വാനില്‍ രഹസ്യഅറ, ചീഞ്ഞമീനും; 155 കിലോ കഞ്ചാവ് ആന്ധ്ര പോലീസ് കണ്ടില്ല, പെരിന്തല്‍മണ്ണയില്‍ കുടുങ്ങി


മുന്നിലായി മീന്‍പെട്ടികള്‍ അടുക്കിവെക്കുന്നതോടെ രഹസ്യ അറ ശ്രദ്ധയില്‍പ്പെടില്ലെന്നതാണ് കടത്തുസംഘത്തിന് തുണയായിരുന്നത്. കഞ്ചാവിന്റെ മണം പുറത്തുവരാതിരിക്കാന്‍ പെട്ടികളില്‍ പഴകിയ മീനും വെച്ചിരുന്നു.

പെരിന്തൽമണ്ണയിൽ കഞ്ചാവ് പിടിച്ചെടുത്ത വാഹനത്തിനുള്ളിലെ രഹസ്യ അറ. ഇൻസെറ്റിൽ അറസ്റ്റിലായ ഹർഷാദ്, മുഹമ്മദ് റാഹിൽ

പെരിന്തല്‍മണ്ണ: മീന്‍ വാഹനത്തില്‍ രഹസ്യ അറയുണ്ടാക്കി കടത്തിയ 155 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ പെരിന്തല്‍മണ്ണയില്‍ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മുഴുപ്പിലങ്ങാട് കൂളംബസാര്‍ സ്വദേശി കുരിക്കള്‍ വീട്ടില്‍ ഹര്‍ഷാദ് (25), തലശ്ശേരി വടക്കുംപാട് കാരാട്ടുകുന്ന് റിയ മന്‍സിലില്‍ മുഹമ്മദ് റാഹില്‍ (20) എന്നിവരെയാണ് പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്പെക്ടര്‍ സി. അലവി, എസ്.ഐ. എ.എം. മുഹമ്മദ് യാസിര്‍ എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി എം. സുജിത് ദാസിന്റെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശി ബൈപ്പാസ് റോഡില്‍ വ്യാഴാഴ്ച അര്‍ധരാത്രി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വലിയ പാക്കറ്റുകളായി അടുക്കിവെച്ച നിലയിലായിരുന്നു. പിക്കപ്പ് വാനിലെ മിനി കണ്ടെയ്നറില്‍ ഉണ്ടാക്കിയ രഹസ്യ അറയ്ക്ക് മുന്നില്‍ മീന്‍പെട്ടികള്‍ അടുക്കിവെച്ചിരുന്നു. പഴകിയ മീനും വെച്ചിരുന്നു. വിജയവാഡയില്‍ ആന്ധ്ര പോലീസ് പരിശോധിച്ചെങ്കിലും രഹസ്യ അറ കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് അന്വേഷണസംഘം പറഞ്ഞു. ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളില്‍നിന്ന് മീന്‍ കൊണ്ടുവരുന്ന കണ്ടെയ്നറുകളിലും മറ്റും ഒളിപ്പിച്ച് കഞ്ചാവ് വന്‍തോതില്‍ കേരളത്തിലേക്ക് കടത്തുന്ന സംഘങ്ങളെക്കുറിച്ച് ജില്ലാ പോലീസ് മേധാവിക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാര്‍, ഇന്‍സ്പെക്ടര്‍ അലവി എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം ഇത്തരം സംഘത്തിലെ കണ്ണികളെ നിരീക്ഷിച്ചിരുന്നു. സംഘത്തിലെ മുഖ്യകണ്ണികളായ ഇവരെ വാഹനത്തിന്റെ വിവരങ്ങള്‍ സഹിതം ശേഖരിച്ചുള്ള പരിശോധനയിലാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.വിജയവാഡയില്‍നിന്ന് മംഗളൂരു, കാസര്‍കോട്, കണ്ണൂര്‍ ഭാഗത്തേക്ക് ഏജന്റുമാര്‍ മുഖേന ആവശ്യമനുസരിച്ച് കമ്മീഷന്‍ വ്യവസ്ഥയില്‍ വലിയ അളവില്‍ കഞ്ചാവ് എത്തിച്ച് രഹസ്യകേന്ദ്രങ്ങളില്‍ സംഭരിക്കും. പിന്നീട് മറ്റ് ജില്ലകളിലേക്ക് ആവശ്യാനുസരണം എത്തിച്ചുകൊടുക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡും പെരിന്തല്‍മണ്ണ പോലീസും പരിശോധനയില്‍ പങ്കെടുത്തു.

