പ്രതി രാജീവ്
ഹരിപ്പാട്: താമല്ലാക്കല്‍ കൊച്ചന്റെ പറമ്പില്‍ കെ.ജെ. ഷാജി(52) കൊല്ലപ്പെട്ട കേസില്‍ അയല്‍വാസി താമല്ലാക്കല്‍ കൊച്ചുവീട്ടില്‍ രാജീവി(രാജി -45)നെ ഹരിപ്പാട് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ബിജു വി.നായര്‍ അറസ്റ്റ് ചെയ്തു. വീടിനുസമീപം മരിച്ചനിലയിലാണു ഷാജിയെ കണ്ടത്.
വീണു മരിച്ചതാണെന്നായിരുന്നു പ്രാഥമികനിഗമനം. സംശയമുന്നയിച്ച്് ഭാര്യ സുനിത പരാതിനല്കിയതിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണം നടത്തി കൊലപാതകം സ്ഥിരീകരിച്ചത്. ഫെബ്രുവരി 18-നാണ് ഷാജി കൊല്ലപ്പെട്ടത്. മൂന്നു ദിവസത്തിനുശേഷമാണ് മൃതദേഹം കണ്ടത്.
രാജീവിന്റെ ബന്ധുവീട്ടില്‍നിന്നു സംഭവദിവസം ഷാജി ഒരുകുല കരിക്ക് വെട്ടിയെടുത്തിരുന്നു. ഇതിന്റെ പേരില്‍ രാജീവും ഷാജിയും തമ്മില്‍ വാക്കേറ്റമുണ്ടായി. രാജീവ് വടികൊണ്ട് ഷാജിയുടെ പുറത്തും തലയിലും അടിച്ചെന്നാണ് പോലീസ് പറയുന്നത്. രാജീവിന്റെ വീടിനുമുന്നിലെ മതിലില്‍ ഇരുന്നാണത്രേ ഷാജി വഴക്കുണ്ടാക്കിയത്. അടികൊണ്ട് താഴേക്കുവീണ ഷാജി, അവിടെക്കിടന്നു മരിച്ചതായാണ് അന്വേഷണത്തില്‍ വ്യക്തമായത്.
പോസ്റ്റ്മോര്‍ട്ടത്തില്‍ തലയിലെ പരിക്ക് മരണകാരണമായെന്ന് തിരിച്ചറിഞ്ഞിരുന്നു. പോലീസിനുലഭിച്ച വിവരങ്ങളെ തുടര്‍ന്ന് ഇപ്പോള്‍ അറസ്റ്റിലായ രാജീവിനെയും മറ്റുരണ്ടുപേരെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുശേഷം ഞായറാഴ്ച ഉച്ചയോടാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ ബിജു വി.നായരുടെ മേല്‍നോട്ടത്തില്‍ എസ്.ഐ. രാജ്കുമാര്, എ.എസ്.ഐ. അബ്ദുള്‍ സത്താര്‍, വനിത പോലീസ് ഉദ്യോഗസ്ഥ മഞ്ജു, സിവില്‍ പോലീസ് ഓഫീസര്‍ നിസാമുദ്ദീന്‍, നിഷാദ് എന്നിവരാണ് കേസന്വേഷണം നടത്തിയത്.
സംസ്കാരത്തിന് മുന്നില്‍നിന്നതു പ്രതി
ഹരിപ്പാട്: കൊല്ലപ്പെട്ട ഷാജിയുടെ മൃതദേഹം സംസ്കരിക്കുന്നതിന് മുന്നില്‍നിന്നത് പ്രതിയായ രാജീവാണ്. സംസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ക്കെല്ലാം ഇയാള്‍ മുന്നിലുണ്ടായിരുന്നെന്ന് ഷാജിയുടെ ഭാര്യ സുനിത പോലീസിനെ അറിയിച്ചു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ആസമയത്ത് കൊലപാതകമാണെന്നു തിരിച്ചറിഞ്ഞിരുന്നില്ല. തലയിലും പുറത്തും അടിയേറ്റ പാടുണ്ടായിരുന്നതിനാല്‍ ബന്ധുക്കളില്‍ ചിലര്‍ സംശയം ഉന്നയിച്ചെന്നുമാത്രം. ഇതിനാല്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം വേണ്ടിവന്നേക്കുമെന്നതിനാല് മൃതദേഹം പെട്ടിയില്‍ അടക്കം ചെയ്യാനാണ് വീട്ടുകാര്‍ തീരുമാനിച്ചത്. തൊട്ടടുത്ത് വീടുകളുള്ളതിനാല്‍ മൃതദേഹം ദഹിപ്പിക്കണമെന്ന് രാജീവും മറ്റുചിലരും വാശിപിടിച്ചതായാണ് സുനിത പോലീസിനെ അറിയിച്ചിരിക്കുന്നത്. അടക്കം ചെയ്യുകയാണെങ്കില്‍ ഉപ്പുവിതറണമെന്നും ഇവര്‍ ആവശ്യപ്പെട്ടത്രേ. ബന്ധുക്കള്‍ ഇതിനു തയ്യാറായില്ല. ഷാജി വര്‍ഷങ്ങളായി വീട്ടുകാരുമായി പിണങ്ങി, ഒറ്റയ്ക്കാണ് താമസിച്ചുവന്നത്. തേങ്ങായിടുന്നതായിരുന്നു ജോലി. മദ്യപിക്കുന്ന ശീലമുള്ള ഇദ്ദേഹം സമീപവാസികളുമായി വഴക്കു പതിവായിരുന്നെന്നും പോലീസ് പറഞ്ഞു.
Content Highlights: 52 year old killed in harippad alappuzha accused arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..