ജോമോനെ രാജാക്കാട് പോലീസ് അറസ്റ്റുചെയ്ത് കോടതിയിലേക്ക് കൊണ്ടുപോകുന്നു
രാജാക്കാട്: പോലീസിനെ വെട്ടിച്ചുകടന്ന കൊലക്കേസ് പ്രതിയെ പൊന്മുടിക്ക് സമീപത്തുനിന്ന് പോലീസ് പിടികൂടി. രാജാക്കാട് പൊന്മുടി കലുങ്കുസിറ്റി സ്വദേശി കളപ്പുരയ്ക്കല്‍ ജോമോനെയാണ് മൂന്നാര്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. പൊന്മുടി വനമേഖലയിലേക്കുകടന്ന ഇയാള്‍ കുളത്രക്കുഴിവഴി രക്ഷപ്പെടുന്നതിനിടയിലാണ് പിടിയിലായത്.
കൊലപാതകക്കേസില്‍ ശിക്ഷയനുഭവിക്കുന്ന ഇയാള്‍ക്ക് മാതാപിതാക്കളെ കാണാന്‍ ഒരുദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. ഇതിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ കാവലില്‍ തിങ്കളാഴ്ച ഉച്ചയോടെ കലുങ്കുസിറ്റിയിലെ വീട്ടിലെത്തിച്ചപ്പോഴാണ് രക്ഷപ്പെട്ടത്. പൊന്മുടി വനമേഖലയിലേക്കുകടന്ന ജോമോനുവേണ്ടി പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ജില്ലാ പോലീസ് മേധാവി വി.യു.കുര്യാക്കോസിന്റെ നിര്‍ദേശ പ്രകാരം മൂന്നാര്‍ ഡിവൈ.എസ്.പി. രൂപവത്കരിച്ച അന്വേഷണ സംഘം തിരച്ചില്‍ തുടരുന്നതിനിടയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇയാള്‍ വലയിലായത്. കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച കുറ്റംചുമത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് രാജാക്കാട് സി.ഐ. ബി.പങ്കജാക്ഷന് പറഞ്ഞു. 2015-ല്‍ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന കൊലപാതകക്കേസിലെ പ്രതിയാണ് ജോമോന്.
പരോള്‍ അനുവദിക്കരുതെന്ന് രാജാക്കാട് പോലീസ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇയാള്‍ കോടതിയെ സമീപിക്കുകയും തുടര്‍ന്ന് പോലീസ് സംരക്ഷണത്തില്‍ മാതാപിതാക്കളെ കാണാന്‍ ഇയാള്‍ക്ക് ഒരുദിവസത്തെ പരോള്‍ അനുവദിക്കുകയുമായിരുന്നു.
അര്‍ധരാത്രിയിലും നാടകീയ സംഭവങ്ങള്‍
തിങ്കളാഴ്ച രാത്രിവൈകിയും ജോമോനെ പിടികൂടാന്‍ നാടൊട്ടുക്കും അരിച്ചുപെറുക്കി പോലീസ് പരക്കംപായുന്നതിനിടയില്‍ ഇയാള്‍ സ്വന്തം വീടിനുസമീപമെത്തി. അയല്‍വാസിയായ യുവാവ് ഇയാളെ കാണുകയും കൈലി ഉപയോഗിച്ച് തലവഴി മൂടി പിടികൂടാന്‍ ശ്രമിക്കുകയും ചെയ്തു. കുതറി ഓടിയ ഇയാള്‍ വീണ്ടും പൊന്മുടി വനമേഖലയിലേക്ക് കടന്നു.
സ്ഥിരം മദ്യപാനിയായ ഇയാള്‍ മാതാപിതാക്കളെ ഉപദ്രവിക്കുക പതിവായിരുന്നെന്ന് സമീപവാസികള്‍ പറഞ്ഞു. മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തിയിരുന്നു. ചെറുപ്പംമുതല്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. ആരെയും കൂസാത്ത സ്വഭാവത്തിനുടമയായ ഇയാള്‍ ആത്മഹത്യാ പ്രവണതയും കാണിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കുമുമ്പ് രാജാക്കാട് ടൗണിലെ കെട്ടിടത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
Content Highlights: a prisoner gets parole and escaped from police, then recaptured
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..