ആഷിക്ക്, മൃതദേഹം കണ്ടെത്തിയ കിണർ
പത്തനംതിട്ട: രാത്രിയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ പതിനാറുകാരനെ തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. റാന്നി പുതുശ്ശേരി മനയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. റാന്നി അങ്ങാടി അലങ്കാരത്തില്‍ മുഹമ്മദ് ആഷിക്കാണ് മരിച്ചത്.
റാന്നിയിലെ സ്‌കൂളില്‍ പത്താംതരത്തില്‍ ഒപ്പംപഠിച്ചിരുന്ന വിദ്യാര്‍ഥിനിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതോടെ നേരിട്ട് കാണാനാണ് ആഷിക്ക് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. വീടിനോട് ചേര്‍ന്ന മറ്റൊരു സ്ഥലത്ത് സ്‌കൂട്ടര്‍വെച്ച ശേഷം നടന്നാണ് ആഷിക്ക് വീട്ടിലെത്തിയത്. ജനലില്‍ മുട്ടിവിളിച്ചപ്പോള്‍ പുറത്തേക്കുവന്ന പെണ്‍കുട്ടിയുടെ മാതാവ് തന്നെ കണ്ടുവെന്ന് ഉറപ്പാക്കിയതോടെ ആഷിക്ക് സ്ഥലത്തുനിന്ന് ഓടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
സമീപത്തെ ആള്‍താമസമില്ലാത്ത വീട്ടിലെ ഉപയോഗശൂന്യമായ കിണറ്റില്‍നിന്നാണ് ആഷിക്കിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിനുസമീപത്തുതന്നെ ആഷിക്ക് ഉപയോഗിച്ച സ്‌കൂട്ടറും കണ്ടെത്തിയിരുന്നു.
വീട്ടില്‍നിന്ന് പുറത്തേക്കുപോയ ആഷിക്കിനെ കാണാതായതോടെ ആഷിക്ക് പെണ്‍സുഹൃത്തിനെ കാണാന്‍ പോയിരിക്കാമെന്ന് ഇരട്ട സഹോദരന്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് ബന്ധുക്കളുടെ അന്വേഷണം പുതുശ്ശേരി മനയിലെത്തിയത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്തുനിന്ന് സ്‌കൂട്ടര്‍ കണ്ടെത്തിയതോടെ പരിസരമാകെ നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ പുറത്തെടുത്ത മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
അതേസമയം, ആഷിക്കിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Content Highlights: 16 year old boy found dead in well near girl friend house
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..