പ്രതീകാത്മക ചിത്രം | ANI
മീററ്റ്: ഉത്തര്‍പ്രദേശില്‍ പതിനാല് വയസ്സുകാരനെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരിയുടെ സുഹൃത്തുക്കളായ രണ്ടുപേര്‍ അറസ്റ്റില്‍. നദീം, ഫര്മാന് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട 14-കാരന്റെ സഹോദരിയുടെ സുഹൃത്തുക്കളാണ് പ്രതികളെന്നും ഇവരുമായുള്ള സൗഹൃദം എതിര്‍ത്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.
ശനിയാഴ്ച ഉച്ചയോടെയാണ് മീററ്റിന്റെ പ്രാന്തപ്രദേശത്ത് കുട്ടിയുടെ മൃതദേഹം തലയില്ലാത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നാട്ടുകാരും പോലീസും കുട്ടിയുടെ തലയ്ക്കായി തിരച്ചില്‍ നടത്തി. ഒടുവില്‍ ശനിയാഴ്ച വൈകിട്ടോടെയാണ് കൊലപ്പെട്ട ആണ്‍കുട്ടിയെ തിരിച്ചറിഞ്ഞത്.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് 14-കാരന്റെ സഹോദരിയുടെ സുഹൃത്തുക്കളെക്കുറിച്ച് വിവരം ലഭിച്ചത്. മൂന്നുദിവസം മുമ്പ് ഇവര്‍ മകളെ തിരക്കി വീട്ടില്‍ വന്നതായി 14-കാരന്റെ മാതാപിതാക്കളും മൊഴി നല്കി.
പെണ്‍കുട്ടിയുടെ സൗഹൃദത്തെ എതിര്‍ത്ത വീട്ടുകാര്‍, പെണ്‍കുട്ടിയെ അടുത്തിടെ മുത്തശ്ശിയുടെ വീട്ടിലേക്ക് അയച്ചിരുന്നു. പിന്നാലെ നദീമും ഫര്‍മാനും മൂന്നദിവസം മുമ്പ് പെണ്‍കുട്ടിയെ തിരക്കി വീട്ടിലെത്തി. പെണ്‍കുട്ടിയുടെ മൂത്ത സഹോദരന് മറുപടി പറയാന്‍ വിസമ്മതിച്ചതോടെ പ്രതികള്‍ ഇയാളെ മര്‍ദിച്ചു. പിന്നാലെയാണ് 14-കാരനായ ഇളയ സഹോദരനെ പ്രതികള്‍ മാര്‍ക്കറ്റില്‍നിന്ന് തട്ടിക്കൊണ്ടുപോയതെന്നാണ് കുടുംബത്തിന്റെ പരാതി.
പോലീസ് നടത്തിയ അന്വേഷണത്തിലും കുടുംബം നല്കിയ മൊഴികള്‍ ശരിയാണെന്നാണ് കണ്ടെത്തിയത്. കൊല്ലപ്പെട്ട 14-കാരന് ഉള്‍പ്പെടെ വീട്ടുകാരെല്ലാം പെണ്‍കുട്ടിയുടെ സൗഹൃദത്തെ എതിര്‍ത്തിരുന്നു. സംഭവദിവസം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതികള്‍ പിന്നീട് 14-കാരനെ തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് സമീപത്തെ കാട്ടില്‍വെച്ച് കുട്ടിയെ ക്രൂരമായി മര്‍ദിച്ചു. പിന്നാലെ ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് പ്രതികള്‍ കുട്ടിയെ തലയറുത്ത് കൊലപ്പെടുത്തിയതാണെന്നും പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത രണ്ടുപ്രതികളെയും കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് അയച്ചതായും പോലീസ് അറിയിച്ചു.
Content Highlights: 14 year old boy beheaded in uttar pradesh by sisters friends
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..