ശ്രദ്ധയും അഫ്താബും | Photo: Instagram/thatshortrebel
ന്യൂഡല്‍ഹി: ഭയനാകരമായ വെളിപ്പെടുത്തലുകളോടെ ശ്രദ്ധ വാള്‍ക്കര്‍ വധക്കേസില്‍ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിയായ അഫ്താബ് പൂനവാല കൊലപാതകത്തിന് ശേഷം എങ്ങനെ ശരീരം ഒളിപ്പിച്ചുവെന്നും വൃത്തിയാക്കിയെന്നും വിശദീകരിച്ചുകൊണ്ടുള്ളതാണ് 6600 പേജ് കുറ്റപത്രം.
ലിവിങ് ടു ഗെതര്‍ പങ്കാളിയായ ശ്രദ്ധ വാള്‍ക്കറെ കൊലപ്പെടുത്തിയ ശേഷം പൂനവാല എല്ലുകള്‍ ഗ്രൈന്‍ഡറിലിട്ട് പൊടിച്ചെടുത്ത് ഉപേക്ഷിച്ചുവെന്നതടക്കം ഇതില്‍ പറയുന്നുണ്ട്. മൂന്ന് മാസങ്ങള്‍ക്ക് ശേഷം അവസാനമായി ഉപേക്ഷിച്ചത് ശ്രദ്ധയുടെ തലയായിരുന്നുവെന്നും ഡല്‍ഹി പോലീസ് പറയുന്നു.
മെയ് 18-ന് ക്രൂരമായ കൊലപാതകം നടത്തിയ ശേഷം അഫ്താബ് സൊമാറ്റോ വഴി വരുത്തിയ ചിക്കന്‍ റോള്‍ കഴിച്ചുവെന്നതടക്കം ഇതില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ശ്രദ്ധയും അഫ്താബും കഴിഞ്ഞ വര്‍ഷം മെയിലാണ് ഡല്‍ഹിയിലേക്ക് താമസം മാറിയത്. വിവിധ വിഷയങ്ങളില്‍ ഇവര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ബന്ധത്തില്‍ ഉലച്ചില്‍ രൂപപ്പെട്ടിരുന്നു. ചെലവുകള്‍ മുതല്‍ അഫ്താബിന് നിരവധി കാമുകിമാര്‍ ഉണ്ടെന്നെതടക്കമുള്ള തര്‍ക്കങ്ങള്‍ ഇവര്‍ തമ്മിലുണ്ടായിരുന്നു. ഡല്‍ഹി മുതല്‍ ദുബായിയില്‍ വരെ അഫ്താബിന് കാമുകിമാര്‍ ഉണ്ടെന്ന് ഡല്‍ഹി പോലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കി.
മെയ് 18-ന് ഇരുവരും മുംബൈയിലേക്ക് പോകാന്‍ പദ്ധതിയിട്ടതായിരുന്നു. എന്നാല്‍ പെട്ടെന്ന് അഫ്താബ് ടിക്കറ്റ് റദ്ദാക്കി. ഇതിന്റെ ചെലവുകളെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കായി. തര്‍ക്കത്തിനിടെ അഫ്താബ് ശ്രദ്ധയുടെ കഴുത്ത് ഞെരിച്ചു. മൃതദേഹം ഒരു പ്ലാസ്റ്റിക് കവറിലാക്കി സംസ്‌കരിക്കാനാണ് ആദ്യം ലക്ഷ്യമിട്ടിരുന്നത്. ഇതിനായി ഒരു ബാഗും കൊണ്ടുവന്നു. എന്നാല്‍ പെട്ടെന്ന് പിടിക്കപ്പെടുമെന്ന ബോധ്യത്തില്‍ ഈ ആശയം അഫ്താബ് ഉപേക്ഷിച്ചു. അവസാനം ശരീരം വെട്ടിനുറുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഒരു ഹാമറും മൂന്ന് ബ്ലേഡ് കത്തികളും ഉപയോഗിച്ചു. വിരലുകള്‍ പോലുള്ളവ വിഛേദിക്കുന്നതിന് ബ്ലോ ടോര്‍ച്ചാണ് ഉപയോഗിച്ചത്.
മൃതദേഹം 35 കഷണങ്ങളാക്കിയാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. തന്റെ കാമുകിമാരില്‍ ഒരാള്‍ സന്ദര്‍ശനത്തിന് വരുമ്പോള്‍ ഫ്രിഡ്ജില്‍ നിന്ന് ഇത് അടുക്കളിയിലേക്ക് മാറ്റുമെന്നും കുറ്റപത്രത്തില്‍ വിവരിക്കുന്നു.
