മകന് പിന്നാലെ മകളും ആത്മഹത്യ ചെയ്തു, കാല്‍നൂറ്റാണ്ട് കാത്തുവെച്ച വൈരം; അരുംകൊലയില്‍ ഞെട്ടി നാട് 


പ്രഭാകരക്കുറുപ്പ്, ഭാര്യ വിമലാദേവി, ശശിധരൻ

കിളിമാനൂര്‍: മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് വിമുക്തഭടന്‍ വീട്ടില്‍ക്കയറി ഗൃഹനാഥനെ ചുറ്റികകൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ചു തീകൊളുത്തി കൊന്നു. ഭര്‍ത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ ഭാര്യയും മരിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്പിച്ചു. മടവൂര്‍ കൊച്ചാലുമൂട് കാര്‍ത്തികയില്‍ പ്രഭാകരക്കുറുപ്പ്(67), ഭാര്യ വിമലാദേവി(60) എന്നിവരാണ് മരിച്ചത്. കൊലപാതകം നടത്തിയ പനപ്പാംകുന്ന് അജിത് മന്ദിരത്തില്‍ ശശിധരന്‍(75) ആണ് പോലീസ് കസ്റ്റഡിയിലായത്. കൊലപാതകത്തിനിടെ പൊള്ളലേറ്റ ഇയാള്‍ പോലീസ് സംരക്ഷണത്തില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ശനിയാഴ്ച രാവിലെ 11.30-ഓടെയായിരുന്നു സംഭവം. കൈയില്‍ ചുറ്റികയും പെട്രോള്‍ നിറച്ച കന്നാസുമായി പ്രഭാകരക്കുറുപ്പിന്റെ വീട്ടിലെത്തിയ ശശിധരന്‍ സ്വീകരണമുറിയില്‍ ഇരിക്കുകയായിരുന്ന പ്രഭാകരക്കുറുപ്പിനെ തലയില്‍ ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തിയശേഷം പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു.ഓടിയെത്തി ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വിമലാദേവിയുടെ ദേഹത്തേക്കും തീപടര്‍ന്നു. നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ മുറ്റത്ത് ചോരയില്‍ക്കുളിച്ച് പൊള്ളലേറ്റ നിലയില്‍ പ്രഭാകരക്കുറുപ്പിനെയും അടുത്ത് ദേഹത്തു തീ പടര്‍ന്ന നിലയില്‍ വിമലാദേവിയെയുമാണ് കണ്ടത്. ഈ സമയം വീടിനകത്തായിരുന്ന പ്രതി, ചുറ്റികയും കന്നാസും വലിച്ചെറിഞ്ഞ ശേഷം പുറത്തിറങ്ങി ഓടാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു.

പ്രഭാകരക്കുറുപ്പ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ വിമലാദേവിയെ ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകീട്ട് അഞ്ചുമണിയോടെ ഇവരും മരിച്ചു.

ശശിധരന്റെ മകന്‍ 26 വര്‍ഷം മുന്‍പ് ബഹ്റൈനില്‍ വച്ച് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടുള്ള പകയാണ് ക്രൂരമായ കൊലപാതകത്തിനു പിന്നിലെന്ന് വര്‍ക്കല ഡിവൈ.എസ്.പി. നിയാസ് പറഞ്ഞു.

പ്രഭാകരക്കുറുപ്പിന്റെയും വിമലാദേവിയുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. പ്രഭാകരക്കുറുപ്പ് മലയ്ക്കലില്‍ സിമന്റ് കട്ട നിര്‍മ്മാണ യൂണിറ്റ് നടത്തുകയാണ്. അനിത പി.കുറുപ്പ്(ഗവ. യു.പി.എസ്. പുരവൂര്‍, ചിറയിന്‍കീഴ്), ചിഞ്ചു പി.കുറുപ്പ് (കാര്‍ഷിക ഗ്രാമവികസന ബാങ്ക്, കിളിമാനൂര്‍) എന്നിവരാണ് മക്കള്‍. മരുമക്കള്‍: ശ്രീജിത്ത്(ഗള്‍ഫ്), ബിജുകുമാര്‍(കരവാരം പഞ്ചായത്ത്).

