പ്രതീകാത്മക ചിത്രം, മോഷ്ടിച്ചു കൊണ്ടു പോയ ടവറിന്റെ അവശിഷ്ടം | Photo: മാതൃഭൂമി, Screengrab/ Mathrubhumi News
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ കമ്പനികള്‍ സ്ഥാപിച്ച നിരവധി മൊബൈല്‍ ടവറുകള്‍ മോഷണം പോകുന്നതായി പരാതി. നിലവില്‍ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന 36 മൊബൈൽ ടവറുകൾ മോഷണം പോയതായി പരാതി ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തില്‍ ഇതിന്‍റെ എണ്ണം കൂടുമെന്നാണ് റിപ്പോർട്ട്. കമ്പനിയുടെ ആളുകൾ എന്ന് പറഞ്ഞെത്തിയവരാണ് പ്രവർത്തിക്കാതിരുന്ന ജി.ടി.എൽ. കമ്പനിയുടെ ടവറുകൾ മോഷ്ടിച്ചത്.
അമ്പത് ലക്ഷം രൂപ വരെ നിർമാണ ചെലവുവരുന്നതാണ് ഓരോ മൊബൈൽ ടവറും. 40 - 50 ഉയരത്തിൽ 501 മൊബൈൽ ടവറുകളാണ് ജി.ടി.എൽ. കമ്പനി സംസ്ഥാനത്ത് സ്ഥാപിച്ചത്. ഒരു ടവറിൽ മാത്രം 12 ടൺ ഇരുമ്പുണ്ട്. 2015 മുതൽ 250- ഓളം ടവറുകൾ പ്രവർത്തനം നടത്തുന്നുണ്ടായിരുന്നില്ല. പഴയ ഇരുമ്പ് അടക്കമുള്ളവ കച്ചവടംചെയ്യുന്നവരായിരിക്കാം ഇത്തരം ടവറുകള്‍ മോഷ്ടിക്കുന്നതെന്നാണ് നിഗമനം.
ആക്രി വിലയ്ക്ക് വിറ്റാൽ ഇത്തരം ടവറുകള്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപ ലഭിക്കും. ജനറേറ്റർ, ബാറ്ററി തുടങ്ങിയവും വിൽക്കാൻ പറ്റും. കമ്പനിയുടെ ആളുകളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പിന്റെ തുടക്കം. പ്രവർത്തനം നിലച്ചതിനാൽ ടവർ അഴിച്ചു കൊണ്ടു പോവുകയാണെന്ന് സ്ഥലം ഉടമകളോട് പറയും. രാവും പകലും സമീപത്ത് താമസിച്ചാണ് ഭീമൻ ടവറുകൾ മോഷ്ടിക്കുന്നത്. മൂന്ന് മീറ്ററുള്ള ഓരോ ടവർ ആങ്കിളുകളായാണ് ഊരിയെടുക്കുക.
50 മീറ്റർ ഉയരത്തിലുള്ള ടവർ പൊളിച്ചാൽ ഒരു ടോറസ് ലോറിയിൽ കൊണ്ടുപോകാവുന്ന സാധനങ്ങൾ ഉണ്ടാകും. മൂന്നോ നാലോ ദിവസത്തിനുള്ളിൽ ടവർ പൊളിച്ചു മാറ്റിക്കൊണ്ടുപോകുകയാണ് ചെയ്യുന്നത്. കമ്പനി പരാതി നൽകി പോലീസ് അന്വേഷണം ആരംഭിക്കുമ്പോഴാണ് നാട്ടുകാർ തന്നെ വിവരം അറിയുന്നത്. സംസ്ഥാനത്തെ മിക്കവാറും ജില്ലകളില്‍നിന്ന് ഇത്തരത്തില്‍ ടവറുകള്‍ മോഷണം പോയിട്ടുണ്ട്.
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മോഷണം പോയ ടവറുകളുടെ കണക്ക്
- തിരുവനന്തപുരം- 4,
- കോഴിക്കോട്- 4,
- പാലക്കാട്-3,
- തൃശ്ശൂർ- 3,
- എറണാകുളം- 3,
- ആലപ്പുഴ-2,
- കോട്ടയം- 2,
- കൊല്ലം- 2,
- കാസർകോട്- 1,
- വയനാട്- 1,
- മലപ്പുറം- 1
Content Highlights: 36 mobile tower missing in kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..