Illustration/ Mathrubhumi
കോഴിക്കോട്: ബിരുദ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ വഴിത്തിരിവ്. കേസില്‍ പിടിയിലായ കല്‍പ്പറ്റ കടുമിടുക്കില്‍ സ്വദേശി ജിനാഫ്(32) പന്തിരിക്കര ഇര്‍ഷാദ് വധക്കേസിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കടയിലെ ഇര്‍ഷാദിനെ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി പിന്നീട് കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ ഏഴാം പ്രതിയാണ് ജിനാഫ്.
19-കാരിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് ജിനാഫിനെ ചൊവ്വാഴ്ച കസ്റ്റഡിയില്‍ എടുത്തിരുന്നു. ഒളിവില്‍ കഴിയുകയായിരുന്ന ജിനാഫിനെ തമിഴ്‌നാട്ടില്‍നിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
പത്തൊമ്പതുകാരിയായ ബിരുദ വിദ്യാര്‍ഥിനിയെ സൗഹൃദം നടിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോയി എറണാകുളത്തെത്തിച്ച് പീഡിപ്പിച്ചശേഷം താമരശ്ശേരി ചുരത്തില്‍ ഇറക്കിവിട്ടുവെന്നായിരുന്നു യുവതിയുടെ മൊഴി. മേയ് 30-ന് കാണാതായ പെണ്‍കുട്ടിയെ ജൂണ്‍ ഒന്ന് വ്യാഴാഴ്ചയാണ് താമരശ്ശേരി ചുരത്തില്‍നിന്ന് കണ്ടെത്തിയത്. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വയനാട്ടില്‍ അന്നുതന്നെ തിരിച്ചില്‍ നടത്തിയിരിക്കുന്നെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്കെന്നു പറഞ്ഞിറങ്ങിയ പെണ്‍കുട്ടി തിരിച്ചെത്താത്തിനെത്തുടര്‍ന്ന് കോളേജ് അധികൃതര്‍ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് തിരോധാനവിവരം രക്ഷിതാക്കളും പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലുള്ളവരും അറിഞ്ഞത്. പിന്നാലെ പിതാവ് പോലീസില്‍ പരാതിനല്‍കുകയായിരുന്നു. വിദേശത്തേക്കുപോവുന്ന സുഹൃത്തിനെ യാത്രയാക്കാന്‍ ഒപ്പം കൊണ്ടുപോവുകയാണെന്നു പറഞ്ഞ് മുന്‍പരിചയമുണ്ടായിരുന്ന യുവാവ് എറണാകുളത്തേക്ക് കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് വിദ്യാര്‍ഥിനിയുടെ മൊഴി.
സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സൂപ്പിക്കട കോഴിക്കുന്നുമ്മല്‍ ഇര്‍ഷാദിന്റെ മൃതദേഹം തിക്കോടി കോടിക്കല്‍ കടപ്പുറത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. ആദ്യം ഇത് കൊയിലാണ്ടി മേപ്പയ്യൂര്‍ സ്വദേശി ദീപക്കിന്റേതാണെന്ന് കരുതി വീട്ടകാര്‍ക്ക് വിട്ടുനല്‍കി സംസ്‌കരിച്ചിരുന്നു. ഇര്‍ഷാദിന്റേത് മുങ്ങിമരണമെന്നായിരുന്നു പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്. ഇര്‍ഷാദിന്റെ കൈവശം സ്വര്‍ണ്ണം കൊടുത്തുവിട്ട കൈതപ്പൊയില്‍ ചീനിപറമ്പില്‍ മുഹമ്മദ് സ്വാലിഹ്, സഹോദരന്‍ ഷംനാദ്, പിണറായി മര്‍ഹബയില്‍ മര്‍സീദ് (32), പൊഴുതന ചിറക്കല്‍ സജീര്‍ (27), വൈത്തിരി ചെറുമ്പാല ഷഹീല്‍ (26), ഉവൈസ് എന്നിവരായിരുന്നു കേസില്‍ ജിനാഫിനെ കൂടാതെയുള്ള പ്രതികള്‍. ദുബായില്‍നിന്ന് മേയ് 13-ന് നാട്ടിലെത്തിയ ഇര്‍ഷാദ് പരന്തിരിക്കര സ്വദേശി ഷെമീറിനാണ് സ്വര്‍ണം കൈമാറിയത്. ഷെമീര്‍ എടുത്തുനല്‍കിയ വയനാട് വൈത്തിരിയിലെ ലോഡ്ജില്‍ ഇര്‍ഷാദ് താമസിക്കവേ സജീര്‍, ജിനാഫ് എന്നിവര്‍ കഞ്ചാവ് നല്‍കാമെന്ന് പറഞ്ഞ് മുറിയില്‍നിന്ന് പുറത്തിറക്കി ജൂലായ് നാലിന് തട്ടിക്കൊണ്ടുപോയി മുഹമ്മദ് സ്വാലിഹിനെ ഏല്‍പ്പിച്ചുവെന്നാണ് പോലീസ് കണ്ടെത്തല്‍.
Content Highlights: 19 year old degree student raped abandoned thamarassery churam accused panthirikkara irshad murder
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..