രാജേശ്വരി, വളർമതി, സുനീഷ്
കളമശ്ശേരി: കളമശ്ശേരിയില്‍ പതിനേഴുകാരനെ അമ്മയും അമ്മൂമ്മയും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ അമ്മയും അമ്മൂമ്മയും അമ്മയുടെ സുഹൃത്തായ യുവാവും അറസ്റ്റിലായി. തമിഴ്നാട് സ്വദേശിയായ 17-കാരന്റെ കൈ കമ്പിവടികൊണ്ട് അടിച്ചൊടിക്കുകയും ദേഹത്ത് കത്രിക കൊണ്ട് വരയുകയുമാണ് ചെയ്തത്. വിടാക്കുഴ രണ്ട് സെന്റ് കോളനി അരിമ്പാറ വീട്ടില്‍ രാജേശ്വരി (31), രാജേശ്വരിയുടെ അമ്മ വളര്‍മതി (49), രാജേശ്വരിയുടെ സുഹൃത്ത് സുല്‍ത്താന്‍ ബത്തേരി ചാപ്പക്കൊല്ലി വീട്ടില്‍ സുനീഷ് (32) എന്നിവരെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. രാജേശ്വരിയും വളര്‍മതിയുമാണ് കേസില്‍ ഒന്നും രണ്ടും പ്രതികള്‍. സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു.
രാജേശ്വരിയും സുഹൃത്തുമായുള്ള ബന്ധം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് ബാലനെ മൂവരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസുണ്ട്.
22-ന് രാവിലെ എട്ടുമണിയോടെ വീട്ടിലെ കിടപ്പുമുറിയില്‍ വെച്ചാണ് മര്‍ദനമേറ്റത്. രാജേശ്വരിയും മകനുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് കത്രിക എടുത്ത് മകന്റെ നെഞ്ചിലും വയറിലും വരഞ്ഞു. ഈ സമയം വളര്‍മതി ഇരുമ്പു വടിക്ക് തലയിലും രണ്ട് കൈയിലും തോളത്തും അടിച്ചു. ഇതോടെ വലതു കൈപ്പത്തിയില്‍ രണ്ടു പൊട്ടലുണ്ടായി. കൂടാതെ ഇരു കൈകളിലും തോളത്തും പരിക്കേല്‍ക്കുകയും ചെയ്തു. വലതു ചെന്നിയില്‍ കടിയേറ്റ മുറിവുമുണ്ട്.
വീട്ടില്‍നിന്ന് ഇറക്കിവിടുമെന്ന് ബാലനെ സുനീഷ് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂട്ടുകാരന്റെ സഹായത്തോടെ ബാലന്‍ ആലുവ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ ശേഷം നേരിട്ട് കളമശ്ശേരി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. കേസെടുത്ത പോലീസ് അമ്മയെയും അമ്മൂമ്മയെയും സ്റ്റേഷനില്‍ വരുത്തി ചോദ്യം ചെയ്തപ്പോള്‍ മര്‍ദിച്ചതായി ഇരുവരും സമ്മതിച്ചു. പിന്നീട് മൂവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു.
ജനുവരിയിലും സുനീഷ് ബാലനെ മര്‍ദിച്ചതായും പോലീസ് കണ്ടെത്തി. അന്ന് കഴുത്തില്‍ ഞെക്കി മതിലിനോട് ചേര്‍ത്തുപിടിച്ച് തലയില്‍ കീബോര്‍ഡ് കൊണ്ടും വടികൊണ്ടും അടിച്ചു പരിക്കേല്‍പ്പിച്ചു. ഭീഷണിപ്പെടുത്തി കാന്താരി മുളക് തീറ്റിക്കുകയും ചെയ്തു. പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ മര്‍ദിക്കാന്‍ ഉപയോഗിച്ച ഇരുമ്പുപൈപ്പ്, കത്രിക, കംപ്യൂട്ടര്‍ കീബോര്‍ഡ് എന്നിവ കണ്ടെടുത്തു.
Content Highlights: 17 year old boy brutally attacked by mother her boyfriend and grand mother
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..