ബസിനടിയിൽപ്പെട്ട് തകർന്ന സ്കൂട്ടർ മാറ്റിയിട്ടപ്പോൾ(ഇടത്ത്) മരിച്ച രാജേന്ദ്രൻപിള്ള(വലത്ത്)
കോട്ടയം: പാലാ-പൊന്‍കുന്നം റോഡില്‍ രണ്ടാംമൈലിന് സമീപം ഹോട്ടല്‍ ജീവനക്കാരനായ സ്കൂട്ടര്‍ യാത്രക്കാരന് മരിച്ച അപകടം മറിഞ്ഞുകിടന്ന സ്കൂട്ടറില്‍ കെ.എസ്.ആര്.ടി.സി.ബസിടിച്ച്. തിങ്കളാഴ്ച അര്‍ധരാത്രി ബസിനടിയില്‍പ്പെട്ട് പനമറ്റം അക്കരക്കുന്ന് കാവില്‍ത്താഴെ രാജേന്ദ്രന്‍പിള്ള(56)യാണ് മരിച്ചത്. പൊന്‍കുന്നം മെഡാസ് ഹോട്ടലിലെ ജീവനക്കാരനായിരുന്നു.
രാത്രി ഹോട്ടലിലെ ജോലികഴിഞ്ഞ് പനമറ്റത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. മറിഞ്ഞുകിടന്ന സ്കൂട്ടറില്‍ ബസിടിക്കുകയായിരുന്നുവെന്ന് പൊന്‍കുന്നം ഡിപ്പോയിലെ പെരിക്കല്ലൂര്‍ റൂട്ടിലോടുന്ന ബസിലെ ഡ്രൈവര്‍ വി.എസ്.സുരേഷ് പോലീസില്‍ മൊഴിനല്‍കി.
ഏതെങ്കിലും വാഹനം ഇടിച്ചിട്ടതാണോ? അന്വേഷണം ആ വഴിക്കും
മറ്റേതെങ്കിലും വാഹനം സ്കൂട്ടറില്‍ തട്ടി മറിഞ്ഞുവീണതാണോയെന്ന് സംശയമുള്ളതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ദൃക്സാക്ഷികളുടെ മൊഴിയില്ലെന്ന് പൊന്‍കുന്നം സ്റ്റേഷന് ഹൗസ് ഓഫീസര്‍ സജിന്‍ ലൂയിസ് പറഞ്ഞു. അപകടത്തില്‍പെട്ട സ്കൂട്ടറും കെ.എസ്.ആര്.ടി.സി.ബസും ഫൊറന്‍സിക് വിഭാഗം പരിശോധിച്ച് തെളിവെടുത്തു.
തൊട്ടുമുന്പില്എത്തിയപ്പോഴാണ് സ്കൂട്ടര്‍ കണ്ടത്...
പെരിക്കല്ലൂരില്‍നിന്ന് മടങ്ങിയ ബസ് പൊന്‍കുന്നത്ത് എത്താന്‍ ഏതാനും മിനിറ്റുകള്‍ ബാക്കിനില്‍ക്കെയാണ് രണ്ടാംമൈലിനും കൊപ്രാക്കളത്തിനും ഇടയില്‍ അപകടം. എതിരേവന്ന വാഹനത്തിന്റെ വെളിച്ചം കണ്ണിലടിച്ചതിനാല്‍ ബസ് തൊട്ടടുത്ത് എത്തിയപ്പോഴാണ് വഴിയില്‍ സ്കൂട്ടര്‍ മറിഞ്ഞുകിടക്കുന്നത് കണ്ടത്. ബ്രേക്ക് ചെയ്തെങ്കിലും സ്കൂട്ടറില്‍ ഇടിച്ച് കുറച്ചുദൂരം മുന്പോട്ട് നിരങ്ങിനീങ്ങിയാണ് ബസ് നിന്നത്. സ്കൂട്ടര്‍ യാത്രക്കാരനെ കണ്ടിരുന്നുമില്ല. അതുവഴിയെത്തിയ ലോറിയില്‍നിന്ന് ജാക്കി കൊണ്ടുവന്ന് ഉയര്‍ത്തിയാണ് യാത്രക്കാരനെ പുറത്തെടുത്ത് ആള്ക്കാര് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
- ബസ് ഡ്രൈവര്‍ വി.എസ്.സുരേഷ്.
രാജേന്ദ്രന്‍പിള്ള പാട്ടുവേദിയിലെ നിത്യസാന്നിധ്യം
തമ്പലക്കാട് കാവില്‍ത്താഴെ കുടുംബാംഗമായ രാജേന്ദ്രന്‍പിള്ള പനമറ്റം അക്കരക്കുന്നില്‍ താമസം തുടങ്ങിയപ്പോള്‍ മുതല്‍ പനമറ്റം ദേശീയവായനശാലയില്‍ എല്ലാരും പാടുന്നു എന്ന പാട്ടുകൂട്ടായ്മയില് പങ്കെടുത്തിരുന്നു. തമിഴ് ഭക്തിഗാനങ്ങളും വീരമണിയുടെ ഗാനങ്ങളും പാടാനായിരുന്നു ഇദ്ദേഹത്തിന് ഏറെയിഷ്ടം. മിമിക്രി കലാകാരന് കൂടിയായിരുന്നു സുഹൃത്തുക്കള്‍ക്കിടയില്‍ രാജേഷ് എന്നറിയപ്പെടുന്ന രാജേന്ദ്രന്‍പിള്ള. ഭാര്യ: സുമ. മക്കള്‍: ജ്യോതിഷ്, സൂരജ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് വീട്ടുവളപ്പില്‍ നടത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..