മറയൊരുക്കി അറയും ചീഞ്ഞമീനും

പെരിന്തല്‍മണ്ണ: രഹസ്യ അറ. മുന്നില്‍ മീന്‍ പെട്ടികള്‍. അതില്‍ പഴകി ദുര്‍ഗന്ധമുണ്ടാക്കുന്ന മീനും. കഞ്ചാവിന്റെ കടത്ത് സുഗമമാക്കാന്‍ പ്രതികള്‍ ഉപയോഗിച്ച വഴി ഇതാണെന്ന് പോലീസ്.

155 കിലോഗ്രാം കഞ്ചാവ് കടത്തുന്നതിന് ഉപയോഗിച്ചത് പിക്കപ്പ് വാനില്‍ പ്രത്യേകം സജ്ജമാക്കിയ രഹസ്യ അറയായിരുന്നു. പെട്ടെന്ന് കണ്ടുപിടിക്കാനാവാത്ത വിധത്തില്‍ വാനിലെ കണ്ടെയ്നറിന്റെ കാബിനോട് ചേര്‍ന്നുള്ള ഭിത്തിയിലായിരുന്നു ഇത് നിര്‍മിച്ചിരുന്നത്. കണ്ടെയ്നറിന്റെ ഉള്‍വശം മറയ്ക്കാനുപയോഗിക്കുന്ന ഷീറ്റ് കൊണ്ടുതന്നെ അറയും മറച്ചിരുന്നു. വിടവുകള്‍ ലോഹപ്പട്ട ഉപയോഗിച്ച് സ്‌ക്രൂചെയ്ത് ഉറപ്പിച്ചു. ഇതിന് മുന്നിലായി മീന്‍പെട്ടികള്‍ അടുക്കിവെക്കുന്നതോടെ രഹസ്യ അറ ശ്രദ്ധയില്‍പ്പെടില്ലെന്നതാണ് കടത്തുസംഘത്തിന് തുണയായിരുന്നത്. കഞ്ചാവിന്റെ മണം പുറത്തുവരാതിരിക്കാന്‍ പെട്ടികളില്‍ പഴകിയ മീനും വെച്ചിരുന്നു.

പെരിന്തല്‍മണ്ണ പോലീസ് മീന്‍പെട്ടികള്‍ മാറ്റി. അറ മറച്ചിരുന്ന ഷീറ്റ് ഉറപ്പിച്ചിരുന്ന ആണികള്‍ അഴിച്ചെടുത്തതോടെയാണ് കഞ്ചാവ് കണ്ടെത്താനായത്. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് പാക്കറ്റുകളിലാക്കി അടുക്കിവെച്ചിരിക്കുകയായിരുന്നു. പ്രതികള്‍ പലതവണ ഇതേരീതിയില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് ചോദ്യംചെയ്യലില്‍ വ്യക്തമായതെന്ന് പോലീസ് പറയുന്നു. ആന്ധ്രയിലേക്ക് പോകുമ്പോള്‍ത്തന്നെ മീന്‍ വാങ്ങി പെട്ടിയിലിടുന്നു; ഇതോടെ തിരിച്ചെത്തുമ്പോഴേക്കും പഴകി ദുര്‍ഗന്ധമുണ്ടാക്കുമെന്നതും പരിശോധനകളില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗമായിരുന്നെന്ന് പോലീസ് പറഞ്ഞു.

