പിടികൂടിയ സ്വർണം | ഫോട്ടോ: മാതൃഭൂമി
കൊണ്ടോട്ടി: രണ്ടുമാസത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടിയത് 44 കിലോ കള്ളക്കടത്ത് സ്വർണം. 22.7 കോടി രൂപയുടെ സ്വർണമാണ് വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്റലിൻസ് വിഭാഗവും കോഴിക്കോട്ടെയും കൊച്ചിയിലെയും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും പോലീസും ചേർന്ന് പിടികൂടിയത്.
ദുബായ്, ദോഹ, ഷാർജ, ജിദ്ദ, ബഹ്റൈൻ, മസ്കറ്റ് എന്നിവിടങ്ങളിൽനിന്നെല്ലാം യാത്രക്കാർ കള്ളക്കടത്തായി സ്വർണം കൊണ്ടുവന്നിട്ടുണ്ട്. മിശ്രിതമാക്കി കാപ്സ്യൂൾ രൂപത്തിൽ ശരീരത്തിനകത്താക്കിയും മിക്സി, ഇസ്തിരിപ്പെട്ടി തുടങ്ങിയവയിൽ ഒളിപ്പിച്ചുമാണ് സ്വർണം കൊണ്ടുവന്നത്. കസ്റ്റംസ് ഏജൻസികൾക്കുപുറമെ വിമാനത്താവളത്തിനുപുറത്ത് പോലീസും പരിശോധന കർശനമാക്കിയതോടെ കരിപ്പൂർ വഴിയുള്ള സ്വർണക്കടത്ത് ഇടക്കാലത്ത് കുറഞ്ഞിരുന്നു.
കേന്ദ്രസർക്കാർ ഇറക്കുമതിത്തീരുവ 10.75 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിച്ചതോടെയാണ് സ്വർണക്കടത്ത് കുത്തനെ ഉയർന്നത്. രൂപയുടെ മൂല്യം ശോഷിക്കുന്നത് തടയാനായി ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ വർധിപ്പിച്ചത്. വിമാനത്താവള ടെർമിനലിനു പുറത്ത് പോലീസ് നടത്തിയ പരിശോധനയിൽ 15.1 കിലോ സ്വർണമാണ് രണ്ടുമാസത്തിനിടയിൽ പിടികൂടിയത്. 6.87 കോടിയോളം രൂപ വിലമതിക്കും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളും കുറ്റകൃത്യങ്ങളും വർധിച്ചതോടെയാണ് പോലീസ് ഈവർഷം ആദ്യംമുതൽ പരിശോധന കർശനമാക്കിയത്.
സ്വർണവുമായി എത്തുന്ന യാത്രക്കാരെ കൊണ്ടുപോകാനെത്തുന്നവരെയും വാഹനങ്ങളും പോലീസ് പിടികൂടാറുണ്ട്. പിടികൂടുന്ന സ്വർണവും പ്രതികളെയും കസ്റ്റംസിന് കൈമാറുകയാണു ചെയ്യാറ്. വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം 11.19 കിലോ സ്വർണമാണ് പിടികൂടിയത്. 6.15 കോടി രൂപയുടെ സ്വർണമാണിത്.
ഇതിനുപുറമെ കഴിഞ്ഞ തിങ്കളാഴ്ച മൂന്നു യാത്രക്കാരിൽനിന്നായി 2.964 കിലോ സ്വർണമിശ്രിതം പിടികൂടിയിരുന്നു. സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ കൂട്ടിയതോടെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്ത് വർധിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. തിങ്കളാഴ്ച കൊച്ചിയിലെയും കോഴിക്കോട്ടെയും കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ കരിപ്പൂരിൽ നടത്തിയ ഓപ്പറേഷൻ ടൊർണാഡോയിൽ 10 യാത്രക്കാരിൽനിന്നായി ഏഴുകിലോയോളം സ്വർണമാണ് പിടികൂടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..