പ്രതീകാത്മക ചിത്രം | Photo: AFP & PTI
മലപ്പുറം: മൂന്നു മക്കളെ ഉപേക്ഷിച്ച് പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം പോയ 27-കാരിയെ പോലീസ് കണ്ടെത്തിയത് തമിഴ്നാട്ടില്‍നിന്ന്. മലപ്പുറം ജില്ലയിലെ താനൂരില്‍നിന്ന് പോയ യുവതിയെയാണ് മാസങ്ങള്‍ക്ക് ശേഷം തമിഴ്നാട്ടിലെ ദിണ്ഡിഗലില്‍നിന്ന് താനൂര്‍ പോലീസ് കണ്ടെത്തിയത്. യുവതിയെ കാണാനില്ലെന്ന പരാതി ലഭിച്ച് എട്ടുമാസത്തിന് ശേഷമാണ് അന്വേഷണസംഘത്തിന് യുവതിയെ കണ്ടെത്താന്‍ കഴിഞ്ഞത്.
മൂന്നുമക്കളുടെ അമ്മയായ യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് പിതാവാണ് കഴിഞ്ഞ ഒക്ടോബറില്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതിന് മുമ്പും യുവതി മക്കളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് നാടുവിട്ടിരുന്നു. അന്ന് കല്പകഞ്ചേരി പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തി യുവതിയെ തിരികെയെത്തിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ സ്വന്തംവീട്ടില്‍നിന്നാണ് യുവതി വീണ്ടും നാടുവിട്ടത്.
27-കാരിയുടെ മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പോലീസ് കേസില്‍ അന്വേഷണം ആരംഭിച്ചത്. ഈ അന്വേഷണത്തില്‍ യുവതി തമിഴ്നാട്ടിലുണ്ടെന്ന് വ്യക്തമായി. എന്നാല്‍ ഫോണ്‍ പിന്നീട് സ്വിച്ച് ഓഫ് ആയതോടെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനായില്ല.
ഇതിനിടെ, താനൂരില്‍നിന്നുള്ള പോലീസ് സംഘം യുവതിയെ തിരഞ്ഞ് തമിഴ്നാട്ടിലെ കരൂരില്‍ എത്തിയെങ്കിലും നിരാശരായി മടങ്ങേണ്ടിവന്നു. മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഈ സംഭവം. യുവതിയുടെ നേരത്തെ ലഭിച്ച ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് അന്വേഷണസംഘം കരൂരിലെത്തിയത്. എന്നാല്‍ പോലീസ് അന്വേഷിച്ചെത്തിയത് മനസിലാക്കിയ യുവതിയും കാമുകനും ഇവിടെനിന്ന് മുങ്ങുകയായിരുന്നു. ഇതോടെ പോലീസ് സംഘം മടങ്ങി.
ഇതിനുപിന്നാലെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് പോലീസ് സംഘം വീണ്ടും തമിഴ്നാട്ടിലേക്ക് തിരിച്ചത്. തമിഴ്നാട്ടിലെ ദിണ്ഡിഗലില്‍ യുവതിയുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ഈ യാത്ര. ഒടുവില്‍ എസ്.ഐ. രാജു, സീനിയര്‍ സി.പി.ഒ. നൗഷാദ്, സി.പി.ഒ. കൃഷ്ണപ്രസാദ്, പ്രശോഭ് എന്നിവരടങ്ങിയ സംഘം ദിണ്ഡിഗലിലെ ഒരു കോളനിയില്‍നിന്ന് യുവതിയെ കണ്ടെത്തുകയായിരുന്നു. കാമുകന്റെ സഹോദരിയുടെ വീട്ടില്‍നിന്നാണ് പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്. അതേസമയം, യുവതിയുടെ കാമുകനെ അന്വേഷണസംഘത്തിന് കണ്ടെത്താനായില്ല.
പോലീസിന്റെ ചോദ്യംചെയ്യലിലാണ് പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട തമിഴ്നാട് ആണ്ടിപ്പെട്ടി സ്വദേശിക്കൊപ്പമാണ് താന്‍ പോയതെന്ന് 27-കാരി വെളിപ്പെടുത്തിയത്. യുവതി മൊബൈല്‍ഫോണില്‍ പതിവായി പബ്ജി കളിച്ചിരുന്നു. ഇതിനിടെയാണ് തമിഴ്നാട് സ്വദേശിയായ യുവാവുമായി പരിചയത്തിലായത്. ഒരുമിച്ച് ഗെയിം കളിച്ചുള്ള ഈ പരിചയം പിന്നീട് പ്രണയമായി വളര്‍ന്നതോടെ മൂന്നുമക്കളെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോവുകയായിരുന്നു.
മിസിങ് കേസില്‍ യുവതിയെ കണ്ടെത്തിയെങ്കിലും പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് പോയതിന് 27-കാരിക്കെതിരേ പോലീസ് കേസെടുത്തിരുന്നു. നിലവില്‍ യുവതി റിമാന്‍ഡിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..