സുബ്രഹ്മണ്യൻ
ഹരിപ്പാട്: സ്‌കൂട്ടറില്‍ ആത്മഹത്യാക്കുറിപ്പെഴുതിവെച്ച് ആറ്റില്‍ച്ചാടിയ ആളുടെ മൃതദേഹം കണ്ടെടുത്തു. ജോലി വാഗ്ദാനംചെയ്ത് ഒട്ടേറെപ്പേരില്‍നിന്നു പണംതട്ടിയെന്ന് ആരോപിതനായ പിലാപ്പുഴ മയൂരം വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ഹരിപ്പാട് സ്വദേശി സുബ്രഹ്‌മണ്യ(55)ന്റെ മൃതദേഹമാണ് ആയാപറമ്പ് കടവിനരികെനിന്നു കണ്ടെടുത്തത്. ബുധനാഴ്ച രാവിലെ പായിപ്പാടു പാലത്തില്‍നിന്നാണ് ആറ്റില്‍ ചാടിയതെന്നു പോലീസ് പറഞ്ഞു.
സ്‌കൂട്ടറിലാണ് ഇയാള്‍ പായിപ്പാട്ടെത്തിയത്. ഒരാള്‍ ആറ്റില്‍ച്ചാടിയെന്നറിഞ്ഞാണ് പോലീസ് സ്‌കൂട്ടര്‍ പരിശോധിച്ചത്. വിലാസമുള്‍പ്പെടെയുള്ള വിവരങ്ങള്‍ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു. പോലീസും അഗ്‌നിരക്ഷാസേനയും ആറ്റില്‍ തിരഞ്ഞെങ്കിലും ബുധനാഴ്ച മൃതദേഹം കിട്ടിയില്ല.
പൊതുമേഖലാസ്ഥാപനമായ കൊല്ലം പള്ളിമുക്ക് മീറ്റര്‍ കമ്പനിയില്‍ (യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്) ജോലി വാഗ്ദാനംചെയ്ത് സുബ്രഹ്‌മണ്യന്‍ പണം തട്ടിയെടുത്തെന്നായിരുന്നു പരാതി. അന്വേഷണം നടക്കവേയാണ് ആത്മഹത്യചെയ്ത വാര്‍ത്തയെത്തിയത്. തട്ടിപ്പിന്റെ ചിത്രം തെളിഞ്ഞപ്പോള്‍ കൊല്ലം മീറ്റര്‍ കമ്പനിയധികൃതരും ഞെട്ടി.
കമ്പനിയുടെ മുദ്രയുള്ള ലെറ്റര്‍പാഡുണ്ടാക്കി വ്യാജ നിയമന ഉത്തരവു തയ്യാറാക്കുകയായിരുന്നു. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി ആറുപേരാണ് കമ്പനിയില്‍ വ്യാജ ഉത്തരവുമായെത്തിയത്. ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, പ്യൂണ്‍ തസ്തികകളിലേക്കായിരുന്നു ഉത്തരവുകള്‍. തട്ടിപ്പു ശ്രദ്ധയില്‍പ്പെട്ടയുടന്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്കും ഇരവിപുരം പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയെന്ന് മാനേജിങ് ഡയറക്ടര്‍ എസ്.ആര്‍. വിനയകുമാര്‍ പറഞ്ഞു. തട്ടിപ്പുരേഖയാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്ന നിയമന ഉത്തരവുമായാണ് ഇവര്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയധികൃതര്‍ നല്‍കിയ പരാതിയില്‍ ഇരവിപുരം പോലീസാണു കേസെടുത്തത്.
ആലപ്പുഴ കൈചൂണ്ടി സ്വദേശിനിയില്‍നിന്ന് ഓഫീസ് ജോലിക്കായി രണ്ടരലക്ഷം രൂപയും മുഹമ്മ സ്വദേശിയില്‍നിന്ന് പ്യൂണ്‍ജോലിക്കായി രണ്ടരലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്. യുവതിയുടെ ബന്ധുവില്‍നിന്ന് 30,000 രൂപയും മുഹമ്മ സ്വദേശിയില്‍നിന്ന് കാല്‍ലക്ഷവും കൈപ്പറ്റിയിരുന്നെന്നും പരാതിയില്‍ പറയുന്നു.
പലതവണ ഇവര്‍ക്കു നിയമന ഉത്തരവും നല്‍കിയിരുന്നു. എന്തെങ്കിലും കാരണംപറഞ്ഞ് പ്രവേശനത്തീയതി മാറ്റുകയായിരുന്നു പതിവ്. മരിച്ചയാളുടെ സ്‌നേഹിതന്‍ വഴിയാണ് ഇവര്‍ ബന്ധപ്പെട്ടിരുന്നത്. ഇയാളും വ്യാഴാഴ്ച മീറ്റര്‍ കമ്പനിയില്‍ എത്തിയിരുന്നു.
കായംകുളം താപനിലയത്തിലെ ഉന്നതോദ്യോഗസ്ഥനാണെന്നു പറഞ്ഞ് ആലപ്പുഴ ഗുരുപുരം സ്വദേശികളായ എന്‍ജിനിയറിങ് ബിരുദധാരികളില്‍നിന്ന് 65,000 രൂപവീതം വാങ്ങിയതായും പരാതിയുണ്ട്.
മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Content Highlights: A man accused of extorting money by offering him a job has jumped into a river and died
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..