കഞ്ചാവ് കടത്തിന് പുതുവഴികള്‍, തടയിട്ട് പോലീസ്

പെരിന്തല്‍മണ്ണ: ഇതരസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നതിന് കടത്തുസംഘം തേടുന്നത് പുതുവഴികള്‍. മുന്‍പ് തീവണ്ടിയിലും ദീര്‍ഘദൂര ബസ്സുകളിലും തോള്‍ ബാഗുകളിലാക്കിയാണ് കഞ്ചാവ് കൊണ്ടുവന്നിരുന്നത്. ഇത്തരം കടത്തുകാര്‍ കൂടുതലായി പിടിയിലാകുന്നത് ഏറിയതാണ് രീതിമാറ്റത്തിന് കാരണമെന്നാണ് പോലീസ് വിലയിരുത്തല്‍.

ഒഡിഷയില്‍നിന്ന് ലോറിയില്‍ കൊണ്ടുവന്ന 205 കിലോഗ്രാം കഞ്ചാവ് പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയത് കഴിഞ്ഞ നവംബറിലായിരുന്നു. ജില്ലയില്‍തന്നെ പോലീസ് നടത്തിയ വലിയ കഞ്ചാവ് വേട്ടകളിലൊന്നാണിത്. മൂന്നുപേരെയാണ് അന്ന് അറസ്റ്റുചെയ്തത്. ഈവര്‍ഷം ജനുവരിയില്‍ ആംബുലന്‍സില്‍ കടത്തിക്കൊണ്ടുവന്ന 46 കിലോഗ്രാം കഞ്ചാവും പെരിന്തല്‍മണ്ണയിലെ പ്രത്യേക അന്വേഷണസംഘം പിടികൂടിയിരുന്നു. മൂന്നുപേരെ ഈ കേസിലും അറസ്റ്റുചെയ്തു. ഒരുവര്‍ഷത്തിനിടെ മൂന്ന് പ്രധാന കേസുകളില്‍ മാത്രം 406 കിലോഗ്രാം കഞ്ചാവാണ് പെരിന്തല്‍മണ്ണയില്‍ പിടികൂടിയത്.

വാഹനത്തിന് രഹസ്യ അറയുണ്ടാക്കിയും അടിയന്തര വാഹനമായ ആംബുലന്‍സിലും ലോറിയിലും വരെ മാഫിയകള്‍ കഞ്ചാവ് കടത്തുന്നത് വലിയ അളവിലാണെന്നതാണ് പ്രത്യേകത. പരിശോധനകളില്‍ പിടിക്കപ്പെട്ടില്ലെങ്കില്‍ വലിയ അളവ് കഞ്ചാവ് ലക്ഷ്യസ്ഥാനത്തെത്തും. ഇതുവഴിയുള്ള സാമ്പത്തിക നേട്ടവും കൂടും. ചെറിയ അളവില്‍ കൊണ്ടുവരുമ്പോളും റിസ്‌ക് ഏകദേശം ഒരുപോലെയാണെന്നതാണ് സംശയിക്കാത്ത പുതിയ രീതിയില്‍ കഞ്ചാവ് കടത്തിന് സംഘങ്ങളെ പ്രേരിപ്പിക്കുന്നത്.

മുന്‍പ് കുഴല്‍പ്പണം കടത്തുന്നതിനായിരുന്നു വാഹനങ്ങളുടെ വിവിധ ഭാഗങ്ങളില്‍ രഹസ്യ അറകള്‍ നിര്‍മ്മിച്ചിരുന്നത്. ഇതേ സംവിധാനമാണ് കഞ്ചാവ് മാഫിയകളും ഇപ്പോള്‍ പിന്തുടരുന്നതെന്നാണ് അടുത്ത കാലത്തുണ്ടായ കഞ്ചാവ് വേട്ടകളില്‍ നിന്ന് വ്യക്തമാകുന്നത്. വന്‍തോതില്‍ കഞ്ചാവ് രഹസ്യകേന്ദ്രങ്ങളില്‍ സൂക്ഷിക്കുകയും പിന്നീട് വിതരണം നടത്തുകയുമാണ് സംഘങ്ങള്‍ ചെയ്യുന്നത്.

Content Highlights: 155 kg ganja seized in perinthalmanna malappuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented