സിദ്ദിഖ്
കാസർകോട്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ആശുപത്രിയിൽ ഉപേക്ഷിച്ചു. കുമ്പള സീതാംഗോളി മുഗുറോഡിലെ പരേതനായ അബ്ദുൾ റഹ്മാന്റെ മകൻ സിദ്ദിഖ് (32) ആണ് കൊല്ലപ്പെട്ടത്.
സഹോദരൻ അൻസാരിയെയും സുഹൃത്തിനെയും കഴിഞ്ഞദിവസം ഒരുസംഘം തട്ടിക്കൊണ്ടുപോയിരുന്നതായി പോലീസ് പറഞ്ഞു. ഇവരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഗൾഫിലായിരുന്ന സിദ്ദിഖിനെ സംഘം നാട്ടിലെത്തിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ഗൾഫിൽനിന്നെത്തിയ സിദ്ദിഖിനെ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി ഏഴരയോടെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ സിദ്ദിഖിനെ എത്തിച്ച് സംഘം കടന്നുകളഞ്ഞു. ആസ്പത്രിയലെ തീവ്രപരിചരണവിഭാഗത്തിലെ ഡോക്ടർമാരും നഴ്സുമാരും പരിശോധിച്ചപ്പോഴാണ് സിദ്ദിഖ് മരിച്ചതായി ബോധ്യപ്പെട്ടത്. തുടർന്ന് മരണവിവരം അറിയിക്കാൻ ഒപ്പമെത്തിയവരെ അന്വേഷിച്ചപ്പോഴേക്കും അവർ കടന്നുകളഞ്ഞിരുന്നു.
ഗൾഫിലേക്കുള്ള പണം കടത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടുപോകലിലേക്കും കൊലയിലേക്കും നയിച്ചതെന്നാണ് പോലീസ് അനുമാനിക്കുന്നത്. സിദ്ദിഖിന് കാലിനടിയിൽ മാത്രമാണ് പരിക്കുള്ളത്. വെള്ളത്തിൽ മുക്കിക്കൊന്നതാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന, കാസർകോട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണൻ നായർ, കുമ്പള ഇൻസ്പെക്ടർ പി. പ്രമോദ് തുടങ്ങിയവർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. വിദഗ്ധ പരിശോധനയ്ക്കായി മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..