കാല്‍നൂറ്റാണ്ട് കാത്തുവെച്ച വൈരം

കാല്‍നൂറ്റാണ്ട് കാത്തുവെച്ച പകയാണ് മടവൂര്‍ കൊച്ചാലുംമൂട് കാര്‍ത്തികയില്‍ പ്രഭാകരക്കുറുപ്പിന്റെയും ഭാര്യ വിമലാദേവിയുടെയും കൊലപാതകത്തിലേക്കു നയിച്ചത്. പനപ്പാംകുന്ന് അജിത് മന്ദിരത്തില്‍ ശശിധരന്‍ 26 വര്‍ഷം മനസ്സില്‍ കൊണ്ടുനടന്ന പ്രതികാരം ക്രൂരമായ കൊലപാതകത്തിലേക്കു കൊണ്ടെത്തിക്കുകയായിരുന്നു. ശശിധരന്റെ മകന്‍ അജിത്പ്രസാദ് 1996-ല്‍ ബഹ്റൈനില്‍ വച്ച് ആത്മഹത്യചെയ്തിരുന്നു.

അജിത്പ്രസാദിന് വിസ സംഘടിപ്പിച്ചു നല്‍കിയത് പ്രഭാകരക്കുറുപ്പായിരുന്നു. മകന്റെ മരണത്തിനു കാരണക്കാരന്‍ പ്രഭാകരക്കുറുപ്പാണെന്ന ധാരണയിലായിരുന്നു അന്നുമുതല്‍ ശശിധരന്‍. ഇതാണ് കൊലപാതകത്തിനു പിന്നിലെ കാരണമെന്ന് പോലീസ് പറയുന്നു. പ്രകോപനത്തിനു പെട്ടെന്ന് ഒരു കാരണങ്ങളുമുണ്ടായിട്ടില്ലെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.

പ്രഭാകരക്കുറുപ്പിന്റെ വീട്

പനപ്പാംകുന്നില്‍ ശശിധരന്റെ അയല്‍വീട്ടിലായിരുന്നു പ്രഭാകരക്കുറുപ്പും കുടുംബവും താമസിച്ചിരുന്നത്. പ്രഭാകരക്കുറുപ്പ് നേരത്തെ ബഹ്റൈനിലായിരുന്നു. പട്ടാളത്തില്‍നിന്നു പിരിഞ്ഞുവന്ന ശശിധരന്‍ ആവശ്യപ്പെട്ടതനുസരിച്ച് പ്രഭാകരക്കുറുപ്പ് ഇയാളെയും പിന്നാലെ മകന്‍ അജിത്പ്രസാദിനെയും ബഹ്റൈനിലേക്കു കൊണ്ടുപോയി. ജോലിയിലെ ബുദ്ധിമുട്ടുകള്‍ കാരണം ശശിധരന്‍ പെട്ടെന്ന് നാട്ടിലേക്കു മടങ്ങി. മാസങ്ങള്‍ക്കു ശേഷം അജിത് പ്രസാദ് ആത്മഹത്യചെയ്യുകയുമുണ്ടായി.

മകന് കഠിനമായ ജോലി നല്‍കിയതുമൂലമാണ് ആത്മഹത്യ ചെയ്തതെന്നും അതിനു കാരണം പ്രഭാകരക്കുറുപ്പാണെന്നും ശശിധരന്‍ വിശ്വസിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇരുവീട്ടുകാരും തമ്മില്‍ പിണക്കത്തിലുമായി. പിന്നീട് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ശശിധരന്റെ മകളും ആത്മഹത്യചെയ്തു. സഹോദരന്റെ മരണമേല്‍പ്പിച്ച മാനസികാഘാതമാണ് മകളെയും മരണത്തിലേക്കു നയിച്ചതെന്ന് ശശിധരന്‍ നാട്ടുകാരോടു പറഞ്ഞിരുന്നു. വീട്ടുകാര്‍ തമ്മിലുള്ള ശത്രുത കടുത്തതോടെ പ്രഭാകരക്കുറുപ്പും കുടുംബവും പനപ്പാംകുന്നില്‍നിന്ന് മടവൂരിലേക്കു താമസം മാറി. പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു ഈ മാറ്റം. എന്നാല്‍, ശശിധരന്‍ ഈ പക കാത്തുവച്ച് ശനിയാഴ്ച പ്രഭാകരക്കുറുപ്പിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

