Image for Representation | Mathrubhumi
ഇന്ദോര്‍: ഇരുചക്രവാഹനങ്ങളുടെ ഷോറൂം നടത്തിയിരുന്ന യുവാവിനെ വാഹനമോഷണക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഹിര നഗര്‍ സ്വദേശി അജയിനെയാണ് ഇന്ദോര്‍ പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. നേരത്തെ ഇരുചക്രവാഹന ഷോറൂമിന്റെ ഉടമയായിരുന്ന അജയ്, വന്‍ സാമ്പത്തിക ബാധ്യതകള്‍ കാരണമാണ് മോഷണത്തിനിറങ്ങിയതെന്ന് പോലീസ് പറയുന്നു. ഹോണ്ട ആക്ടീവ സ്കൂട്ടറുകള് മാത്രമാണ് ഇയാള്‍ മോഷ്ടിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
നേരത്തെ ഒരു വര്‍ക്ക് ഷോപ്പില്‍ ജോലിചെയ്തിരുന്ന അജയ്, 2013-ലാണ് സ്വന്തമായി സംരംഭം ആരംഭിക്കുന്നത്. വന്‍ തുക വായ്പെയെടുത്താണ് ഇയാള്‍ 'ഫൈന്‍ മോട്ടോഴ്സ്' എന്ന പേരില്‍ ഇരുചക്ര വാഹനങ്ങളുടെ ഷോറൂം തുടങ്ങിയത്. എന്നാല്‍ ഒരു ഫിനാന്‍സ് കമ്പനി തന്നെ ചതിച്ചെന്നും ഇതുകാരണം വന്‍ സാമ്പത്തിക ബാധ്യതയുണ്ടായെന്നുമാണ് ഇയാളുടെ മൊഴി.
ഡൗണ്‍ പേയ്മെന്റ് ഇല്ലാതെ വാഹനം സ്വന്തമാക്കാമെന്ന പദ്ധതി ഫിനാന്‍സ് കമ്പനി ആരംഭിച്ചിരുന്നു. ഈ പദ്ധതിയിലൂടെ 50 ഇരുചക്ര വാഹനങ്ങളാണ് അജയുടെ ഷോറൂമില്‍നിന്ന് വിറ്റത്. എന്നാല്‍ ഫിനാന്‍സ് കമ്പനി ഈ വാഹനങ്ങളുടെ പണം നല്‍കിയില്ലെന്നും ഇതുകാരണം താന്‍ കടക്കാരനായെന്നും യുവാവ് പോലീസിനോട് വെളിപ്പെടുത്തി.
കടം പെരുകിയതോടെ ഷോറൂം അടച്ചുപൂട്ടി. സംഭവത്തില്‍ 2017-ല്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. തുടര്‍ന്ന് ജീവിതം പ്രതിസന്ധിയിലായതോടെയാണ് വാഹനങ്ങള്‍ മോഷ്ടിക്കാനിറങ്ങിയതെന്നും പ്രതി പറഞ്ഞു.
കാന്‍സര്‍രോഗിയായ പിതാവും രണ്ടുപെണ്‍മക്കളും അടങ്ങുന്നതാണ് പ്രതിയുടെ കുടുംബം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ മോഷണത്തിനിറങ്ങുകയായിരുന്നു. നേരത്തെ മെക്കാനിക്കായി ജോലിചെയ്തിരുന്നതിനാല്‍ ആക്ടീവ സ്കൂട്ടറിന്റെ മാസ്റ്റര്‍ കീ ഉണ്ടാക്കുന്നതടക്കം പഠിച്ചിരുന്നു. ഇതിനാലാണ് പ്രതി ആക്ടീവ സ്കൂട്ടറുകള് മാത്രം ലക്ഷ്യമിട്ടിരുന്നതെന്നും ആക്ടീവയുടെ പഴയ മോഡല്‍ സ്കൂട്ടറുകളാണ് പതിവായി മോഷ്ടിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. മോഷ്ടിക്കുന്ന സ്കൂട്ടറുകള് 15000-20000 രൂപയ്ക്കാണ് മറിച്ചുവിറ്റിരുന്നതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
Content Highlights: a man who was two wheeler showroom owner turned to vehicle thief caught in indore
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..