പുറത്ത് വന്ന ദൃശ്യങ്ങളിൽ നിന്നും
തിരുവനന്തപുരം: തമ്പാനൂർ അരിസ്റ്റോ ജങ്‌ഷനിൽ അമ്മയും മകളും നടത്തുന്ന ചിപ്‌സ് കടയിൽ അതിക്രമം. കടയിൽ ചായ കുടിക്കാനെത്തിയ ട്രാവൽ ഏജൻസി മാനേജറെ സംഘം ക്രൂരമായി മർദിച്ചു. ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ അഞ്ചുപേർ പിടിയിലായെന്ന് അറിയുന്നു.
രാത്രി എട്ടേമുക്കാലോടെയായിരുന്നു സംഭവം. മണ്ണന്തല സ്വദേശികൾ നടത്തുന്ന ജിയോ ചിപ്‌സ് എന്ന കടയിലാണ് 12 അംഗ സംഘം എത്തിയത്. ഇവർ സമീപത്തെ ഹോട്ടലിൽ ബർത്ത് ഡേ പാർട്ടിക്കായി എത്തിയതെന്നാണ് വിവരം. കടയിൽ കയറിയ രണ്ടുപേർ കൗണ്ടറിലിരുന്ന മകളോട് മോശമായി പെരുമാറാൻ ശ്രമിച്ചപ്പോൾ അമ്മ ഇടപെട്ടു വിലക്കി. ഇതിനിടെ പുറത്തു നിൽക്കുകയായിരുന്ന സംഘത്തിലെ മറ്റുള്ളവർ കടയ്ക്കുള്ളിലേക്കു കയറി. ഇവർ അമ്മയെയും മകളെയും കളിയാക്കാൻ ശ്രമിച്ചു. ഇരുവരും വിലക്കിയതോടെ ഇവർ ദേഷ്യപ്പെട്ടു പുറത്തു പോയി.
ഇതിനിടെയാണ് തൊട്ടടുത്ത ട്രാവൽ ഏജൻസിയിലെ മാനേജർ മനോജ് ചായകുടിക്കാനെത്തിയത്. ഇതോടെ സംഘം യുവാവിനു നേരേ തിരിഞ്ഞു. യുവാവിനെ ബൈക്കിടിച്ചു വീഴ്ത്താനും ശ്രമിച്ചു. തുടർന്ന് ഇയാളെ പുറത്തേക്കിറക്കി റോഡിൽ വെച്ച് സംഘം ചേർന്ന് മർദിച്ച് അവശനാക്കി. മർദനമേറ്റ മനോജ് പോലീസിൽ പരാതി നൽകി.
സംഭവത്തെ തുടർന്ന് തമ്പാനൂർ പോലീസ് സ്ഥലത്തെത്തി. പരിശോധനയിൽ അക്രമികളെ പിടികൂടിയെന്നാണ് വിവരം. കടയിലെ സി.സി.ടി.വി.ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.
Content Highlights: a group at trivandrum misbehaved towards a mother and daughter
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..