അറസ്റ്റിലായ ജിനേഷ്, സുമേജ്, അരുൺ, അഭിജിത്, വിഷ്ണു, സിബി, അച്ചു അനന്തു
മലയിൻകീഴ് : പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവും പ്രായപൂർത്തിയാവാത്ത പ്ലസ് ടു വിദ്യാർഥിയും ഉൾപ്പെടെ എട്ടുപേരെ പോക്സോ നിയമപ്രകാരം മലയിൻകീഴ് പോലീസ് അറസ്റ്റു ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെൺകുട്ടിയെ ഉപദ്രവിച്ചെന്നാണ് കേസ്.
ഡി.വൈ.എഫ്.ഐ. വിളവൂർക്കൽ മേഖലാ കമ്മിറ്റി പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ജെ.ജിനേഷ്(29), തൃശ്ശൂർ കുന്ദംകുളം കോനത്തുവീട് മേത്തല എസ്.സുമേജ്(21), മലയം ചിത്തിരയിൽ എ.അരുൺ(മണികണ്ഠൻ-27), വിളവൂർക്കൽ തൈവിള തുണ്ടുവിള തുറവൂർ വീട്ടിൽ സിബി(20), ബ്യൂട്ടി പാർലർ നടത്തുന്ന പൂഴിക്കുന്ന പൊറ്റവിള വീട്ടിൽ വിഷ്ണു(23), വിഴവൂർ തോട്ടുവിള ഷാജി ഭവനിൽ അഭിജിത്ത്(26), മച്ചേൽ പ്ലാങ്കോട്ടുമുകൾ ലക്ഷ്മിഭവനിൽ അച്ചു അനന്തു (18) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായ പ്ലസ്ടു വിദ്യാർഥിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. കുന്ദംകുളം സ്വദേശി സുമേജ് ഒഴികേയുള്ള പ്രതികളെല്ലാം കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും വീഡിയോയിൽ പകർത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു.
രണ്ട് ബിരുദാനന്തര ബിരുദമുള്ള ജിനേഷ് ലഹരിക്കെതിരായ പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്നയാളാണ്. ഇയാൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെയും മറ്റുള്ളവർക്കു നൽകുന്നതിന്റെയും വീഡിയോയും പോലീസിനു ലഭിച്ചിട്ടുണ്ട്.
പീഡനക്കഥകൾ വെളിപ്പെട്ടത് വൈദ്യപരിശോധനയെ തുടർന്ന്
പെൺകുട്ടിയെ കാണാനില്ലെന്ന അമ്മയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനക്കഥകളുടെ ചുരുളഴിഞ്ഞത്. ഡിസംബർ രണ്ടിനാണ് കുട്ടിയുടെ അമ്മ മലയിൻകീഴ് പോലീസിന് പരാതി നൽകിയത്. വീട്ടിൽനിന്നു പുറപ്പെട്ട പെൺകുട്ടിയെ ഫോണിൽ കിട്ടാത്തതിനെ തുടർന്നാണ് അമ്മ പോലീസിനെ സമീപിച്ചത്.
പരാതി ലഭിച്ച ഉടൻ മലയിൻകീഴ് എസ്.എച്ച്.ഒ. പ്രതാപചന്ദ്രൻ സൈബർ സെല്ലിനെ വിവരമറിയിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. ആറുദിവസം മുൻപ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട തൃശ്ശൂർ കുന്ദംകുളം സ്വദേശി സുമേജിനെ കാണാനെത്തിയതായിരുന്നു പെൺകുട്ടി. തൃശ്ശുരിൽ കാറ്ററിങ് തൊഴിലാളിയാണിയാൾ. സുമേജിനൊപ്പം നാടുവിടാനുള്ള തീരുമാനത്തിലായിരുന്നു പെൺകുട്ടി. പോലീസെത്തുമ്പോൾ ഇരുവരും കണ്ടുമുട്ടിയിരുന്നില്ല.
ഇതിനുശേഷം സുമേജിനെ റെയിൽവേ സ്റ്റേഷനിൽ നിന്നു പോലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ ചിത്രം മറ്റുള്ളവർക്ക് കൈമാറിയതിനാണ് സുമേജിനെ പ്രതിയാക്കിയത്. തുടർന്ന് മെഡിക്കൽ പരിശോധന നടത്തിയപ്പോഴാണ് രണ്ടു വർഷമായി പലരിൽ നിന്നുമുണ്ടായ പീഡനത്തെക്കുറിച്ച് കുട്ടി ഡോക്ടറോട് പറഞ്ഞത്. സ്വന്തം വീട്ടിൽ തന്നെയാണ് പീഡനങ്ങൾ നടന്നതെന്ന് പെൺകുട്ടി പോലീസിനോടു പറഞ്ഞു. ആദ്യം പരിചയപ്പെട്ട ആളിൽനിന്ന് ഫോൺ നമ്പർ കൈക്കലാക്കിയാണ് മറ്റുള്ളവർ പെൺകുട്ടിയുമായി അടുക്കുന്നത്.
വാട്സാപ്പിലൂടെയും മറ്റും ചാറ്റ് ചെയ്താണ് ബന്ധങ്ങൾ തുടങ്ങിയിരുന്നത്. പലരും ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് പെൺകുട്ടിയെ കൂടുതൽ ചൂഷണം ചെയ്തെന്നും പോലീസ് സംശയിക്കുന്നു.
റൂറൽ ജില്ലാ പോലീസ് മേധാവി ഡി.ശില്പയുടെ നിർദ്ദേശമനുസരിച്ച് കാട്ടാക്കട ഡിവൈ.എസ്.പി. അനിൽകുമാറിന്റെയും മലയിൻകീഴ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.ജി.പ്രതാപചന്ദ്രന്റെയും നേതൃത്വത്തിൽ രൂപവത്കരിച്ച 15 അംഗ പ്രത്യേക സംഘമാണ് കേസന്വേഷണം നടത്തി വേഗത്തിൽ പ്രതികളെ പിടികൂടിയത്.
Content Highlights: 16 year old girl molestation case 8 arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..