അരുംകൊലയുടെ അമ്പരപ്പ് മാറാതെ അയല്‍വാസികള്‍

മടവൂര്‍: അയല്‍വാസി പ്രഭാകരക്കുറുപ്പിന്റെ വീട്ടില്‍ നിന്ന് പൊട്ടിത്തെറി ശബ്ദവും തീയും കണ്ട് ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചതാണെന്ന് കരുതിയാണ് അയല്‍പക്കത്തുള്ളവര്‍ അവിടേക്ക് ഓടിയത്. ഓടിയെത്തിയവര്‍ വീടിനുള്ളില്‍ കണ്ടത് അവിശ്വസനീയമായ കാഴ്ചകള്‍. കണ്മുന്നിലെ നടുക്കുന്ന കാഴ്ചയുടെ അമ്പരപ്പിലാണ് സമീപവാസികളും, തൊട്ടടുത്ത് സ്ഥാപനത്തിലുണ്ടായിരുന്ന യുവാക്കളും.

ശനിയാഴ്ച 11.30 ഓടെ മടവൂര്‍ കൊച്ചാലുംമൂട്ടില്‍ കാര്‍ത്തികയില്‍ പ്രഭാകരക്കുറുപ്പിന്റെ (67)യും, ഭാര്യ വിമലാദേവി (60)യുടെയും കൊലപാതക വിവരമറിഞ്ഞ അമ്പരപ്പ് ഇവര്‍ക്കിനിയും മാറിയിട്ടില്ല. കുറുപ്പിന്റെ വീടിനു പുറത്ത് അപരിചിതനായ ഒരാള്‍ വസ്ത്രങ്ങള്‍ കത്തിക്കരിഞ്ഞ് പൊള്ളലേറ്റനിലയില്‍ ഇരിക്കുന്നത് കണ്ടെങ്കിലും അകത്ത് ക്രൂരമായ ഒരു കൊലപാതകം നടന്നെന്ന് വീട്ടിലേക്കോടിയെത്തുമ്പോള്‍ ആരും കരുതിയില്ല. അകത്തുകണ്ട തീയും പുകയും ശബ്ദവും എന്തെന്ന് നോക്കുമ്പോള്‍ കണ്ടത് ചോരയില്‍ക്കുളിച്ച് തീപ്പൊള്ളലേറ്റനിലയില്‍ പ്രഭാകരക്കുറുപ്പിനെയും, വസ്ത്രങ്ങളാകെ തീ പടര്‍ന്ന് പിടയുന്ന ഭാര്യ വിമലാ ദേവിയെയുമാണ്. തുടര്‍ന്ന് പള്ളിക്കല്‍ പോലീസിലേക്കും, അഗ്‌നിരക്ഷാ നിലയത്തിലേക്കും, ആംബുലന്‍സിനുമായി ഫോണ്‍ വിളികളുമായി പരക്കം പാഞ്ഞു. ഇതിനിടെ സംഭവസ്ഥലത്തുവെച്ചുതന്നെ വസ്ത്രങ്ങള്‍ മാറി പുറത്തിറങ്ങിയ പ്രതി ശശിധരനെ ഓടിക്കൂടിയവര്‍ തടഞ്ഞുനിര്‍ത്തി. കൈയിലുണ്ടായിരുന്ന പെട്രോള്‍ നിറച്ച കന്നാസും, ചുറ്റികയുമടങ്ങിയ പ്ലാസ്റ്റിക് പുറത്തെറിഞ്ഞ ശേഷം, ഒപ്പം ഒരാള്‍കൂടി ഉണ്ടായിരുന്നെന്നും ഞാന്‍ പോയി കൂട്ടിക്കൊണ്ടു വരാമെന്നും പറഞ്ഞ് കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ തടഞ്ഞുനിര്‍ത്തി പോലീസിനു കൈമാറുകയായിരുന്നു.

