പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
ന്യൂഡൽഹി: രാജ്യത്ത് 2020ൽ മാത്രം 47,221 പോക്സോ (Protection of Children from Sexual Offences Act) കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് കേന്ദ്രം. സി.പി.ഐ. എം.പി. എസ്. വെങ്കടേഷന്റെ ചോദ്യത്തിന് ലോക്സഭയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2020ൽ മാത്രം രാജ്യത്ത് 47,221 പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 36.6 ശതമാനം കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ലോക്സഭയിൽ സ്മൃതി ഇറാനി വ്യക്തമാക്കി. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം സംസ്ഥാനങ്ങളുടെ വിവരങ്ങളടക്കമായിരുന്നു കേന്ദ്രമന്ത്രി ലോക്സഭയിൽ വ്യക്തമാക്കിയത്.
ഏറ്റവും കൂടുതൽ പോക്സോ കേസ് റിപ്പോർട്ട് ചെയ്തത് ഉത്തർപ്രദേശിലാണ്. 6,898 കേസുകളാണ് യു.പിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പിന്നാലെ മഹാരാഷ്ട്ര (5,687 കേസുകൾ), മധ്യപ്രദേശ് (5,648 കേസുകൾ) റിപ്പോർട്ട് ചെയ്തു.
വിവരങ്ങൾ പ്രകാരം, ഉത്തർപ്രദേശിൽ ശിക്ഷിക്കപ്പെട്ടത് 70.7 ശതമാനം കേസുകളിലാണ്. മഹാരാഷ്ട്രയിൽ 30.9 ശതമാനവും മധ്യപ്രദേശിൽ 37.2 ശതമാനവുമാണ് ശിക്ഷിക്കപ്പെട്ട കേസുകൾ. രാജ്യത്ത് മണിപ്പൂരിൽ മാത്രമാണ് പോക്സോ കേസുകളിൽ 100 ശതമാനവും ശിക്ഷിക്കപ്പെട്ടത്. 2020 അവസാനത്തിൽ രാജ്യത്ത് 1,70,000 കേസുകൾ വിചാരണ ഘട്ടത്തിലായിരുന്നു. ഇത് 2018നേക്കാൾ 57.4 ശതമാനം (108,129 കേസുകൾ) കൂടുതലായിരുന്നു.
കേന്ദ്രഭരണപ്രദേശങ്ങളായ ലഡാക്ക്, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ 2020ൽ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല. ഗോവയും ഹിമാചൽപ്രദേശുമാണ് ഏറ്റവും കുറവ് പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ. അഞ്ച് കേസുകൾ വീതമാണ് ഈ രണ്ടു സംസ്ഥാനങ്ങളിലും റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് സ്മൃതി ഇറാനി ലോക്സഭയിൽ മറുപടി നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..