കൊല്ലപ്പെട്ട അബൂബക്കർ സിദ്ദീഖ്(ഇടത്ത്) ക്വട്ടേഷൻസംഘം യുവാക്കളെ തടവിൽ പാർപ്പിച്ച പൈവളിഗയിലെ വീട്(വലത്ത്) | Screengrab: Mathrubhumi News
കാസർകോട്: സീതാംഗോളി മുഗുറോഡിലെ അബൂബക്കർ സിദ്ദിഖ് കൊല്ലപ്പെട്ട പൈവളിഗെയിലെ രഹസ്യസങ്കേതത്തിൽ നടന്നത് സിനിമാരംഗങ്ങളെ വെല്ലുന്ന സംഭവങ്ങൾ. ക്വട്ടേഷൻ നൽകിയവരെ വാൾമുനത്തുമ്പിൽ നിർത്തി ഭീഷണിപ്പെടുത്തിയാണ് ക്വട്ടേഷൻ ഏറ്റെടുത്തവർ മൃതദേഹം കൈമാറിയത്. ക്രൂരമർദനത്തിനിടയിൽ സിദ്ദിഖ് മരിച്ചെന്ന് ഉറപ്പാക്കിയ പൈവളിഗെ സംഘം പണത്തിന്റെ കാര്യത്തിൽ തീരുമാനമായെന്ന് ധരിപ്പിച്ച് ക്വട്ടേഷൻ നൽകിയ മഞ്ചേശ്വരത്തുള്ളവരെ രഹസ്യസങ്കേതത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
അവിടെയെത്തിയ മഞ്ചേശ്വരം സംഘം സിദ്ദിഖ് മരിച്ചതായി സംശയം പ്രകടിപ്പിച്ചു. എന്നാൽ എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാൻ ക്വട്ടേഷൻ സംഘം ആവശ്യപ്പെട്ടെങ്കിലും മഞ്ചേശ്വരം സ്വദേശികൾ ഏറ്റെടുക്കാൻ തയ്യാറായില്ല. വടിവാളുയർത്തി നിങ്ങൾക്കും ഈ ഗതി വരുമെന്ന് ആക്രോശിച്ച് ക്വട്ടേഷൻ സംഘം മഞ്ചേശ്വരത്ത് നിന്നെത്തിയവരെ അനുസരിപ്പിക്കുകയായിരുന്നു. മൃതദേഹം വഴിയിൽ തള്ളാതിരിക്കാൻ ഇവർ സഞ്ചരിച്ച കാറിനെ ക്വട്ടേഷൻസംഘം ബന്തിയോടുവരെ പിന്തുടരുകയും ചെയ്തു.
സിദ്ദിഖുമായി എത്തിയ കാറും അതിലെത്തിയവരെയും എളുപ്പം തിരിച്ചറിയാൻ ആശുപത്രിയിലെ സി.സി.ടി.വി. ദൃശ്യം പോലീസിന് സഹായകമായി. ഇതാണ് കേസിന്റെ അന്വേഷണത്തിന് വേഗം കൂട്ടിയത്. ക്വട്ടേഷൻ നൽകിയവർ മൃതദേഹം വഴിയിൽ ഉപേക്ഷിച്ച് കടന്നിരുന്നെങ്കിൽ കേസിന്റെ ഗതി മറ്റൊന്നാകുമായിരുന്നു. ക്വട്ടേഷൻ സംഘം കാണിച്ച അതിബുദ്ധി അവർക്കുതന്നെ കെണിയൊരുക്കുകയായിരുന്നു. സംഭവം നടന്ന് രണ്ടുദിവസത്തിനുള്ളിൽ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും അഞ്ച് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും നാലരലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും ഇതിനകം തിരിച്ചറിഞ്ഞു. ക്വട്ടേഷൻ നൽകിയ സംഘത്തിലെ മൂന്നുപേർ പോലീസിന്റെ വലയിലായതായും അറിയുന്നു. അവരുടെ അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തിയേക്കും.
അതിനിടെ, ബുധനാഴ്ച കേസിൽ അറസ്റ്റിലായ മഞ്ചേശ്വരം ഉദ്യാവർ ജെ.എം. റോഡിൽ കണ്ണപ്പബാക്ക് ഹൗസിൽ അബ്ദുൾ അസീസ് (36), ഉദ്യാവർ ജെ.എം.റോഡിൽ റൗഫ് റഹീം മൻസിലിൽ അബ്ദുൾ റഹീം (41) എന്നിവരെ കാസർകോട് കോടതി റിമാൻഡ് ചെയ്തു. ഗൾഫിലേക്ക് മഞ്ചേശ്വരം സ്വദേശികൾ ഏജന്റുമാർ വഴി കടത്തിയ 40,000 രൂപയുടെ ദിർഹം കാണാതായ സംഭവവുമായി ബന്ധപ്പെട്ടാണ് കൊല നടന്നത്. മഞ്ചേശ്വരം സ്വദേശികളിൽനിന്ന് ക്വട്ടേഷൻ ഏറ്റെടുത്ത പൈവളിഗെ സംഘം ഒളിസങ്കേതത്തിൽ മർദിക്കുന്നതിനിടെയാണ് സിദ്ദിഖ് കൊല്ലപ്പെട്ടത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..