ശ്രദ്ധ വാള്‍ക്കറുടെ മൊബൈല്‍ ഫോണ്‍ അഫ്താബ് സൂക്ഷിച്ചിരുന്നു. മെയ് 18-ന് ശേഷം ശ്രദ്ധയുടെ അക്കൗണ്ടുകളെല്ലാം പ്രവര്‍ത്തിപ്പിച്ചത് അഫ്താബ് ആണെന്ന് ഗൂഗിളില്‍ നിന്ന് അന്വേഷണ സംഘത്തിന് വിവരങ്ങള്‍ ലഭിച്ചത്. പിന്നീട് മുംബൈയിലാണ് ശ്രദ്ധയുടെ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ശ്രദ്ധയുടെ മൃതദേഹ ഭാഗങ്ങളില്‍ ഇതുവരെ 20 കഷണങ്ങളാണ് കണ്ടെടുക്കാനായത്. തല ഇനിയും കണ്ടെത്താനായിട്ടില്ല. ഡിസംബറില്‍ നടന്ന പോളിഗ്രാഫ്, നാര്‍ക്കോ അനാലിസിസ് ടെസ്റ്റുകളില്‍ അഫ്താബ് കുറ്റകൃത്യം സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് പശ്ചാത്താപം ഉണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കാമുകി വീട്ടില്‍ വരുമ്പോള്‍ അഫ്താബ് മൃതദേഹം ഒളിപ്പിച്ചതിങ്ങനെ
ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം അഫ്താബ് ബംബിള്‍ ഡേറ്റിങ് ആപ്പ് വഴി അദിതി എന്ന യുവതിയെ വീട്ടിലെത്തിച്ചിരുന്നു. അദിതി വീട്ടില്‍ വരുമ്പോള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അഫ്താബ് അടുക്കളയിലെ താഴെയുള്ള കാബിനറ്റിലേക്ക് മാറ്റിവെക്കും. തുടര്‍ന്ന് അദിതി പോയ ശേഷം വീണ്ടും ഫ്രിഡ്ജിലേക്ക് തന്നെ മാറ്റും എന്നാല്‍ ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
കുളിമുറിയില്‍ വെച്ചാണ് അഫ്താബ് ശ്രദ്ധയുടെ മൃതദേഹം കഷണങ്ങളാക്കിയത്. ആദ്യ ദിവസം 17 കഷണങ്ങളാക്കി. ഇതിനിടെ അഫ്താബിന്റെ കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഷണങ്ങള്‍ ഫ്രിഡ്ജിലാക്കിയ ശേഷം പല തവണകളായി തന്റെ സൗകര്യപൂര്‍വ്വം പലയിടങ്ങളിലായിട്ടാണ് അഫ്താബ് ഉപേക്ഷിച്ചിരുന്നത്. ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം പരിചയപ്പെട്ട അദിതി പലതവണ രാത്രികളിലടക്കം അഫ്താബിന്റെ വീട്ടില്‍ താമസിച്ചിരുന്നു. ഈ സമയങ്ങളിലൊക്കെ മൃതദേഹ ഭാഗങ്ങള്‍ കിച്ചണിലൊളിപ്പിച്ച് അഫ്താബ് ഫ്രിഡ്ജ് വൃത്തിയാക്കും.
മെയ് 18ന് ശേഷമുള്ള മൂന്ന് ദിവസങ്ങളില്‍ അഫ്താബ് ധാരാളം കുപ്പിവെള്ളങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തിയിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വഴക്കും തര്‍ക്കവും പതിവായതിനാല്‍ ശ്രദ്ധയെ ഒഴിവാക്കാന്‍ തന്നെ തീരുമാനിച്ചിരുന്നു. മരിക്കും വരെ കഴുത്ത് ഞെരിച്ചെന്നും ശേഷം മൃതദേഹം കുളിമുറിയിലേക്ക് മാറ്റിയെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.
രക്തക്കറ കഴുകിക്കളയുന്നതിന് അഫ്താബ് 500 മില്ലിവരുന്ന രണ്ട് കുപ്പി ഹാര്‍പിക് ടോയ്ലറ്റ് ക്ലീനര്‍ അടക്കമുള്ള രാസവസ്തുക്കള്‍ ഓര്‍ഡര്‍ ചെയ്ത് എത്തിച്ചിരുന്നുവെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു.
Content Highlights: How Aaftab Poonawala Hid Shraddha Walkar's Body Parts from Another Bumble Date Chargesheet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..