കളക്ടറേറ്റിലെത്തിയ വയോധികൻ തപാൽ വിഭാഗം ജീവനക്കാരുടെ മുമ്പിൽ തോക്ക് പുറത്തെടുത്തപ്പോൾ, കസ്റ്റഡിയിലെടുത്ത തോക്കിലെ ഉണ്ടകൾ പുറത്തെടുത്ത് പോലീസ് പരിശോധിക്കുന്നു
കാക്കനാട്: നോക്കിക്കോ... ഇത് നല്ല കണ്ടീഷനിലുള്ള തോക്കാണ്... ലൈസൻസ് തരണം... കാഞ്ചിയിൽ വിരലിട്ട് നിറതോക്കു ചൂണ്ടി കളക്ടറേറ്റിലെ തപാൽ വിഭാഗത്തിലെത്തിയ 84കാരൻ ഉദ്യോഗസ്ഥരോട് തർക്കിച്ചു. മൂവാറ്റുപുഴ മുടവൂർ സ്വദേശിയായ 84-കാരനാണ് എട്ട് ഉണ്ടകൾ നിറച്ച തോക്കുമായി കളക്ടറേറ്റിലെത്തിയത്. ഇദ്ദേഹത്തിന് സ്വയരക്ഷാർഥം റിവോൾവർ ഉപയോഗിക്കാൻ 2007 മുതൽകളക്ടർ ലൈസൻസ് നൽകിയിരുന്നു. പുതുക്കാനുള്ള അപേക്ഷയ്ക്കൊപ്പം പഴയ ലൈസൻസ് ഇദ്ദേഹം മേയ് 10-ന് കളക്ടറേറ്റിൽ നൽകിയിരുന്നു. അത് ചോദിച്ചാണ് നിറതോക്കുമായി ആൾ എത്തിയത്.
പുതുക്കാനുള്ള റിപ്പോർട്ടിനായി ലൈസൻസ് അയച്ചിരിക്കുകയാണെന്നു പറഞ്ഞെങ്കിലും, ഇയാൾ കൂട്ടാക്കിയില്ല. ഉണ്ടയുള്ള തോക്ക് കാഞ്ചിയിലിട്ട് കറക്കുന്നത് കണ്ടതോടെ ജീവനക്കാർ ഭയപ്പാടിലായി. സംഭവമറിഞ്ഞെത്തിയ മറ്റ് ജീവനക്കാർ തോക്ക് തന്ത്രപൂർവം വാങ്ങിയെടുത്തു. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ എറണാകുളം കളക്ടറേറ്റിലാണ് സംഭവം.
ലൈസൻസ് പുതുക്കുന്നതിനുള്ള റിപ്പോർട്ട് മൂവാറ്റുപുഴ താലൂക്കിലും പോലീസിനും കൈമാറിയിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചപ്പോൾ അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച രേഖകൾ തിരികെ നൽകണം എന്നായി. ആവശ്യമുണ്ടെങ്കിൽ തോക്ക് പരിശോധിച്ചോളൂ എന്ന് പറഞ്ഞാണ് ഉയർത്തിക്കാണിച്ചത്. നിറതോക്ക് ചൂണ്ടി രൂക്ഷമായി ഇടപെടുന്ന ആളെ കണ്ടപ്പോൾ തപാൽ സെക്ഷനിലെ ടൈപ്പിസ്റ്റുമാരായ ഷിനുവും റീനയും ഭയന്നു.
സംഭവം കണ്ട മറ്റ് ജീവനക്കാർ എ.ഡി.എം. എസ്. ഷാജഹാനെ വിവരം അറിയിച്ചു. ഇതിനിടെ കളക്ടറേറ്റ് ഹുസൂർ ശിരസ്തദാർ ജോർജ് ജോസഫിന്റെ നേതൃത്വത്തിൽ ഇദ്ദേഹത്തെ അനുനയിപ്പിച്ച് തോക്ക് വാങ്ങിയെടുത്ത് എ.ഡി.എമ്മിനു മുന്നിൽ ഹാജരാക്കി. തൃക്കാക്കര പോലീസെത്തി തോക്കും ഉണ്ടകളും കസ്റ്റഡിയിലെടുത്തു. പന്നീട് ബന്ധുക്കളെ വിളിച്ചു വരുത്തി ഇദ്ദേഹത്തെ പറഞ്ഞുവിട്ടതായി തൃക്കാക്കര സി.ഐ. ആർ. ഷാബു പറഞ്ഞു. വയോധികനു നൽകിയ തോക്ക് ലൈസൻസ് റദ്ദാക്കുമെന്ന് എറണാകുളം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ പിന്നീട് പറഞ്ഞു. നിറ തോക്കുമായി ഒരാൾ കളക്ടറേറ്റിൽ കടന്നുവന്നത് സുരക്ഷാ ഭീഷണിയാണെന്നാണ് വിലയിരുത്തൽ. കളക്ടറേറ്റ് സ്ഫോടനം നടന്നിട്ട് ചൊവ്വാഴ്ച 13 വർഷം തികയാനിരിക്കെയാണ് വീണ്ടും ഗുരുതരമായൊരു സുരക്ഷാ പിഴവ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..