മുഹമ്മദ് ഷാഫി, സിസിടിവി ദൃശ്യത്തിൽ നിന്നും
കോഴിക്കോട്: താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഒരു വെള്ള സ്വിഫ്റ്റ് കാറിലാണ് പ്രവാസിയെ തട്ടിക്കൊണ്ടുപോയത് എന്നാണ് മനസ്സിലാകുന്നത്. എന്നാൽ കാറിന്റെ രജിസ്‌ട്രേഷൻ നമ്പർ വ്യക്തമല്ല.
പ്രവാസിയായ മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ട് പോയി മൂന്ന് ദിവസം പിന്നിട്ടിട്ടും പോലീസിന് ഇദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കാറിന്റെ നമ്പർ വ്യക്തമല്ല എന്നതും പോലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നു. നമ്പർ അവസാനിക്കുന്നത് 7001-ൽ ആണ് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ നിലവിൽ മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട് പോലീസ് ചില നമ്പറുകൾ പരിശോധിക്കുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു താമരശ്ശേരി പരപ്പൻപോയിൽ സ്വദേശി മുഹമ്മദ് ഷാഫിയെയും ഭാര്യ സനിയയെയും കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സനിയയെ പിന്നീട് റോഡിൽ ഇറക്കിവിടുകയായിരുന്നു.
മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയതിനു പിന്നിൽ വിദേശത്തെ സാമ്പത്തിക ഇടപാടിന് മധ്യസ്ഥത വഹിച്ചതാവാമെന്നായിരുന്നു ബന്ധുക്കൾ പോലീസിനെ അറിയിച്ചിരുന്നത്. എന്നാൽ, ഹവാല പണമിടപാടുമായി നേരിട്ട് ബന്ധമുള്ളതിനാലാണ് പണം കിട്ടാനുള്ളവർ ക്വട്ടേഷൻസംഘാംഗങ്ങളെ വിട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന നിഗമനത്തിലാണ് പോലീസ്.
ദുബായിൽവെച്ച് കൊടുവള്ളി സ്വദേശിയായ സാലി എന്നയാളുമായി ഒരുകോടി മുപ്പതുലക്ഷം രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട് ഇദ്ദേഹവും മുഹമ്മദ് ഷാഫിയും മധ്യസ്ഥരും തമ്മിൽ അസ്വാരസ്യം നിലനിന്നിരുന്നു. ട്രാൻസ്ഫർ ചെയ്യേണ്ടതിൽനിന്ന് കൈവശപ്പെടുത്തിയ തുകയിൽ പകുതി ഉടമകൾക്ക് മടക്കിക്കിട്ടിയെന്നും ബാക്കികൂടി ലഭിക്കാൻവേണ്ടിയാണ് കൊടുവള്ളി സ്വദേശിയും കൂട്ടാളികളും ചേർന്ന് ഷാഫിയുടെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയതെന്നുമാണ് കസ്റ്റഡിയിലെടുത്തവരിൽനിന്ന് ലഭിച്ച വിവരം. ഒരുമാസംമുമ്പ് നടന്ന ഈ സംഭവത്തിൽ എട്ടാളുകളുടെപേരിൽ താമരശ്ശേരി പോലീസ് കേസെടുത്തിരുന്നു. അതേ സംഭവത്തിന്റെ പേരിലാണ് ഇപ്പോഴത്തെ തട്ടിക്കൊണ്ടുപോകലെന്ന പ്രാഥമിക വിലയിരുത്തലിലാണ് പോലീസ്.
ഇതിനകം പതിനഞ്ചിലധികംപേരെയാണ് പ്രത്യേക അന്വേഷണസംഘം കേസുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തി ചോദ്യംചെയ്തത്. ദുബായിൽ നടന്ന ഹവാല ഇടപാടിനെത്തുടർന്നുള്ള പ്രശ്നത്തിന്റെപേരിൽ ഷാഫിയുടെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയ രണ്ടുപേർ ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്.
അതേസമയം, മുഹമ്മദ് ഷാഫിയെ ഇതുവരെ കണ്ടെത്താനാവാത്ത സാഹചര്യത്തിൽ ഉന്നതപോലീസ് മേധാവികൾ താമരശ്ശേരി ഡിവൈ.എസ്.പി. ഓഫീസിൽ ഞായറാഴ്ച പ്രത്യേകയോഗം ചേർന്ന് അന്വേഷണഗതി വിലയിരുത്തി.
Content Highlights: Abduction incident of expatriate CCTV footage is out, police suspects hawala transaction
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..