പ്രണവ്
ആലപ്പുഴ: ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. നൂറനാട് സ്വദേശി പ്രണവി (27)നെയാണ് നൂറനാട് പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് 6.30-ഓടെയാണ് സംഭവം.
വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന യുവതിയെ ലഹരിമരുന്നിന് അടിമയായ ഇയാള്‍ തടഞ്ഞുനിര്‍ത്തുകയും എതിര്‍ത്തപ്പോള്‍ വാപൊത്തിപ്പിടിച്ച് എടുത്ത് സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി വസ്ത്രങ്ങള്‍ വലിച്ചുകീറി വലിച്ചിഴച്ച് വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായുമായിരുന്നെന്ന് പോലീസ് പറഞ്ഞു. പിടിവലിക്കിടയില്‍ യുവതിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും പാത്രങ്ങളും റോഡില്‍ വീണു.
ഇതുകണ്ട നാട്ടുകാരാണ് ബന്ധുക്കളെ വിവരം അറിയിച്ചത്. തുടര്‍ന്നുനടത്തിയ പരിശോധനയിലാണ് അവശനിലയില്‍ ദേഹമാസകലം മുറിവകളോടെ യുവതിയെ പ്രതി പ്രണവിന്റെ വീട്ടില്‍ കണ്ടെത്തിയത്. തുടര്‍ന്നു നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് യുവതിയെ മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് യുവതിയെ ഇയാള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിനുശേഷം പ്രതി ഒളിവില്‍പോയി. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. ശ്രീജിത്ത്, എസ്.ഐ.മാരായ നിധീഷ്, പുഷ്പന്‍, എ.എസ്.ഐ.മാരായ ബിന്ദു രാജന്‍, രാജേന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിന്‍ജിത്ത്, വിഷ്ണു, ശ്രീകല എന്നിവരുടെ സംഘം നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.
ഇയാളുടെ ഉപദ്രവം ഭയന്ന് അമ്മയും സഹോദരനും മറ്റൊരു വീട്ടിലാണ് താമസം. ഈ സാഹചര്യമാണ് പ്രതി മുതലെടുത്തതെന്ന് പോലീസ് പറഞ്ഞു. പ്രതിയില്‍നിന്നും സംഭവം നടന്ന സ്ഥലത്തുനിന്നും പോലീസ് ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. പ്രതിയെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.
Content Highlights: a differently-abled woman was kidnapped and raped; accused in custody
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..