ഷൈനിത്ത്കുമാർ, പ്രശാന്ത്, മോക്ഷിത് ഷെട്ടി (Photo: Photo: Mathrubhumi)
കാസർകോട്: വിശപ്പുസഹിക്കാനാവാതെ ഭക്ഷണംകഴിക്കാൻ പണം കടംചോദിച്ചുചെന്ന പത്തൊന്പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സഹായംതേടിച്ചെന്ന പെൺകുട്ടിയെ പ്രദേശവാസിയായ യുവാവാണ് ആദ്യം പീഡിപ്പിച്ചത്. തുടർന്ന് പ്രണയംനടിച്ച് അയാൾ പല സ്ഥലത്തേക്കും കൊണ്ടുപോയി ലൈംഗികമായി ഉപയോഗിക്കുകയും മറ്റുള്ളവർക്ക് പങ്കുവെക്കുകയും ചെയ്തുവെന്ന് പെൺകുട്ടി പോലീസിന് മൊഴിനൽകി.
മയക്കുമരുന്ന് നൽകിയും പ്രലോഭിപ്പിച്ചും കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ കാസർകോട് വനിതാ പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റുചെയ്തു. പട്‍ളയിലെ ജെ. ഷൈനിത്ത്കുമാർ (30), ഉളിയത്തടുക്കയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന എൻ. പ്രശാന്ത് (43), ഉപ്പള മംഗൽപ്പാടിയിലെ മോക്ഷിത് ഷെട്ടി (27) എന്നിവരെയാണ് ഇൻസ്പെക്ടർ പി. ചന്ദ്രികയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. വിദ്യാനഗർ പോലീസ് സ്റ്റേഷൻപരിധിയിലാണ് സംഭവം.
സാമ്പത്തികപിന്നാക്കാവസ്ഥ ചൂഷണംചെയ്താണ് പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. ചെർക്കള, കാസർകോട്, മംഗളൂരു, തൃശ്ശൂർ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി ഒറ്റയ്ക്കും കൂട്ടമായും പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. ഒരുതവണ മയക്കുമരുന്ന് നൽകിയാണ് പീഡിപ്പിച്ചതെന്നും പരാതിയിൽ പറയുന്നുണ്ട്. തുടർച്ചയായുള്ള പീഡനം കാരണമുണ്ടായ ആരോഗ്യ-മാനസിക പ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സതേടിയപ്പോൾ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡനവിവരങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് കാസർകോട് വനിതാ പോലീസ് അന്വേഷണം തുടങ്ങി. അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.
Content Highlights: rape case, crime news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..