Illustration/ Mathrubhumi
റായ്പുര്‍: പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി അറസ്റ്റില്‍. ഛത്തീസ്ഗഢിലെ ബേമേതരാ സ്വദേശിയായ 17-കാരനെയാണ് ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി അശ്ലീലവീഡിയോകള്‍ക്ക് അടിമയാണെന്നും ഇത്തരത്തിലുള്ള വീഡിയോ കണ്ടതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
ശനിയാഴ്ചയാണ് പത്തുവയസ്സുകാരിയെ സ്വന്തം വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നും വ്യക്തമായി. തുടര്‍ന്ന് നാട്ടുകാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പോലീസിന്റെ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
ഫോണില്‍ സ്ഥിരമായി അശ്ലീലവീഡിയോകള്‍ കാണുന്നയാളാണ് 17-കാരനെന്ന് പോലീസ് പറഞ്ഞു. സംഭവദിവസവും ഫോണില്‍ ഇത്തരത്തിലുള്ള വീഡിയോ കണ്ടിരുന്നു. ഇതിനുപിന്നാലെയാണ് വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി സംഭവം കുടുംബാംഗങ്ങളോട് പറയുമെന്ന ഭയത്തിലാണ് ഷാള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് കൊന്നത്. തുടര്‍ന്ന് മൃതദേഹം വീട്ടിനുള്ളില്‍ കെട്ടിത്തൂക്കിയ ശേഷം വീടിന്റെ ടെറസ് വഴി പ്രതി രക്ഷപ്പെടുകയായിരുന്നു.
17-കാരനെതിരേ കൊലപാതകത്തിന് പുറമേ പോക്സോ വകുപ്പുകള്‍ പ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ദുര്‍ഗ്ഗിലെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
Content Highlights: 17 year old boy arrested for raping and killing 10 year old girl in chattisgarh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..