പ്രതീകാത്മക ചിത്രം | PTI
ഭോപ്പാല്‍ (മധ്യപ്രദേശ്): വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസില്‍ 16 വയസ്സുകാരന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ റേവാ ജില്ലയിലെ കൈലാശ്പുരിയില്‍ 58-കാരിയെ കൊലപ്പെടുത്തിയ കേസിലാണ് സമീപവാസിയായ 16-കാരനെ പോലീസ് പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചതായും അതിക്രൂരമായാണ് വീട്ടമ്മയെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
ഫെബ്രുവരി ഒന്നാം തീയതിയാണ് വീട്ടമ്മയെ ഇവര്‍ താമസിക്കുന്ന കെട്ടിടത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കെട്ടിടത്തില്‍ നിര്‍മാണം നടക്കുന്ന ഭാഗത്ത് ശരീരമാസകലം മുറിവേറ്റനിലയിലായിരുന്നു മൃതദേഹം. സ്വകാര്യഭാഗങ്ങളില്‍ വടി കുത്തിക്കയറ്റുകയും ചെയ്തിരുന്നു.
ക്രൂരമായ ബലാത്സംഗത്തിന് ശേഷമാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ പോലീസിന് വ്യക്തമായിരുന്നു. ഇതിനിടെയാണ് സ്ത്രീയുടെ ബന്ധുക്കള്‍ സമീപവാസിയായ 16-കാരനെ സംശയമുണ്ടെന്ന മൊഴി നല്‍കിയത്. തുടര്‍ന്ന് ആണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.
കൊല്ലപ്പെട്ട സ്ത്രീയുടെ വീട്ടില്‍ പതിവായി ടി.വി. കാണാന്‍ വന്നിരുന്നയാളാണ് 16-കാരന്‍. രണ്ടുവര്‍ഷം മുമ്പ് സ്ത്രീയുടെ വീട്ടില്‍നിന്ന് മൊബൈല്‍ഫോണ്‍ മോഷണം പോയി. ടി.വി. കാണാനെത്തിയ 16-കാരനാണ് ഫോണ്‍ മോഷ്ടിച്ചതെന്നായിരുന്നു വീട്ടുകാരുടെ ആരോപണം. നാട്ടുകാര്‍ക്കിടയിലും ഈ സംഭവമറിഞ്ഞു. ഇതോടെ 16-കാരന് സ്ത്രീയുടെ കുടുംബത്തോട് കടുത്ത പകയായി. തന്നെ കള്ളനാക്കിയ വീട്ടമ്മയോട് പ്രതികാരം ചെയ്യണമെന്നും തീരുമാനിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് പറയുന്നത്.
ജനുവരി 30-ന് വീട്ടമ്മയുടെ ഭര്‍ത്താവും മകനും സ്ഥലത്തില്ലാതിരുന്ന സമയത്താണ് പ്രതി കൃത്യം നടത്തിയത്. വീട്ടില്‍ അതിക്രമിച്ച് കയറിയ 16-കാരന്‍ കട്ടിലില്‍ കിടക്കുകയായിരുന്ന 58-കാരിയെ ആദ്യം ആക്രമിക്കുകയായിരുന്നു. മല്‍പ്പിടിത്തത്തിലൂടെ വീട്ടമ്മയെ കീഴ്‌പ്പെടുത്തിയ പ്രതി ഇവര്‍ ബഹളംവെച്ചപ്പോള്‍ വായില്‍ പ്ലാസ്റ്റിക് കവറും തുണിയും തിരുകി. പിന്നീട് പ്ലാസ്റ്റിക് കവര്‍ കൊണ്ട് മുഖം മൂടിയ ശേഷം കയറും ഇലക്ട്രിക് വയറുകളും ഉപയോഗിച്ച് വരിഞ്ഞുമുറുക്കി കെട്ടി. ശേഷം വീട്ടില്‍നിന്നും വലിച്ചിഴച്ച് അതേ കെട്ടിടത്തിലെ മറ്റൊരു ഭാഗത്തേക്ക് കൊണ്ടുപോയി. ഇവിടെ ഒരു വാതിലിലാണ് സ്ത്രീയെ കെട്ടിയിട്ടത്. തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. ശ്വാസംമുട്ടി അവശയായതോടെ ക്രൂരമായി ബലാത്സംഗം ചെയ്തു. അരിവാള്‍ കൊണ്ട് തലയിലും കൈകളിലും കഴുത്തിലും നെഞ്ചിലും പരിക്കേല്‍പ്പിച്ചു. വടി കുത്തിക്കയറ്റി സ്വകാര്യഭാഗങ്ങളിലും മുറിവേല്‍പ്പിച്ചു. സ്ത്രീ കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ചതോടെ ഇവരുടെ വീട്ടില്‍നിന്ന് ആയിരം രൂപയും ആഭരണങ്ങളും കവര്‍ന്നാണ് പ്രതി രക്ഷപ്പെട്ടതെന്നും പോലീസ് പറഞ്ഞു.
ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകം, ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്ത 16-കാരനെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.
Content Highlights: 58 year old woman raped and killed by 16 year old boy in madhya pradesh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..