അല്പം മുന്‍പ് തുമ്പോട് കവലയില്‍നിന്ന് സുഹൃത്തുക്കളോടൊക്കെ വര്‍ത്തമാനം പറഞ്ഞ് പിരിഞ്ഞ് വീട്ടിലേക്കുപോയ കുറുപ്പിനെയും, ഒപ്പം ഭാര്യയെയും കൊലപ്പെടുത്തിയെന്ന വിവരമറിഞ്ഞവരെല്ലാം അവിടേക്ക് ഓടുകയായിരുന്നു. അപ്പോഴേക്കും പള്ളിക്കല്‍ പോലീസും, കല്ലമ്പലം അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. സംഭവ വിവരങ്ങള്‍ മറ്റുള്ളവരോടു പറയുമ്പോഴും അവിശ്വസനീയ കാഴ്ചകളുടെ അമ്പരപ്പ് അവരില്‍ നിറഞ്ഞിരുന്നു.

പകയുടെ ഇരകള്‍

മടവൂര്‍ കൊച്ചാലുംമൂട് കാര്‍ത്തികയില്‍ പ്രഭാകരക്കുറുപ്പിന്റെ കൊലപാതകവും അതിന്റെ കാരണവും റേഡിയോ ജോക്കിയുടെ കൊലപാതകത്തെക്കുറിച്ചുള്ള ഓര്‍മകളിലേക്കാണ് നാട്ടുകാരെ നയിച്ചത്. ഒടുങ്ങാത്ത പകയുടെ ഇരകളാണ് ഇരുവരും. മുന്‍ റേഡിയോ ജോക്കി മടവൂര്‍ പടിഞ്ഞാറ്റേല ആശാഭവനില്‍ രാജേഷ്(35) 2018 മാര്‍ച്ച് 27-ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ ക്വട്ടേഷന്‍ സംഘം മടവൂര്‍ ജങ്ഷനില്‍ രാജേഷ് നടത്തിയിരുന്ന സ്റ്റുഡിയോയ്ക്കുള്ളില്‍ അതിക്രമിച്ചു കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഖത്തറില്‍ വ്യവസായിയായ കൊല്ലം ഓച്ചിറ സ്വദേശി സത്താര്‍ നല്‍കിയ ക്വട്ടേഷനായിരുന്നു രാജേഷിന്റെ കൊലപാതകത്തിലേക്കു നയിച്ചത്. സത്താറും ഭാര്യയും തമ്മില്‍ അകലാന്‍ കാരണക്കാരന്‍ രാജേഷാണെന്ന വിശ്വാസമായിരുന്നു സത്താറിന് രാജേഷിനോടുള്ള പകയ്ക്കു കാരണം. ഈ സംഭവത്തിന്റെ നടുക്കം മടവൂരുകാരുടെ മനസ്സില്‍നിന്ന് ഇനിയും മാഞ്ഞിട്ടില്ല. വിദേശവുമായി ബന്ധപ്പെട്ട പകയാണ് പ്രഭാകരക്കുറുപ്പിന്റെ കൊലപാതകത്തിലേക്കും നയിച്ചത്. ശശിധരന്റെ മകന്‍ ബഹ്റൈനില്‍ ആത്മഹത്യചെയ്യാന്‍ കാരണക്കാരന്‍ പ്രഭാകരക്കുറുപ്പാണെന്ന വിശ്വാസമാണ് കൊലപാതകത്തിന്റെ കാരണം. റേഡിയോ ജോക്കിയുടെ കൊലപാതകം പോലെ ഈ കൊലപാതകവും നാടിന്റെ നെഞ്ചിലെ ഉണങ്ങാത്ത മുറിവാകുകയാണ്.

Content Highlights: A Neighbour attacked an elderly couple and Set them on fire in Kilimanoor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented