവരെയാണ് പ്രതികളാക്കിയത്.
സംസ്ഥാനത്തിന് പുറത്തു നടന്ന വാഹനാപകടങ്ങള്‍ പോലും കേരളത്തില്‍ നടന്നതായി കാട്ടി വന്‍തുക നഷ്ടപരിഹാരമായി തട്ടിയെടുത്തുവെന്ന ഇന്‍ഷുറന്‍സ് കമ്പനി അധികൃതരുടെ പരാതികളെ തുടര്‍ന്നാണ് അന്വേഷണം നടന്നത്. ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തെ തുടര്‍ന്നാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
പോലീസ് ഉദ്യോഗസ്ഥരും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും അഭിഭാഷകരും ഉള്‍പ്പെടുന്നവര്‍ ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. ഒരേ വാഹനങ്ങള്‍ തന്നെ ഒന്നിലധികം അപകടങ്ങളില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
തമിഴ്നാട്ടില്‍ നടന്ന അപകടങ്ങളും കേരളത്തില്‍ നടന്നതായി കാട്ടി തട്ടിപ്പ് നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് ട്രാഫിക് പോലീസ് സ്റ്റേഷന്, തമ്പാനൂര്‍, പൂജപ്പുര, മ്യൂസിയം, മംഗലപുരം, വിളപ്പില്‍ശാല തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനാപകട കേസുകളില്‍ ചിലതും തട്ടിപ്പ് കേസുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
നിസാര അപകടങ്ങളില്പ്പെട്ടവരെയും വലിയ അപകടങ്ങളില്‍ ഉള്‍പ്പെട്ടുവെന്ന് കാട്ടി രേഖകളുണ്ടാക്കി തട്ടിപ്പ് നടന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള പല കേസുകളിലും പ്രതിയും സാക്ഷിയും അപകടത്തില്പ്പെട്ടയാളുമൊക്കെ ഒരേ ആളുകള്‍ തന്നെയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ചില വാഹനങ്ങള്‍ നിരവധി തവണ വാഹനാപകട കേസുകളില്‍ ഉള്‍പ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള കൂടുതല്‍ കേസുകളുണ്ടോയെന്നത് അന്വേഷിച്ചുവരികയാണ്.
Content Highlights: accident insurance claim fraud crime branch registered 12 cases
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..